രാംപുരഹട്ട്: ശസ്ത്രക്രിയയിലൂടെ യുവതിയുടെ വയറ്റിൽനിന്ന് നീക്കംചെയ്തത് ഒന്നര കിലോ സ്വർണവും 90 നാണയങ്ങളും. പശ്ചിമബംഗാളിലെ ബിർബൂമിലെ സർക്കാർ ആശുപത്രിയിൽ ബുധനാഴ്ചയാണ് ശസ്ത്രക്രിയ നടന്നത്. 29 വയസ്സുള്ള യുവതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി ഡോക്ടർ പറഞ്ഞു. മാല, മൂക്കുത്തി, കമ്മൽ, വളകൾ, പാദസരം തുടങ്ങിയ ആഭരണങ്ങളും അഞ്ച്, പത്ത് രൂപയുടെ 90 നാണയങ്ങളുമാണ് യുവതിയുടെ വയറ്റിൽനിന്ന് ശസ്ത്രക്രിയയിലൂടെ നീക്കിയത്. ആഭരണങ്ങളിൽ ചിലത് സ്വർണംകൊണ്ടുള്ളതാണ്. നാണയങ്ങളെല്ലാം ചെമ്പാണ്. രാംപുരഹട്ടിലെ സർക്കാർ മെഡിക്കൽ കോളേജിലാണ് ശസ്ത്രക്രിയ നടന്നത്. മർഗ്രാം സ്വദേശിയാണ് യുവതി. മകൾക്ക് മാനസികമായി അസ്വാസ്ഥ്യമുണ്ടായിരുന്നതായി യുവതിയുടെ അമ്മ പറയുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി അക്രമ വാസന കാട്ടുകയും വീട്ടുപകരണങ്ങൾ തകർക്കുകയും ചെയ്തിരുന്നു. അടുത്ത കാലത്തായ ഇവരുടെ വീട്ടിൽനിന്ന് ആഭരണങ്ങൾ കാണാതാകുന്നത് പതിവായിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചാൽ മകൾ കരച്ചിൽ ആരംഭിക്കും. അതിനാൽ അവളെ രഹസ്യമായി നിരീക്ഷിച്ചു. അങ്ങനെയാണ് ആഭരണങ്ങൾ വിഴുങ്ങുന്നുണ്ടെന്ന് മനസ്സിലായത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നെന്നും യുവതിയുടെ അമ്മ പറഞ്ഞു. ഒരാഴ്ചയോളം നീണ്ടുനിന്ന പരിശോധനകൾക്കും നിരീക്ഷണങ്ങൾക്കും ശേഷമാണ് യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. സിദ്ധാർഥ ബിശ്വാസ് പറഞ്ഞു. Content Highlights:Over 1.5 kg Ornaments, 90 Coins Removed from Bengal Womans Stomach
from mathrubhumi.latestnews.rssfeed https://ift.tt/2JNvKqd
via
IFTTT