Breaking

Friday, July 26, 2019

ശ്രുതിയുടെ മരണത്തിന് ഏഴാണ്ട്: നീതികാത്ത് കുടുബം

ചെന്നൈ: സ്കൂൾ ബസിനുള്ളിലെ വിടവിലൂടെ വീണ് മലയാളി പെൺകുട്ടി മരിച്ചിട്ട് വ്യാഴാഴ്ച ഏഴുവർഷം പൂർത്തിയാകുന്നു. ഒറ്റപ്പാലം സ്വദേശി സേതുമാധവന്റെയും പ്രിയയുടെയും മകളായ ആറുവയസ്സുകാരി ശ്രുതിയാണ് 2012-ൽ ഇതേദിനത്തിൽ മരിച്ചത്. സേലയൂരിലെ സിയോൺ മെട്രിക്കുലേഷൻ സ്കൂളിൽ രണ്ടാംക്ലാസ് വിദ്യാർഥിയായിരുന്നു. സ്കൂൾബസിൽ വീട്ടിലേക്ക് മടങ്ങവേ വീട്ടിനടുത്തുള്ള മണിമംഗലം കൂട്ട് റോഡിൽ ഇറങ്ങാനായി ശ്രുതി എഴുന്നേറ്റുനടക്കവേ കാർഡ്ബോർഡ് ഉപയോഗിച്ച് മറച്ച ബസിന്റെ തറയിലെ വിടവിലൂടെ താഴേക്ക് വീണു. ബസിന്റെ മുൻവശത്തെ ചക്രത്തിനടിയിൽപ്പെട്ട് സംഭവസ്ഥലത്തുതന്നെ കുട്ടി മരിച്ചു. അമ്മയുടെ കൺമുന്നിൽവെച്ചായിരുന്നു ദുരന്തം. സംഭവം വൻ ജനരോഷത്തിന് ഇടയാക്കിയിരുന്നു. ഓടിക്കൂടിയ നാട്ടുകാർ അപകടമുണ്ടാക്കിയ ബസ് കത്തിക്കുകയും ചെയ്തു. വർഷങ്ങൾ പിന്നിടുമ്പോഴും നീതിതേടിയുള്ള പോരാട്ടത്തിലാണ് ശ്രുതിയുടെ മാതാപിതാക്കൾ. സംഭവത്തിൽ സ്കൂൾ ഉടമ വിജയനെ ഉൾപ്പെടെ പ്രതിയാക്കിയാണ് പോലീസ് ആദ്യം കേസെടുത്തത്. എന്നാൽ പിന്നീട് ബസ് വിജയന്റെ ഉടമസ്ഥതയിലുള്ളതല്ലെന്ന് കാട്ടി സേലയൂർ പോലീസ് പുതിയ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം അവസാനിപ്പിച്ചു. താംബരം കോടതിയിൽ പോലീസ് സമർപ്പിച്ച ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസിൽനിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിജയൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സ്കൂളിന്റെ നടത്തിപ്പുകാരനെന്നനിലയിൽ കേസിൽനിന്ന് വിജയനെ ഒഴിവാക്കാനാവില്ലെന്നാണ് ഹൈക്കോടതി വിധിച്ചത്. ഒരു കേസിൽ രണ്ട് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ പോലീസ് നടപടിയിലും ഹൈക്കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ശ്രുതിയുടെ മരണത്തിൽ സ്കൂൾ അധികൃതരുടെ പങ്ക് തെളിയിക്കുന്നതിനുള്ള കേസിൽ ചെങ്കൽപേട്ട് കോടതിയിൽ അവസാനവട്ട വാദം തുടരുകയാണ്. ഏഴുവർഷമായി കോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരുവർഷമായി കേസിൽ കാര്യമായ പുരോഗതിയുണ്ട്. നിയമപോരാട്ടം വിജയിക്കുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രുതിയുടെ അമ്മ പ്രിയ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/30SVsiT
via IFTTT