Breaking

Wednesday, August 21, 2019

മുടന്തുന്നു കിഫ്ബി: അംഗീകാരം 45,000 കോടിക്ക്; തുടങ്ങിയത് 7031 കോടിയുടെ പദ്ധതികൾ മാത്രം

തിരുവനന്തപുരം: അടിസ്ഥാനസൗകര്യ വികസന നിധി (കിഫ്ബി) യിൽ 45,380.37 കോടി രൂപയുടെ പദ്ധതികൾ അനുവദിച്ചെങ്കിലും നിർമാണം തുടങ്ങിയത് 7031 കോടിയുടെ പദ്ധതികൾമാത്രം. 558 പദ്ധതികൾക്ക് അംഗീകാരം നൽകിയെങ്കിലും നിർമാണം തുടങ്ങിയത് 228 പദ്ധതികൾമാത്രം. പദ്ധതികൾക്ക് അംഗീകാരം നൽകൽ ലക്ഷ്യത്തിലേക്കടുക്കുമ്പോഴും നിർവഹണം മന്ദഗതിയിലാണ്. 50,000 കോടിയുടെ പദ്ധതികളാണ് ലക്ഷ്യമിട്ടത്. ടെൻഡർ വിളിച്ചത് 10,600 കോടിയുടെ 315 പദ്ധതികൾക്ക്. ഇതുവരെ 2300 കോടിരൂപയാണ് കരാറുകാർക്ക് നൽകിയത്. അഞ്ചുവർഷംകൊണ്ട് 50,000 കോടി രൂപ സമാഹരിച്ച് അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് ചെലവാക്കാനാണ് ഈ സർക്കാർ കിഫ്ബിയെ വികസിപ്പിച്ചത്. ഭൂമിയേറ്റെടുക്കാൻ അനുവദിച്ച 14,275.17 കോടി ഉൾപ്പെടെയാണ് 45,380 കോടിയുടെ പദ്ധതികൾ അംഗീകരിച്ചത്. കിഫ്ബി നടപടികൾ വേഗത്തിൽ നീങ്ങുമ്പോഴും പദ്ധതിനിർവഹണത്തിനു വേഗംപോരെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. പദ്ധതികൾ നടപ്പാക്കേണ്ട ഇൻകെൽ, റോഡ് ഫണ്ട് ബോർഡ് പോലുള്ള ഏജൻസികൾക്ക് വേണ്ടത്ര ആൾശേഷിയില്ലാത്തതാണ് പ്രശ്നം. ഈവർഷം അവസാനത്തോടെ 30,000 കോടിയുടെ പദ്ധതികൾ തുടങ്ങാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. അടുത്തവർഷമാകുമ്പോൾ 50,000 കോടിയുടെ പദ്ധതികളും തുടങ്ങും. എന്നാൽ, എല്ലാ പദ്ധതികളും രണ്ടുവർഷത്തിനകം പൂർത്തിയാവില്ല. തീരദേശ ഹൈവേ പോലുള്ള പദ്ധതികൾ പൂർത്തിയാക്കാൻ കൂടുതൽ വർഷങ്ങളെടുക്കും. വിവിധതരം ഫണ്ടും വായ്പകളുമായി 50,000 കോടി സമാഹരിക്കാൻ തീരുമാനിച്ചെങ്കിലും ഇപ്പോൾ കിഫ്ബിക്ക് സർക്കാർ നൽകിയതും കരാറായ വായ്പകളും ഉൾപ്പെടെ 11,000 കോടി രൂപയുണ്ട്. മോട്ടോർവാഹന നികുതിയിൽനിന്നും പെട്രോൾ സെസിൽനിന്നും 6830 കോടി രൂപയാണ് സർക്കാർ നൽകിയത്. പണം ആവശ്യമായിവരുന്ന മുറയ്ക്കേ വായ്പകൾ എടുക്കൂവെന്ന് മന്ത്രി പറഞ്ഞു. വായ്പയെടുത്ത് കൈയിൽവെച്ചാൽ അതിന് പലിശ കൊടുക്കേണ്ടി വരുമെന്നതിനാലാണിത്. കിഫ്ബി കണക്കുകൾ പദ്ധതി ലക്ഷ്യം 50,000 കോടി അനുവദിച്ചത് 45,380.37 കോടി അനുവദിച്ച പദ്ധതികൾ 588 ടെൻഡർ വിളിച്ചത് 315 നിർമാണം തുടങ്ങിയത് 228 പദ്ധതികൾ ചെലവിട്ടത് 2300 കോടി വരുമാനം ഇതുവരെ കിട്ടിയത് 11,000 കോടി സർക്കാർ നൽകിയത് 6830 കോടി മസാലാ ബോണ്ട്, വായ്പകൾ 4170 കോടി പദ്ധതികൾ വേഗത്തിലാക്കും വിചാരിച്ചത്ര വേഗം പദ്ധതി നിർവഹണത്തിലുണ്ടായില്ല. തടസ്സങ്ങൾ പരിഹരിക്കാൻ പല രീതിയിൽ ഇടപെട്ട് പദ്ധതികൾ വേഗത്തിലാക്കും. പൊതുമരാമത്ത് വകുപ്പിൽ 200 എൻജിനിയർമാരെ പുതുതായി നിയമിച്ചു. മറ്റ് ഏജൻസികൾക്ക് കിഫ്ബി സാങ്കേതിക സഹായം നൽകും -ധനമന്ത്രി ഡോ. തോമസ് ഐസക് content highlights;kiifb


from mathrubhumi.latestnews.rssfeed https://ift.tt/2TO25k9
via IFTTT