ന്യൂഡൽഹി: മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരിക്കെതിരെ ഗുരുതര ആരോപണവുമായി റോയിലെ മുൻഉദ്യോഗസ്ഥൻ. ഹമീദ് അൻസാരി ഇറാൻ സ്ഥാനപതിയായിരുന്ന കാലത്ത് ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ വിവരങ്ങൾ ചോർത്തി നൽകി ഇറാനിലെ റോ ഉദ്യോഗസ്ഥരുടെ ജീവൻ അപകടത്തിലാക്കിയെന്നാണ് ആരോപണം. റോയിലെ മുൻ ഉദ്യോഗസ്ഥനായ എൻ.കെ. സൂദ് ആണ് ആരോപണവുമായി രംഗത്ത് വന്നത്. അൻസാരിയെ രണ്ടുതവണ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുത്തതിനെയും എൻ.കെ. സൂദ് ചോദ്യം ചെയ്യുന്നുണ്ട്. ഹമീദ് അൻസാരി ഇറാനിലെ ഇന്ത്യൻ സ്ഥാനപതിയായിരുന്ന കാലത്ത് എൻ.കെ. സൂദിനെ ഇറാനിലേക്ക് റോ നിയോഗിച്ചിരുന്നു. 1990 മുതൽ 1992 വരെയാണ് അൻസാരി ഇറാനിലെ സ്ഥാനപതിയായി സേവനമനുഷ്ഠിച്ചിരുന്നത്. കശ്മീരിലെ ഭീകര പ്രവർത്തനങ്ങൾക്ക് ഇറാനിൽ നിന്ന് സഹായം ലഭിക്കുന്നത് റോ നിരീക്ഷിച്ചിരുന്നു. ഈ വിവരം അൻസാരിയിൽ നിന്ന് ഇറാൻ അറിഞ്ഞു. വിവരം പ്രയോജനപ്പെടുത്താൻ ഇറാൻ ചാര ഏജൻസിയായ സാവക് റോയുടെ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോവുന്ന സംഭവം വരെ ഉണ്ടായിട്ടുണ്ടെന്നും ഇറാനിലെ റോയുടെ ശൃംഖല തകരാൻ ഇത് ഇടയാക്കിയെന്നും എൻ.കെ. സൂദ് പറയുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സൂദ് പ്രധാനമന്ത്രിക്ക് കത്തെഴുതി. അൻസാരിയും അന്നത്തെ ഇന്റലിജൻസ് ബ്യൂറോ അഡീഷണൽ സെക്രട്ടറിയായിരുന്ന രത്തൻ സെയ്ഗളും ചേർന്ന് ഗൾഫ് മേഖലയിലെ റോയുടെ യൂണിറ്റ് ഇല്ലാതാക്കിയെന്നും സൂദ് ആരോപിക്കുന്നു. അൻസാരിക്കെതിരായ സൂദിന്റെ ട്വീറ്റിന് മറുപടിയുമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി രംഗത്ത് വന്നു. അൻസാരി കമ്യൂണിസ്റ്റ് സ്ഥാനാർഥിയായിരുന്നുവെന്നും യുപിഎ അദ്ദേഹത്തെ പിന്തുണയ്ക്കുകയായുമായിരുന്നുവെന്നാണ് സുബ്രഹമണ്യൻ സ്വാമി ആരോപിക്കുന്നു. 1961 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ ഹമീദ് അൻസാരി ഇറാഖ്, മൊറോക്കോ, ബെൽജിയം, സൗദി അറേബ്യ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇറാന് പുറമെ യുഎഇ, ഓസ്ട്രേലിയ,അഫ്ഗാനിസ്താൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ സ്ഥാനപതിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തുടർന്ന് 1993 മുതൽ 1995 വരെ ഇന്ത്യയുടെ യുഎന്നിലെ സ്ഥിരം പ്രതിനിധിയായി. 2007 മുതൽ 2017 വരെയാണ് ഹമീദ് അൻസാരി ഇന്ത്യയുടെ 12-ാമത് ഉപരാഷ്ട്രപതി എന്ന പദവി വഹിച്ചത്. Content Highlights:Hamid Ansari,R&AW, India, Iran
from mathrubhumi.latestnews.rssfeed https://ift.tt/2JpOBX2
via
IFTTT