Breaking

Monday, August 31, 2020

ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടാതെ റാങ്ക് പട്ടികകൾ റദ്ദാകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പി.എസ്.സി.യുടെ റാങ്ക് പട്ടികകൾ റദ്ദാകുന്നു. റാങ്ക് പട്ടികയുടെ അവസാനനാളുകളിൽ ഉദ്യോഗാർഥികളും അധികൃതരും കൂട്ടായി നടത്തുന്ന പ്രയത്നത്തിന്റെ ഫലമായി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാറുണ്ട്. അങ്ങനെ പി.എസ്.സി. വഴിയുള്ള നിയമനങ്ങളും കൂടും. എന്നാൽ, കോവിഡ് ഭീതിയുണ്ടായശേഷം അത്തരം ശ്രമങ്ങൾ ഉദ്യോഗാർഥികൾക്കോ വകുപ്പ് അധികൃതർക്കോ നടത്താനാകുന്നില്ല. ഓഫീസുകൾ പൂർണതോതിൽ പ്രവർത്തിക്കാത്തതും പ്രവേശനം പരിമിതപ്പെടുത്തിയതുമാണ് കാരണം. ഈ സാഹചര്യത്തിലാണ് റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന ആവശ്യമുയരുന്നത്. എന്നാൽ, സർക്കാർ ഇത് പരിഗണിക്കാൻ തയ്യാറാകുന്നില്ലെന്നാണ് പരാതി. വിവരാവകാശ നിയമത്തിന്റെ ബലത്തിൽ ഒഴിവുകൾ ശേഖരിച്ച് കോടതിയെ സമീപിച്ചും ഉദ്യോഗാർഥികൾ അവസാനനാളുകളിൽ നിയമനം നേടിയെടുക്കാറുണ്ട്. കോവിഡ് കാലമായതിനാൽ വിവരാവകാശപ്രകാരമുള്ള ചോദ്യങ്ങൾക്കും യഥാസമയം മറുപടി ലഭിക്കുന്നില്ല. സിവിൽ എക്സൈസ് ഓഫീസർ റാങ്ക് പട്ടികയിലുണ്ടായിരുന്നവരും ഒഴിവുകൾ റിപ്പോർട്ട് ചെയ്യിക്കാനായി കോടതികളെ സമീപിച്ചിരുന്നു. എക്സൈസിൽ സ്ഥാനക്കയറ്റം മുടങ്ങിയതിനാൽ തങ്ങൾക്ക് അർഹതപ്പെട്ട ഒഴിവുകൾ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യുന്നില്ലെന്നാണ് ഹർജിക്കാർ കോടതിയെ ധരിപ്പിച്ചത്. ഇത് കണക്കിലെടുത്ത് ഇടക്കാലവിധിയിലൂടെ 300-ഓളം ഒഴിവുകൾ താത്കാലികമായി പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യാൻ കോടതി ആവശ്യപ്പെട്ടിരുന്നു. റാങ്ക് പട്ടിക റദ്ദാകുന്നതിന് രണ്ടോ മൂന്നോ ദിവസങ്ങൾക്കുമുമ്പായി ഈ ഒഴിവുകൾ പി.എസ്.സി.യെ വകുപ്പ് അറിയിക്കുകയും ചെയ്തു. അവയിലേക്കുള്ള നിയമനശുപാർശ കോടതിയുടെ അന്തിമവിധി അനുസരിച്ചായിരിക്കും നടത്തുക. കോവിഡുമായി ബന്ധപ്പെട്ട് ആദ്യ അടച്ചിടൽ പ്രഖ്യാപിച്ചപ്പോഴാണ് മൂന്നുമാസത്തേക്ക് റാങ്ക് പട്ടികകൾക്ക് കാലാവധി നീട്ടാൻ സർക്കാർ തയ്യാറായത്. അതിലൂടെ 300-ഓളം റാങ്ക് പട്ടികകൾക്ക് ജൂൺ 19 വരെ അധിക കാലാവധി ലഭിച്ചു. എന്നാൽ, ഓഫീസുകളുടെ പ്രവർത്തനം സുഗമമായി നടക്കാത്തതിനാൽ നിയമനങ്ങൾ കാര്യമായുണ്ടായില്ല. പിന്നീട് അടച്ചിടൽ നീട്ടിയിട്ടും റാങ്ക് പട്ടികയുടെ കാലാവധി നീട്ടിയില്ല. ഘട്ടംഘട്ടമായി തുറക്കൽ പ്രഖ്യാപിച്ചപ്പോഴും പി.എസ്.സി. ആസ്ഥാനം സ്ഥിതിചെയ്യുന്ന തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമായി. പി.എസ്.സി. ആസ്ഥാനമുൾപ്പെടുന്ന സ്ഥലവും കൺടെയ്ൻമെന്റ് മേഖലയായി അടഞ്ഞുകിടന്നു. തിരുവനന്തപുരത്ത് വകുപ്പ് മേധാവികളുടെ ഓഫീസുകളും ആഴ്ചകളോളം അടഞ്ഞുകിടന്നു. ഇക്കാലയളവിലൊന്നും നിയമനനടപടികളിൽ കാര്യമായ പുരോഗതിയുണ്ടായില്ല. ജൂലായ്, ഓഗസ്റ്റിലായി 200-ഓളം റാങ്ക് പട്ടികകൾ കാലാവധി പൂർത്തിയാക്കി റദ്ദായി. അസിസ്റ്റന്റ് സർജൻ, അസിസ്റ്റന്റ് ഡെന്റൽ സർജൻ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ തുടങ്ങി ഒട്ടേറെ റാങ്ക് പട്ടികകൾ കാര്യമായ നിയമനങ്ങളില്ലാതെ റദ്ദായി. ഏറ്റവും കൂടുതൽ നിയമനം നടക്കാറുള്ള ലാസ്റ്റ് ഗ്രേഡ് സർവെന്റ്സ്, എൽ.ഡി. ക്ലാർക്ക്, അസിസ്റ്റന്റ് തസ്തികകളിലും ഇക്കാലയളവിൽ പേരിനു മാത്രമാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത്. ലാസ്റ്റ് ഗ്രേഡ് സർവെന്റ്സ് റാങ്ക് പട്ടികയിൽനിന്ന് എട്ടരശതമാനം നിയമനങ്ങളാണ് ഇതുവരെ നടന്നത്. ഇനി പത്തുമാസമേ കാലാവധിയുള്ളൂ. എൽ.ഡി. ക്ലാർക്കിലാകട്ടെ 17 ശതമാനമാണ് നിയമനം. ഇനി എട്ടു മാസമാണ് കാലാവധി. പ്രമുഖ തസ്തികകളിൽപ്പോലും നിയമനങ്ങൾ കുറയുന്നതുകൊണ്ടാണ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടാൻ ആവശ്യമുയരുന്നത്. പുതിയ പട്ടിക തയ്യാറാകാത്ത സാഹചര്യത്തിൽ സിവിൽ എക്സൈസ് ഓഫീസർ റാങ്ക് പട്ടികയ്ക്ക് അധിക കലാവധി ലഭിച്ചിരുന്നെങ്കിൽ തിരുവനന്തപുരം കാരക്കോണം സ്വദേശി അനുവിന് നിയമനം ലഭിക്കുമായിരുന്നു. Content Highlight: PSC Rank lists are canceled without vacancies being reported


from mathrubhumi.latestnews.rssfeed https://ift.tt/3gBZL9K
via IFTTT