തിരുവനന്തപുരം: പോലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ റാങ്ക് നേടിയ ശിവരഞ്ജിത്തും നസീമും ബിരുദാനന്തരബിരുദ പരീക്ഷകളിലെ മിക്ക സെമസ്റ്ററുകളിലും തോറ്റതിന്റെ രേഖകൾ പുറത്ത്. യൂണിവേഴ്‌സിറ്റി കോളേജിലെ സഹപാഠിയെ കുത്തിയ കേസിൽ റിമാൻഡിലാണ് ഇരുവരുമിപ്പോൾ. ആദ്യസെമസ്റ്ററുകളിൽ മിനിമം മാർക്കുപോലും വാങ്ങാൻ കഴിയാത്ത ശിവരഞ്ജിത്തിന് പോലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ഒന്നാംറാങ്കും നസീമിന് 28-ാം റാങ്കുമാണ് ലഭിച്ചത്. 2018-ലാണ് ശിവരഞ്ജിത്ത് ഒന്നാം സെമസ്റ്റർ പരീക്ഷ എഴുതിയത്. ഒന്നാം സെമസ്റ്ററിലെ നാലു പേപ്പറുകൾക്കും പരാജയപ്പെട്ടു. 2019-ൽ വീണ്ടും ഈ പരീക്ഷകളെഴുതിയെങ്കിലും ജയിച്ചില്ല.ആദ്യത്തെ തവണ ക്ലാസിക്കൽ ഇന്ത്യൻ ഫിലോസഫി പേപ്പറിന് നാല് മാർക്കാണ് കിട്ടിയത്. സപ്ലിമെന്ററി പരീക്ഷയിൽ ഈ പേപ്പറിന് 12 മാർക്കും ലഭിച്ചു. വെസ്റ്റേൺ ഫിലോസഫിക്ക് മൂന്നരമാർക്കും മൂന്നാം പേപ്പറിന് 13 മാർക്കും കിട്ടി. നാലാംപേപ്പർ മോറൽ ഫിലോസഫിക്ക് 46.5 മാർക്ക് ലഭിച്ചിട്ടുണ്ട്.ഇതിൽനിന്ന് വ്യത്യസ്തമല്ല നസീമിന്റെ മാർക്കുകളും. 2019-ൽ സെക്കൻഡ് സെമസ്റ്റർ സപ്ലിമെന്ററിയിൽ ഇന്റേണൽ 10 മാർക്കും തിയറിക്ക് പൂജ്യം മാർക്കുമാണ് ലഭിച്ചത്. മോഡേൺ വെസ്റ്റേൺ ഫിലോസഫി പേപ്പറുകൾ രണ്ടിനും പൂജ്യം. എന്നാൽ ഇന്റേണൽ മാർക്ക് കിട്ടിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2JVfJ1L
via
IFTTT