Breaking

Saturday, July 6, 2019

വീണ്ടും ഇന്ധന വിലവർധനയ്ക്ക്‌ വഴിയൊരുക്കി ധനബിൽ

ന്യൂഡൽഹി: ഇപ്പോൾ ബജറ്റിൽ പ്രഖ്യാപിച്ചതിലേറെ പെട്രോളിനും ഡീസലിനും വില കൂട്ടാൻ വ്യവസ്ഥചെയ്യുന്നതാണ് അതിനൊപ്പം ധനമന്ത്രി അവതരിപ്പിച്ച ധനബില്ലിലെ വ്യവസ്ഥകൾ. ബജറ്റിലെ നികുതിനിർദേശങ്ങളടങ്ങിയ ധനബില്ലിൽ തീരുവയും സെസ്സും ഇതിലേറെ വർധിപ്പിക്കാൻ വ്യവസ്ഥചെയ്യുന്നുണ്ട്. അതിനാൽ, പുതിയ ബിൽ അവതരിപ്പിക്കാതെതന്നെ തീരുവയും സെസ്സും വർധിപ്പിക്കാം. തീരുവയും സെസ്സും രണ്ടുരൂപവീതം കൂട്ടിയതുവഴി മാത്രം സർക്കാരിന് 28,000 കോടി രൂപയുടെ അധികവരുമാനമുണ്ടാകുമെന്ന് ധനമന്ത്രി പറഞ്ഞു. പെട്രോളിന്റെ റോഡ്-അടിസ്ഥാനസൗകര്യ സെസ് (കസ്റ്റംസ്) എട്ടിൽനിന്ന് ഒമ്പതുരൂപയും പ്രത്യേക അധിക എക്സൈസ് തീരുവ ഏഴിൽനിന്ന് എട്ടുരൂപയുമാക്കാനാണ് ബജറ്റിലെ നിർദേശം. എന്നാൽ, ഇവ രണ്ടും പത്തുരൂപവരെയാക്കാൻ ബില്ലിൽ വ്യവസ്ഥയുണ്ട്. അതുപോലെതന്നെ, ഹൈസ്പീഡ് ഡീസലിന് പ്രത്യേക അധിക എക്സൈസ് തീരുവ ഒന്നിൽനിന്നു രണ്ടുരൂപയും റോഡ്-അടിസ്ഥാനസൗകര്യ സെസ് എട്ടിൽനിന്ന് ഒമ്പതുരൂപയുമാക്കിയാണ് ബജറ്റിൽ കൂട്ടിയത്. എന്നാൽ, ഡീസലിന്റെ അധിക എക്സൈസ് തീരുവ നാലുരൂപവരെയും റോഡ് അടിസ്ഥാനസൗകര്യ സെസ് പത്തുരൂപവരെയുമാക്കാമെന്ന് ബില്ലിൽ പറയുന്നു. അസംസ്കൃത എണ്ണയ്ക്ക് ടണ്ണിന് ഒരുരൂപ കസ്റ്റംസ് തീരുവയും ബജറ്റിൽ നിർദേശിച്ചു. ഇന്ത്യ 22 കോടി ടൺ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്നതിനാൽ 22 കോടി രൂപയുടെ വരുമാനംകൂടി സർക്കാരിനു ലഭിക്കും. നിലവിൽ അസംസ്കൃത എണ്ണയ്ക്ക് കസ്റ്റംസ് തീരുവയില്ല. നാഷണൽ കലാമിറ്റി കണ്ടിജന്റ് തീരുവയായി ടണ്ണിനു 50 രൂപ മാത്രമാണ് ഇപ്പോൾ അസംസ്കൃത എണ്ണയുടെ ഇറക്കുമതിയിൽനിന്നു സർക്കാരിനുള്ള വരുമാനം. പെട്രോളിന് നിലവിൽ 17.98 രൂപയാണ് ആകെ എക്സൈസ് തീരുവ. അതിൽ 2.98 രൂപ അടിസ്ഥാന എക്സൈസ് തീരുവയും ഏഴുരൂപ അധികതീരുവയും എട്ടുരൂപ അടിസ്ഥാനസൗകര്യ സെസ്സുമാണ്. ഡീസലിന് ആകെ 13.83 രൂപയാണ് എക്സൈസ് തീരുവ. ഇതിൽ 4.83 രൂപ അടിസ്ഥാന എക്സൈസ് തീരുവയും ഒരു രൂപ അധികതീരുവയും എട്ടുരൂപ അടിസ്ഥാനസൗകര്യ സെസ്സുമാണ്. ഇതിനുപുറമേയാണ് സംസ്ഥാനങ്ങൾ വാറ്റ് ചുമത്തുന്നത്. ഡൽഹിയിൽ പെട്രോളിന് 27 ശതമാനവും ഡീസലിന് 16.75 ശതമാനവുമാണ് വാറ്റ്. content highlights:Union budget 2019, petrol price


from mathrubhumi.latestnews.rssfeed https://ift.tt/2L6zN2D
via IFTTT