Breaking

Friday, July 5, 2019

നിർമലയുടെ ബജറ്റ് പെട്ടിയില്‍ എന്തൊക്കെയുണ്ടാവും?

അര നൂറ്റാണ്ടിനുശേഷം ഒരു വനിത, ബജറ്റുമായി പാർലമെന്റിലെത്തുകയാണ് ഇന്ന്... പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻ.ഡി.എ. സർക്കാരിന്റെ ആദ്യ ബജറ്റുമായി ധനമന്ത്രി നിർമല സീതാരാമൻ വെള്ളിയാഴ്ച പാർലമെന്റിലെത്തുമ്പോൾ അവരുടെ ബജറ്റ്പെട്ടിയിൽ എന്തൊക്കെയുണ്ടാകും...? 1970-ൽ ധനമന്ത്രാലയത്തിന്റെ കൂടി ചുമതലയുണ്ടായിരുന്ന അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കു ശേഷം ആദ്യമായാണ് ഒരു വനിത ബജറ്റ് അവതരിപ്പിക്കുന്നത്. വളർച്ചാമുരടിപ്പിൽ നിന്ന് സമ്പദ്ഘടനയെ കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെയാവും നിർമല ബജറ്റ് അവതരിപ്പിക്കുക. വായ്പകൾക്കും ഉത്പന്നങ്ങൾക്കും ഡിമാൻഡ് ഉയർത്താനായുള്ള നടപടികൾ ബജറ്റിലുണ്ടാകും. എന്നാൽ മാത്രമേ സമ്പദ്ഘടനയിൽ ഉണർവുണ്ടാകുകയുള്ളൂ. വിവിധ മേഖലകൾ ബജറ്റിൽ നിന്ന് പ്രതീക്ഷിക്കുന്നത് എന്തൊക്കെയാവും: ശമ്പളവരുമാനക്കാർ പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള ഇടക്കാല ബജറ്റിൽ അഞ്ച് ലക്ഷം രൂപ വരെയുള്ള വാർഷിക വരുമാനക്കാരെ ആദായ നികുതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പക്ഷേ, നികുതിവിധേയ വരുമാനം അതിന് മുകളിലായാൽ ഒരു നേട്ടവുമില്ല. അതിനാൽ, ഉയർന്ന വരുമാനക്കാർക്ക് കൂടി നികുതിയിൽ ഇളവ് നൽകുന്ന തരത്തിൽ സ്ലാബിൽ ആശ്വാസം നൽകിയേക്കും. നിലവിൽ അഞ്ചു ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 20 ശതമാനമാണ് ആദായ നികുതി. അത് 10 ശതമാനമാക്കണമെന്ന ആവശ്യം ശക്തമാണ്. മുകളിലേക്കുള്ള സ്ലാബുകളിലും ആനുപാതികമായി ഇളവ് പ്രതീക്ഷിക്കുന്നു. സെക്ഷൻ 80 സി പ്രകാരമുള്ള നിക്ഷേപങ്ങളും ചെലവുകളും ഒന്നരലക്ഷം രൂപയിൽ നിന്ന് രണ്ടര ലക്ഷം രൂപയാക്കണമെന്ന ആവശ്യവും ശക്തമാണ്. 2014-15-ന് ശേഷം ഇതിൽ മാറ്റമുണ്ടായിട്ടില്ല. ഇൻഷുറൻസ് പ്രീമിയം നിരക്ക് കൂടിവരുന്ന സാഹചര്യത്തിൽ 80 ഡി പ്രകാരം ലഭിക്കുന്ന ആനുകൂല്യം 25,000 രൂപയിൽ നിന്ന് ഉയർത്തിയേക്കും. റിയൽ എസ്റ്റേറ്റ് നോട്ട് നിരോധനം, ജി.എസ്.ടി. എന്നിവ ഒന്നിന് പുറകെ ഒന്നായി വന്നതോടെ റിയൽ എസ്റ്റേറ്റ് രംഗം മാന്ദ്യത്തിന്റെ പിടിയിലാണ്. ഈ മേഖലയ്ക്ക് കൂടുതൽ ഉണർവേകുന്നതിനായി ഭവനവായ്പയ്ക്ക് കൂടുതൽ ആദായ നികുതി ഇളവ് നൽകുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. ഭവനവായ്പയ്ക്കുള്ള പലിശ ഇനത്തിൽ ആദായ നികുതിയിൽ രണ്ടുലക്ഷം രൂപയുടെ ഇളവാണ് നിലവിലുള്ളത്. ഇത് ഉയർത്തുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. എന്നാൽ, രണ്ടാമത്തെ വീടിനുകൂടി ആനുകൂല്യം ലഭ്യമാക്കിയേക്കും. 'പ്രധാനമന്ത്രി ആവാസ് യോജന' (പി.എം.എ.വൈ.) പ്രകാരമുള്ള പലിശ സബ്സിഡിക്ക് അർഹമായ വീടുകളുടെ വിസ്തീർണം ഉയർത്തിയേക്കും. ചെലവുകുറഞ്ഞ പാർപ്പിടങ്ങൾക്ക് കൂടുതൽ ഇളവ് വേണമെന്ന് നിർമാണമേഖല ആവശ്യപ്പെടുന്നുണ്ട്. ഒരു വീട് വിറ്റ് കിട്ടുന്ന മൂലധനനേട്ടം ഉപയോഗിച്ച് രണ്ട് വീട് വാങ്ങാനുള്ള അവസരവും ബജറ്റിൽ പ്രഖ്യാപിച്ചേക്കും. ഇതിന്റെ പരിധി രണ്ടുകോടി രൂപയിൽ നിന്ന് ഉയർത്താനും ഇടയുണ്ട്. വ്യവസായം വ്യാവസായിക ഉത്പാദനം ഉയർത്താനായി ചെറുകിട-ഇടത്തരം വ്യവസായ മേഖലയ്ക്ക് അനുകൂലമായ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകും. കോർപ്പറേറ്റ് ടാക്സ് നിലവിലുള്ള 25 ശതമാനത്തിൽ നിന്ന് 20 ശതമാനമായെങ്കിലും കുറയ്ക്കുമെന്നാണ് കരുതുന്നത്. വൻകിട കമ്പനികളുടേത് 30 ശതമാനത്തിൽ നിന്ന് 25 ശതമാനമായെങ്കിലും താഴ്ത്തിയേക്കും. യന്ത്രവത്കരണം പ്രോത്സാഹിപ്പിച്ചതുപോലെ ഡിജിറ്റൽവത്കരണത്തിനായി പ്രത്യേക സഹായ പദ്ധതികൾ അവതരിപ്പിച്ചേക്കും. വിപണനം, ബ്രാൻഡിങ് എന്നിവയ്ക്കും കൈത്താങ്ങുണ്ടാകുമെന്ന് കരുതുന്നു. കൃഷി രാജ്യത്തെ എല്ലാ കർഷകർക്കും പ്രതിവർഷം 6,000 രൂപ നൽകുന്ന 'പ്രധാനമന്ത്രി കൃഷിസഹായ പദ്ധതി' ഈ മേഖലയിൽ ഉണർവുണ്ടാക്കിയിട്ടുണ്ട്. മഹാരാഷ്ട്ര, ഹരിയാണ എന്നിവിടങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കുന്ന സാഹചര്യത്തിൽ സഹായധനം 8,000 രൂപയെങ്കിലുമായി ഉയർത്തിയേക്കും. പല ഭാഗങ്ങളിലും ഇത്തവണ മഴ കുറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ കാർഷിക മേഖലയ്ക്ക് കൂടുതൽ ഉത്തേജന പദ്ധതികൾ ആവശ്യമാണ്. കാർഷിക മേഖലയ്ക്ക് വ്യവസായപദവി നൽകുന്ന കാര്യം, മുമ്പ് വാണിജ്യ മന്ത്രിയായിരുന്ന നിർമല സീതാരാമൻ പരിഗണിച്ചേക്കും. സ്റ്റാർട്ട് അപ്പ് 'മാന്ദ്യത്തിനിടയിലും രാജ്യത്തിന്റെ സമ്പദ്ഘടനയിൽ ഉണർവുണ്ടാക്കുന്ന മേഖലയാണ് സ്റ്റാർട്ട് അപ്പ്. എന്നാൽ, വളർന്നുവരുന്ന സംരംഭങ്ങളുടെമേൽപ്പോലും ഉയർന്ന നികുതി ചുമത്തുന്ന രീതിയാണ് രാജ്യത്തുള്ളത്. ഇത് ഒഴിവായാൽ വൻകിട നിക്ഷേപകർ ഇനിയും ഇന്ത്യയിലെ സ്റ്റാർട്ട് അപ്പുകളിൽ വൻതോതിൽ മുതൽമുടക്കും. ഇത് ബോധ്യപ്പെട്ടാൽ 'ഏഞ്ചൽ നികുതി' ഉൾപ്പെടെ സ്റ്റാർട്ട് അപ്പുകളുമായി ബന്ധപ്പെട്ട നികുതികളിൽ ഇളവുണ്ടാകും.


from mathrubhumi.latestnews.rssfeed https://ift.tt/2KZG00h
via IFTTT