Breaking

Sunday, July 14, 2019

ലോര്‍ഡ്‌സില്‍ അവസാന ചിരി ആരുടേതാകും? കന്നിക്കിരീടത്തിനായി പോരാട്ടം

ലണ്ടൻ: ക്രിക്കറ്റിന്റെ തറവാട്ടിൽ ഇന്ന് കളിയുടെ പെരുങ്കളിയാട്ടം. ഒന്നരമാസവും 47 മത്സരങ്ങളും നീണ്ട പരീക്ഷണങ്ങൾക്കൊടുവിൽ ന്യൂസീലൻഡും ഇംഗ്ലണ്ടും കലാശക്കൊട്ടിന് നേർക്കുനേർ. ഞായറാഴ്ച രാത്രിയോടെ പുതിയ ചാമ്പ്യന്റെ എഴുന്നള്ളത്ത്. പന്ത്രണ്ടാമത് ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഞായറാഴ്ച, ക്രിക്കറ്റിന്റെ തറവാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ. ആരുജയിച്ചാലും ചരിത്രം ആതിഥേയരായ ഇംഗ്ലണ്ടും ന്യൂസീലൻഡും ഇതുവരെ ലോകകിരീടം നേടിയിട്ടില്ല. അതുകൊണ്ടുതന്നെ ആരുജയിച്ചാലും പുതിയൊരു ചാമ്പ്യൻ പിറക്കുമെന്നുറപ്പ്. ഓസ്ട്രേലിയ, ഇന്ത്യ, വെസ്റ്റിൻഡീസ്, പാകിസ്താൻ, ശ്രീലങ്ക എന്നിവർക്കുപുറമേ മറ്റൊരു ചാമ്പ്യൻ ടീമുണ്ടാകും. ക്രിക്കറ്റ് കളിയുടെ തുടക്കക്കാരായ ഇംഗ്ലണ്ടിന് ഇത് നാലാം ഫൈനലാണെങ്കിൽ ന്യൂസീലൻഡ് രണ്ടാം തവണയാണ് ഫൈനലിലെത്തുന്നത്. ഇംഗ്ലണ്ട് അവസാനമായി ഫൈനൽ കളിച്ചത് 1992-ൽ. നിലവിൽ റണ്ണറപ്പായ നൂസീലൻഡ് 2015 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് തോൽക്കുകയായിരുന്നു. 27 വർഷം മുൻപാണ് ഇംഗ്ലണ്ട് അവസാനമായി ലോകകപ്പ് ഫൈനൽ കളിച്ചത്. 1979, 1987, 1992 ലോകകപ്പുകളിലെ കലാശപ്പോരാട്ടത്തിലാണ് അവർക്ക് പിഴച്ചത്. തിരിച്ചുവരവ് ഇക്കുറി ന്യൂസീലൻഡ്, ഇംഗ്ലണ്ട് ടീമുകളുടെ ഫൈനൽ പ്രവേശനത്തിൽ ഏറെ സാമ്യതകളുണ്ട്. ലോകറാങ്കിങ്ങിൽ ഒന്നാമതുള്ള ഇംഗ്ലണ്ട് ടൂർണമെന്റ് തുടങ്ങുംമുമ്പേ ഫേവറിറ്റുകളായിരുന്നു. എന്നാൽ, പ്രാഥമികഘട്ടത്തിൽ മൂന്ന് കളികൾ തോറ്റതോടെ, ഒരുഘട്ടത്തിൽ സെമികാണാതെ മടങ്ങുമെന്ന സ്ഥിതിയിലായി. അവസാനത്തെ രണ്ടുമത്സരങ്ങളിൽ ഇന്ത്യയെയും ന്യൂസീലൻഡിനെയും തോൽപ്പിച്ച് സെമി ഉറപ്പിച്ചു. പ്രാഥമികഘട്ടത്തിൽ ഒന്നാം സ്ഥാനത്തുനിൽക്കെ അവസാനത്തെ മൂന്നുകളികൾ തോറ്റ ന്യൂസീലൻഡും ഒടുവിൽ സെമികാണാതെ പുറത്താകുമെന്ന ആശങ്കയുണർന്നു. പാകിസ്താനുമായി പോയന്റിൽ തുല്യതപാലിച്ച കിവീസ്, മികച്ച റൺറേറ്റിന്റെ അടിസ്ഥാനത്തിലാണ് അവസാനനാലിലെത്തിയത്. സെമിയിൽ ആധികാരികം സെമിഫൈനലിലെത്തിയതോടെ രണ്ടുടീമുകളും അവരുടെ കഴിവിന്റെ പരമാവധിയിലേക്കുയർന്നു. കനത്തപോരാട്ടത്തിൽ ഇന്ത്യയെ ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും പിന്നിലാക്കി ന്യൂസീലൻഡ് ഫൈനൽ ടിക്കറ്റെടുത്തു. നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയയ്ക്ക് ഒരു അവസരവും നൽകാതെ ഇംഗ്ലണ്ടും സെമിജയിച്ചു. ഓപ്പണർ ജേസൺ റോയിക്ക് ടൂർണമെന്റിനിടയിൽ പരിക്കേറ്റതോടെ ഇംഗ്ലണ്ട് ഒന്ന് പരുങ്ങിയിരുന്നു. എന്നാൽ, പൂർവാധികം ശക്തിയോടെ റോയ് തിരിച്ചെത്തിയതോടെ ടീം ഉണർന്നു. ന്യൂസീലൻഡ് ആകട്ടെ, ഓപ്പണർ മാർട്ടിൻ ഗപ്ടിൽ തീർത്തും നിറംമങ്ങിയിട്ടും തളർന്നില്ല. കെയ്ൻ വില്യംസന്റെ ക്യാപ്റ്റൻസിയും ബാറ്റിങ് സ്ഥിരതയും അവരുടെ ഇന്ധനമാകുന്നു. പിന്തുണയ്ക്കാൻ നാലാമനായി റോസ് ടെയ്ലർ, ഓൾറൗണ്ടർമാരായ ജെയിംസ് നീഷാം, കോളിൻ ഗ്രാന്ദോം എന്നീ ഓൾറൗണ്ടർമാരും. പക്ഷേ, യഥാർഥ ശക്തി ട്രെന്റ് ബോൾട്ട്, മാറ്റ് ഹെന്റി, ലോക്കി ഫെർഗൂസൻ എന്നിവരടങ്ങിയ പേസ് ജോഡിയാണ്. ജേസൺ റോയ്, ജോണി ബെയർസ്റ്റോ, ജോ റൂട്ട്, ഒയിൻ മോർഗൻ, ബെൻ സ്റ്റോക്സ്, ജോസ് ബട്ലർ തുടങ്ങി ഏഴാം നമ്പർവരെ മികച്ച ബാറ്റ്സ്മാൻമാരുണ്ട് ഇംഗ്ലണ്ടിന്. ഓൾറൗണ്ടർമാരുടെ നിരതന്നെയുണ്ട് ടീമിൽ. ക്രിസ് വോക്സ്, ജോഫ്ര ആർച്ചർ, ബെൻ സ്റ്റോക്സ്, മാർക് വുഡ്, ലിയാം പ്ലങ്കറ്റ് എന്നീ അഞ്ച് പേസർമാരെ ഒരേസമയം അണിനിരത്താൻ അവർക്കാകും. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ടു ക്യാപ്റ്റൻമാരാണ് കെയ്ൻ വില്യംസണും ഒയിൻ മോർഗനും. ബുദ്ധിയുടെയും പ്രതിഭയുടെയും പേസിന്റെയും പോരാട്ടമാകും ഞായറാഴ്ച ലോർഡ്സിൽ. Content Highlights:England vs New Zealand ICC World Cup 2019 final


from mathrubhumi.latestnews.rssfeed https://ift.tt/2NVAKxf
via IFTTT