Breaking

Tuesday, July 23, 2019

ഒറ്റപ്പാലം നഗരസഭയിലെ മോഷണക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം

ഒറ്റപ്പാലം: നഗരസഭയിലെ സ്ഥിരംസമിതി അധ്യക്ഷ ബി. സുജാത പ്രതിയായ മോഷണക്കേസ് ഒത്തുതീർപ്പാക്കുന്നതിന് സി.പി.എം. നേതൃത്വത്തിൽ ശ്രമം തുടങ്ങി. കേസിലെ തുടർനടപടികൾ അവസാനിപ്പിക്കാൻ സമ്മതമറിയിച്ച് പരാതിക്കാരിയായ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ ടി. ലത ഒറ്റപ്പാലം ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയെ സമീപിച്ചു. കേസിലെ വിധി കോടതി ചൊവ്വാഴ്ച പ്രസ്താവിക്കും. പരാതി ഒത്തുതീർപ്പായെന്നും കേസ് മുൻകൂട്ടി പരിഗണിച്ച് തുടർനടപടികൾ അവസാനിപ്പിക്കണമെന്നും, പ്രതിയായ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ബി. സുജാത അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷയിലാണ് പരാതിക്കാരി ഹാജരായി കേസ് അവസാനിപ്പിക്കാൻ സന്നദ്ധതയറിയിച്ചത്. നഷ്ടപ്പെട്ടുവെന്ന് പറയുന്ന പണം വീട്ടിൽനിന്ന് കിട്ടിയെന്നും ഇതേത്തുടർന്ന് ഒത്തുതീർപ്പായതിനാൽ തുടർനടപടികൾ അവസാനിപ്പിക്കണമെന്നുമാണ് പരാതിക്കാരി കോടതിയെ അറിയിച്ചത്. കേസിൽ ഇതുവരെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയോ കുറ്റപത്രം സമർപ്പിക്കുകയോ ചെയ്തിട്ടില്ല. അറസ്റ്റിന് തയ്യാറെടുത്ത എസ്.ഐ. വിപിൻ കെ. വേണുഗോപാലിനെ സ്ഥലം മാറ്റുകയും ചെയ്തു. പോലീസിനുവേണ്ടി ഹാജരായ അസി. പബ്ലിക് പ്രോസിക്യൂട്ടറും കേസ് ഒത്തുതീർപ്പാക്കാമെന്ന നിലപാടെടുത്തു. വിധി പ്രതിക്കനുകൂലമായാൽ ഒറ്റപ്പാലം നഗരസഭയിൽ മോഷണക്കേസ് അറസ്റ്റോ മറ്റ് തുടർനടപടികളോ ഇല്ലാതെ അവസാനിക്കും. കഴിഞ്ഞ ജൂൺ 20ന് ഒറ്റപ്പാലം നഗരസഭയിലെ പൊതുമരാമത്ത് സ്ഥിരംസമിതി ഓഫീസിൽ അലമാരയിലെ ബാഗിലിരുന്ന 38,000 രൂപ മോഷ്ടിക്കപ്പെട്ടുവെന്നായിരുന്നു പരാതി. ശിക്ഷ കേസന്വേഷിച്ച എസ്ഐ.യ്ക്ക് മാത്രം ; സംരക്ഷണം പ്രതിക്ക് മോഷണക്കുറ്റത്തിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടും പ്രതിയെ കൈവിടാതെ സി.പി.എം. പണം മോഷണം പോയെന്ന് പരാതി നൽകിയ സി.പി.എമ്മിന്റെ നഗരസഭയിലെ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷതന്നെ ഒത്തുതീർപ്പിന് കോടതിയിൽ സമ്മതമറിയിച്ചാണ് പ്രതിക്ക് സംരക്ഷണം നൽകുന്നത്. ഇതോടെ പരാതിയിൽ ഒരു മാസത്തിനകം അന്വേഷണം നടത്തി പോലീസ് കണ്ടെത്തിയതെല്ലാം വെറുതെയായി. അന്വേഷണത്തിന് നേതൃത്വം നൽകിയിരുന്ന എസ്.ഐ ബലിയാടാവുകയും ചെയ്തു. പരാതിക്കാരിക്കൊപ്പം കോടതിയിലെത്തിയത് നഗരസഭാ കൗൺസിലറും സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. പ്രതിചേർക്കപ്പെട്ടയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കി. എങ്കിലും അവർ രാജിവെക്കാതെ, സിപിഎമ്മിനെ പിന്തുണയ്ക്കുന്ന സ്ഥിരംസമിതി അധ്യക്ഷയായി ഇപ്പോഴും തുടരുകയാണ്. content highlights:ottapalam municipality theft case


from mathrubhumi.latestnews.rssfeed https://ift.tt/2YhnOFP
via IFTTT