Breaking

Saturday, July 6, 2019

ഫോണുമായി കിണറ്റില്‍ വീണു, രക്ഷപ്പെട്ടത് മൂന്നാംദിവസം

വെമ്പായം: കിണറ്റിന്റെ കൈവരിയിലിരുന്ന് ഫോൺചെയ്യുന്നതിനിടെ കിണറ്റിൽവീണയാൾ ആരുമറിയാതെ അകത്തുകിടന്നത് മൂന്നു ദിവസം. മൂന്നാംദിവസം ഇതുവഴിപോയയാൾ ഞരക്കം കേട്ടെത്തിയതിനാൽ ഇദ്ദേഹത്തെ രക്ഷിക്കാനായി. വെമ്പായത്ത് കൊഞ്ചിറവിളയിൽ ബുധനാഴ്ച വൈകീട്ട് കിണറ്റിൽവീണ കൊഞ്ചിറ നാലുമുക്ക് വിളയിൽ വീട്ടിൽ പ്രദീപി(38)നെയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ പുറത്തെടുത്തത്. അമ്മ സരള ഈ ദിവസങ്ങളിൽ ദൂരെ ബന്ധു വീട്ടിലായിരുന്നതിനാലാണ് പ്രദീപ് കിണറ്റിൽ അകപ്പെട്ട വിവരം ആരുമറിയാതിരുന്നത്. പ്രദീപിന്റെ കൈയിലുണ്ടായിരുന്ന ഫോൺ വെള്ളത്തിൽ വീണ് കേടായിരുന്നു. ബുധനാഴ്ച വൈകുന്നേരമാണ് പ്രദീപ് വീടിന്റെ മുറ്റത്തുള്ള കിണറിന്റെ ഭിത്തിയിൽ ചാരിയിരുന്ന് ഫോൺ ചെയ്തത്. ഇതിനിടെ ഭിത്തിയിടിഞ്ഞ് കിണറിനുള്ളിലേക്ക് വീഴുകയായിരുന്നു. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ചയും കിണറിന്റെ തൊടിയിൽ പിടിച്ചിരുന്ന് നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. മൂന്നാം ദിവസം അവശനായതോടെ നിലവിളി പുറത്തുകേൾക്കാതായി. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ കിണറിനടുത്തുകൂടി പോയ വഴിയാത്രക്കാരൻ കിണറിനുള്ളിൽനിന്നു ശബ്ദംകേട്ട് നോക്കുമ്പോഴാണ് പ്രദീപ് കിണറ്റിൽ കിടക്കുന്നതുകണ്ടത്. ഉടൻ നെടുമങ്ങാട് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. അഗ്നി രക്ഷാസേനാ യൂണിറ്റിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അജികുമാറിന്റെ നേതൃത്വത്തിൽ ഫയർമാൻമാരായ അനൂപ്, രഞ്ജു, സന്തോഷ്, വിവിൻ, നിഖിൽ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. പ്രദീപിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2Jp2EMx
via IFTTT