കാഞ്ഞാണി: മകൻ മുറിയിൽ പൂട്ടിയിട്ട വയോധികയെ അന്തിക്കാട് പോലീസിന്റെ നേതൃത്വത്തിൽ രക്ഷിച്ച് ആശുപത്രിയിലാക്കി. ചാഴൂർ പഞ്ചായത്ത് മൂന്നാംവാർഡിൽ വേലുമാൻപടിയിലെ കരിക്കന്ത്ര വീട്ടിൽ മല്ലിക (73)യെയാണ് പോലീസ് ആശുപത്രിയിലാക്കിയത്. 15 സെന്റിൽ ഇടിഞ്ഞുവീഴാറായ വീട്ടിലാണ് ഇവർ കഴിഞ്ഞിരുന്നത്. മകൻ ജ്യോതി ആഹാരംപോലും നൽകാതെ അമ്മയെ പൂട്ടിയിടുകയായിരുന്നുവെന്നാണ് പരാതി. ഇവരുടെ മകളുടെ പരാതിയെത്തുടർന്നാണ് അന്തിക്കാട് എസ്.ഐ. സുജിത്ത് ജി. നായരും സംഘവും വീട്ടിലെത്തുന്നത്. അമ്മയെ കാണാനെത്തുന്നവരെ മകൻ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി മടക്കി അയയ്ക്കുമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. പോലീസ് എത്തുന്നതറിഞ്ഞ് ഇയാൾ മുങ്ങി. സ്നേഹിത കോ-ഓർഡിനേറ്റർ ദീപ, കുടുംബശ്രീ ചെയർപേഴ്സൺ ജിജി പ്രദീപ്, ചാഴൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി കനകജരാജ്, പഞ്ചായത്ത് അംഗം സുജാത അരവിന്ദാക്ഷൻ എന്നിവരെത്തി. തുടർന്ന് പോലീസുകാർ മല്ലികയെ താങ്ങിയെടുത്ത് കസേരയിലിരുത്തി റോഡിലെത്തിച്ചശേഷം ആലപ്പാട് ഗവൺമെന്റ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആരോഗ്യം വീണ്ടെടുത്തുകഴിഞ്ഞാൽ സ്നേഹിത ഹെൽപ്പ് ഡെസ്ക് വഴി ഇവരെ രാമവർമപുരത്തെ അഗതിമന്ദിരത്തിലേക്ക് മാറ്റുമെന്ന് ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2Xj14km
via
IFTTT