Breaking

Sunday, July 7, 2019

എ.ടി.എം. കൗണ്ടറില്‍ കള്ളനോട്ട് നിക്ഷേപിച്ച സംഭവം:അഞ്ചുപേര്‍ അറസ്റ്റില്‍

കയ്പമംഗലം: എ.ടി.എം. കൗണ്ടറിലെ കാഷ് ഡെപ്പോസിറ്റിങ് മെഷീനിൽ കള്ളനോട്ട് നിക്ഷേപിച്ച സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് യുവാക്കളെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. വലപ്പാട് ബീച്ച് പോക്കാക്കില്ലത്ത് അബ്ദുൽഅസീസ് (22), അറക്കൽ ദിൽഷാദ് (26), പുതിയവീട്ടിൽ മുഹമ്മദ് റോഷൻ (19), തൃശ്ശൂർ കല്ലൂർ സ്വദേശികളായ മേലേപ്പുരയിൽ ഇബ്രാഹിംകുട്ടി (26), കളംപാട്ട് ജിസ്ബിൻ (26) എന്നിവരെയാണ് എസ്.ഐ. കെ.ജെ. ജിനേഷും സംഘവും അറസ്റ്റ് ചെയ്തത്. ഒരുമാസംമുമ്പ് എടതിരിഞ്ഞി സ്വദേശി അരുൺ എന്നയാൾ ഫെഡറൽ ബാങ്കിന്റെ മൂന്നുപീടിക ശാഖയിലുള്ള മെഷീനിൽ നിക്ഷേപിച്ച പണത്തിലാണ് കള്ളനോട്ട് കണ്ടെത്തിയത്. 14,000 രൂപ നിക്ഷേപിച്ചപ്പോൾ 2000-ന്റെ ഒരു നോട്ടും 500-ന്റെ ഏഴ് നോട്ടുകളുമാണ് വ്യാജനോട്ടായി രേഖപ്പെടുത്തിയത്. നിക്ഷേപിച്ച മുഴുവൻ തുകയും അക്കൗണ്ടിൽ എത്താഞ്ഞതോടെ അരുൺ ബാങ്കിന് പരാതി നൽകിയതോടെയാണ് കള്ളനോട്ട് സംഭവം പുറത്തറിയുന്നത്. പരാതിപ്രകാരം ബാക്കി പണം ബാങ്ക് അരുണിന് കൈമാറിയെങ്കിലും മെഷീൻ പരിശോധിച്ച ബാങ്ക് അധികൃതർ സ്പെഷ്യൽ ട്രേയിൽനിന്ന് കള്ളനോട്ടുകൾ കണ്ടെത്തുകയായിരുന്നു. ഇതേത്തുടർന്ന് ബാങ്ക് അധികൃതർ പോലീസിൽ നൽകിയ പരാതിപ്രകാരം അന്വേഷണം നടത്തിയപ്പോഴാണ് അഞ്ചുപേർ അറസ്റ്റിലായത്. പിടിയിലായ അസീസും മറ്റുള്ളവരും ചേർന്നാണ് അരുണിന് പണം നൽകിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. Content Highlights:men arrested for deposing fake currency ATM counter kaipamangalam thrissur


from mathrubhumi.latestnews.rssfeed https://ift.tt/2JsUeUu
via IFTTT