Breaking

Tuesday, July 2, 2019

സെമി ഉറപ്പിക്കാന്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ; മൂന്ന് പേസര്‍മാരെ കളിപ്പിക്കാന്‍ സാധ്യത

ബർമിങ്ങാം: അതെല്ലാം മറന്നേക്കാം, ചൊവ്വാഴ്ച ജയിക്കാം, സെമിയിലേക്ക് കുതിക്കാം. ലോകകപ്പ് ക്രിക്കറ്റിൽ ചൊവ്വാഴ്ച ഇന്ത്യ ബംഗ്ലാദേശിനെതിരേ. ഞായറാഴ്ച ഇംഗ്ലണ്ടിനോട് 31 റൺസിന് തോറ്റ ബർമിങ്ങാമിലെ എഡ്ജ്ബാസ്റ്റൺ ഗ്രൗണ്ടിലാണ് ചൊവ്വാഴ്ചയും മത്സരം. ജയിച്ചാൽ ഇന്ത്യ സെമിയിലെത്തും. പക്ഷേ, ഇന്ത്യയോട് തോറ്റാൽ ബംഗ്ലാദേശ് സെമി കാണാതെ പുറത്താകും. അഞ്ച് തുടർവിജയങ്ങളുമായി ലോകകപ്പ് സെമിയുടെ വക്കിലെത്തിനിൽക്കേ ഇംഗ്ലണ്ടിനോട് തോറ്റ ഇന്ത്യയ്ക്ക് ഇനിയൊരു തോൽവി ഉൾക്കൊള്ളാനാകില്ല. ഈ ലോകകപ്പിലെ കറുത്ത കുതിരകളാകാൻ വന്ന്, അതിനനുസരിച്ച കളി കാഴ്ചവെച്ച ബംഗ്ലാദേശിനും വിട്ടുകൊടുക്കാൻ വയ്യ. ചതിക്കല്ലേ എഡ്ജ്ബാസ്റ്റൺ ഗ്രൗണ്ടിന്റെ പ്രത്യേകതയും ടോസും ഇംഗ്ലണ്ടിനെതിരായ തോൽവിയിൽ ഒരു കാരണമായതായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി പറഞ്ഞിരുന്നു. ചൊവ്വാഴ്ച ടോസ് തിരിഞ്ഞുവീഴണേയെന്ന് ടീം പ്രാർഥിക്കുന്നുണ്ടാകും. ഒരു ഭാഗത്ത് ബൗണ്ടറിയിലേക്ക് 59 മീറ്ററും മറുഭാഗത്ത് 82 മീറ്ററും ദൂരമുള്ള ഗ്രൗണ്ടിൽ, ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് അടിച്ചതുപോലെ ഉയർത്തിയടിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. അവസാന ഘട്ടത്തിൽ വിക്കറ്റ് അൽപ്പം സ്ലോ ആയി. സ്പിന്നർമാർക്ക് ഒട്ടും ആനുകൂല്യം കിട്ടിയതുമില്ല. ഇതെല്ലാം പരിഹരിച്ചുകൊണ്ടുവേണം ചൊവ്വാഴ്ച ഇറങ്ങാൻ. ഒരൊറ്റ ദിവസത്തെ ഇടവേളയ്ക്കുശേഷം ലോകകപ്പിൽ ഇന്ത്യ അടുത്ത മത്സരത്തിനിറങ്ങുന്നതും ആദ്യം. മാറ്റത്തിന് സാധ്യത ഞായറാഴ്ച എഡ്ജ്ബാസ്റ്റണിലെ പിച്ചിൽ ഇന്ത്യയുടെ രണ്ട് സ്പിന്നർമാർ വഴങ്ങിയത് 160 റൺസ്. ഇംഗ്ലണ്ടിന്റെ സ്പിന്നർ ആദിൽ റഷീദ് എറിഞ്ഞത് ആറ് ഓവർ മാത്രം. 44 ഓവറും ഇംഗ്ലണ്ട് പേസർമാരെക്കൊണ്ട് എറിയിച്ചു. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ എന്നിവർക്കുപുറമേ മറ്റൊരു പേസറെ പരീക്ഷിക്കാനില്ലാത്തത് കോലിക്ക് തിരിച്ചടിയായി. ഇതുകൂടി പരിഗണിച്ചാകും ചൊവ്വാഴ്ച ഇലവനെ ഇറക്കുക. പരിക്കുമാറിയ ഭുവനേശ്വർ കുമാർ ഉൾപ്പെടെ മൂന്ന് പേസർമാരെ കളിപ്പിക്കാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ സ്പിന്നർമാരായ യുസ്വേന്ദ്ര ചാഹൽ കുൽദീപ് യാദവ് എന്നിവരിലൊരാളെ മാറ്റിനിർത്തും. രണ്ടാം സ്പിന്നറായി ഓൾറൗണ്ടർ രവീന്ദ്ര ജഡേജ കളിച്ചേക്കാം. അങ്ങനെയെങ്കിൽ ആറാമനായ കേദാർ ജാദവും പുറത്താകും. ഇംഗ്ലണ്ടിനെതിരേ നാലാമനായി പരീക്ഷണാടിസ്ഥാനത്തിൽ ഇറങ്ങിയ ഋഷഭ് പന്തിനെ നിലനിർത്തുമെന്ന് സഹപരിശീലകൻ സഞ്ജയ് ബംഗാർ സൂചന നൽകി. ഇംഗ്ലണ്ടിനെതിരേ പൂജ്യത്തിന് പുറത്തായ ലോകേഷ് രാഹുലിനും ചെറിയ അസ്വാസ്ഥ്യമുണ്ട്. ഓപ്പണർ സ്ഥാനത്ത് രാഹുൽ കുറച്ചുകൂടി ഉത്തരവാദിത്തം കാണിച്ചില്ലെങ്കിൽ അടുത്ത മത്സരങ്ങളിൽ മായങ്കിന് നറുക്കുവീഴും. ബൗളിങ് കരുത്തിൽ ബംഗ്ലാദേശ് ഇടംകൈയൻ മുസ്താഫിസുർ റഹ്മാനും മുഹമ്മദ് സെയ്ഫുദ്ദീനുമാണ് ബംഗ്ലാദേശിന്റെ പേസ് ആക്രമണത്തിന്റെ ചുമതല. ഷാകിബ് അൽ ഹസൻ, മെഹ്ദി ഹസൻ, മൊസദേക് ഹുസൈൻ എന്നീ മികച്ച സ്പിന്നർമാരുമുണ്ട്. ഇന്ത്യയുടെ പേസർമാരായ ബുംറയും ഷമിയും മികച്ച ഫോമിലാണ്. Content HIghlights:india vs bangladesh,ICC Cricket World Cup 2019


from mathrubhumi.latestnews.rssfeed https://ift.tt/2RSbCWy
via IFTTT