ആലപ്പുഴ: കന്യാകുമാരിയിലെ തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രത്തിലെ കല്യാണച്ചടങ്ങിനിടെ ആനയുടെ ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട മാധ്യമപ്രവർത്തകൻ. ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ബോറിസ് ജോൺസണിന് അങ്ങനെയൊരു കഥ പറയാനുണ്ട്. 2003-ലായിരുന്നു സംഭവം. പത്രപ്രവർത്തകനായിരുന്ന ബോറിസ് അന്ന് എം.പി.യായിരുന്നു. ''ആനയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ട ബോറിസിനോട് ഞാൻ അന്നേ പറഞ്ഞിരുന്നു, നല്ല ഭാവിയുണ്ടെന്ന്. ഇപ്പോൾ അതുശരിയായി”- മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ എസ്. കൃഷ്ണകുമാറിന്റേതാണ് വാക്കുകൾ. ബോറിസ് ജോൺസൺ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് വർഷങ്ങൾക്കുമുമ്പുള്ള അദ്ദേഹവുമൊത്തുള്ള ഓർമകൾ കൃഷ്ണകുമാർ പങ്കുവെച്ചത്. കൃഷ്ണകുമാറിന്റെ മകൾ ഐശ്വര്യയുടെ വിവാഹത്തിനാണ് ബോറിസ് 2003-ൽ കേരളത്തിലും തമിഴ്നാട്ടിലുമായെത്തിയത്. ഐശ്വര്യയെ വിവാഹംചെയ്ത കബീർ സിങ് ബോറിസ് ജോൺസന്റെ ആദ്യഭാര്യയുടെ അനന്തരവനായിരുന്നു. ഇരുവരും അമേരിക്കയിൽ പഠിക്കുന്ന കാലത്ത് പരിചയപ്പെട്ടതാണ്. പരിചയം പിന്നീട് വിവാഹത്തിലെത്തി. വിവാഹവേദിയായതാകട്ടെ തിരുവട്ടാറിലെ ക്ഷേത്രവും. അവരുടെ കല്യാണദിവസം ആന വിരണ്ടു. ഒട്ടറെപ്പേർക്ക് പരിക്കേറ്റു. ബോറിസിനുമാത്രം ഒന്നുംപറ്റിയില്ല. ആനയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടുന്നവർ ഉയരങ്ങളിലെത്തുമെന്ന് ഒരു വിശ്വാസമുണ്ടെന്ന് അന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു. ഇക്കാര്യം ബോറിസ് ബ്രിട്ടനിലെത്തിയശേഷം തമാശരൂപേണ ഒരുലേഖനത്തിലെഴുതി. പക്ഷേ, കാലങ്ങൾക്കിപ്പുറം അത് സത്യമായി- കൃഷ്ണകുമാർ പറഞ്ഞു. അന്ന് കല്യാണശേഷം കോവളത്തും ആലപ്പുഴയിലുമൊക്കെ ഉല്ലാസയാത്ര നടത്തിയാണ് ബോറിസ് മടങ്ങിയത്. ആലപ്പുഴയിൽ പുരവഞ്ചിയിലായിരുന്നു യാത്ര. നാലുദിവസം കേരളത്തിലുണ്ടായിരുന്നു. ബ്രിട്ടനിലെത്തുമ്പോൾ ബോറിസിനെക്കണ്ട് പഴയ ആനക്കഥയൊക്കെ പങ്കുവെക്കാമെന്ന പ്രതീക്ഷയിലാണ് കൃഷ്ണകുമാർ. content highlights: boris johnson,british prime minister, Kerala, India
from mathrubhumi.latestnews.rssfeed https://ift.tt/2OhlQlb
via
IFTTT