കൊച്ചി:കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനമായി വർധിപ്പിച്ചതോടെ കള്ളക്കടത്ത് സ്വർണം കേരളത്തിലേക്ക് വൻതോതിൽ ഒഴുകുന്നു. കോടികളാണ് നികുതിയിനത്തിൻ ഇതുമൂലം സർക്കാരിന് നഷ്ടമാകുന്നത്. അനധികൃതമായി കച്ചവടം നടത്തുന്നവർ മാറ്റ് കുറഞ്ഞ സ്വർണം നൽകി ഉപഭോക്താക്കളെ വഞ്ചിക്കുകയും ചെയ്യുന്നു. ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് വൻ ലോബിയാണ് സ്വർണക്കള്ളക്കടത്ത് മേഖലയിൽ പ്രവർത്തിക്കുന്നത്. കടൽ മാർഗവും കര മാർഗവും വിമാന മാർഗവുമുള്ള സ്വർണക്കള്ളക്കടത്തിന്റെ ഹബ്ബായി കേരളം മാറിയിരിക്കുകയാണ്. 10 ശതമാനമായിരുന്നു സ്വർണത്തിന്റെ ഇറക്കുമതി തീരുവ. അതാണ് കേന്ദ്ര ബജറ്റിൽ 12.5 ശതമാനമായി വർധിപ്പിച്ചിരിക്കുന്നത്. ഇറക്കുമതി തീരുവയ്ക്കു പുറമെ ഇന്ത്യയിൽ സ്വർണത്തിന് മൂന്നു ശതമാനം ജി.എസ്.ടി. കൂടി നൽകണം. ഇതു കൂടിയാകുമ്പോൾ 15.5 ശതമാനത്തിന്റെ നികുതിവെട്ടിപ്പ് നടത്തി സ്വർണം വലിയ തോതിൽ വില കുറച്ച് നൽകാൻ കള്ളക്കടത്ത് സംഘങ്ങൾക്ക് കഴിയുന്നു. ബാങ്ക് റേറ്റ് അടിസ്ഥാനമാക്കിയാണ് രാജ്യത്തെ സ്വർണക്കച്ചവടക്കാർക്ക് വില്പനയ്ക്കായി സ്വർണം ലഭിക്കുന്നത്. ബാങ്ക് റേറ്റാണ് രാജ്യത്ത് സ്വർണത്തിന്റെ അടിസ്ഥാന വില. എന്നാൽ, ബാങ്ക് റേറ്റിനെക്കാളും ഗ്രാമിന് 100 മുതൽ 150 രൂപ വരെ വില കുറച്ച് നൽകാൻ കള്ളക്കടത്ത് ലോബികൾക്ക് കഴിയുന്നുണ്ട്. ഇത്തരത്തിൽ കള്ളക്കടത്ത് ലോബിയിൽനിന്ന് സ്വർണം വാങ്ങി നികുതി വെട്ടിച്ച് യാതൊരു ബില്ലും നൽകാതെ ഉപഭോക്താക്കൾക്ക് സ്വർണം വിൽക്കുന്ന നിരവധി അനധികൃത സ്വർണ വില്പനശാലകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. ഇന്ത്യയിൽ പ്രതിവർഷം 800-850 ടൺ സ്വർണം വിനിമയം ചെയ്യപ്പെടുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതിന്റെ മൂന്നോ നാലോ ഇരട്ടി സ്വർണം കള്ളക്കടത്തായി എത്തുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയിൽ പ്രതിവർഷം ഔദ്യോഗികമായി വിൽക്കപ്പെടുന്ന സ്വർണത്തിന്റെ 60 ശതമാനം ഇടപാടുകളും ദക്ഷിണേന്ത്യയിലാണ് നടക്കുന്നത്. അതിൽത്തന്നെ 30 ശതമാനം ഇടപാടുകളും നടക്കുന്നത് കേരളത്തിലാണ്. അതുകൊണ്ടാണ് സ്വർണക്കള്ളക്കടത്ത് ലോബി കേരളത്തെ പ്രധാന ഹബ്ബായി മാറ്റിയിട്ടുള്ളത്. സിങ്കപ്പൂർ, മലേഷ്യ, യു.കെ., യു.എസ്.എ., ആഫ്രിക്ക, ഗൾഫ് നാടുകൾ തുടങ്ങിയ രാജ്യങ്ങളിലെല്ലാംതന്നെ സ്വർണത്തിന് നാമമാത്രമായ നികുതിയാണുള്ളത്. ഈ രാജ്യങ്ങളിൽനിന്നാണ് പ്രധാനമായും സ്വർണം കള്ളക്കടത്തായി കേരളത്തിലേക്കും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്കുമെത്തുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2LCxGEl
via
IFTTT