Breaking

Thursday, July 18, 2019

വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം; റിസോര്‍ട്ടില്‍ നിന്ന് കോണ്‍ഗ്രസ് എംഎല്‍എയെ കാണാതായി

ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ്-ജനതാദൾ സഖ്യ സർക്കാരിന്റെ ഭാവി നിശ്ചയിക്കുന്ന നിർണായക വിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുമ്പായി റിസോർട്ടിൽ താമസിപ്പിച്ചിരുന്ന ഒരു എംഎൽഎ ചാടിപ്പോയതായി റിപ്പോർട്ട്. കോൺഗ്രസ് എംഎൽഎ ശ്രീമന്ത് ബാലസാഹേബ് പാട്ടീലിനെയാണ് റിസോർട്ടിൽ നിന്ന് കാണാതായത്. ബുധനാഴ്ച രാത്രി എട്ടു മണി മുതൽ ഇയാളെ റിസോർട്ടിൽ കാണുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. പാട്ടീലിനായി വിമാനത്താവളങ്ങളിലടക്കം തിരച്ചിൽ നടത്തി വരികയാണ്. വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും ഉപമുഖ്യമന്ത്രി ജി.പരമേശ്വരയും കോൺഗ്രസ് എംഎൽഎമാരുമായി ഇവരെ താമസിപ്പിച്ച പ്രകൃതി റിസോർട്ടിൽ വെച്ച് ബുധനാഴ്ച രാത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടയിലാണ് പാട്ടീലിനെ കാണാതായത്. എന്നാൽ എംഎൽഎയെ കാണാതായെന്ന റിപ്പോർട്ട് കോൺഗ്രസ് നിഷേധിച്ചു. ശ്രീമന്ത് പാട്ടീൽ ആശുപത്രിയിൽ ചികിത്സക്ക് പോയതാണെന്നാണ് കെപിസിസിയുടെ വിശദീകരണം. അതേ സമയം പ്രതിസന്ധിയിലായ സഖ്യ സർക്കാരിന് താത്കാലിക ആശ്വാസം നൽകി വിമത എംഎൽഎമാരിൽ ഒരാൾ രാജി പിൻവലിക്കുമെന്ന് അറിയിച്ചു. കോൺഗ്രസ് എംഎൽഎ രാമലിംഗ റെഡ്ഡിയാണ് രാജി പിൻവലിക്കാൻ തീരുമാനിച്ചത്. വിശ്വാസ വോട്ടെടുപ്പിൽ സർക്കാരിന് അനുകൂലമായി അദ്ദേഹം വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ മുംബൈയിൽ തുടരുന്ന മറ്റു വിമതർ വോട്ടെടുപ്പിൽ പങ്കെടുത്തേക്കില്ലെന്നാണ് സൂചന. ഇവരുടെ പിന്തുണയില്ലാതെ വിശ്വാസ വോട്ടെടുപ്പിൽ സർക്കാരിന് ജയിക്കാനാവില്ല. രാവിലെ 11-നു നിയമസഭയിൽ വിശ്വാസവോട്ട് തേടും. അപ്രതീക്ഷിതമായൊന്നും സംഭവിച്ചില്ലെങ്കിൽ സർക്കാർ താഴെവീഴാനാണു സാധ്യത. വിമതരുടെ രാജിയിൽ സ്പീക്കർക്ക് തീരുമാനമെടുക്കാമെന്നും എന്നാൽ, വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കണമെന്ന് എം.എൽ.എ.മാരെ നിർബന്ധിക്കാനാകില്ലെന്നുമുള്ള സുപ്രീംകോടതിയുടെ വിധി, ഫലത്തിൽ സഖ്യസർക്കാരിനെ നിലനിർത്താനുള്ള ശ്രമങ്ങൾക്കു തിരിച്ചടിയായി. നിലവിലെ സാഹചര്യത്തിൽ വിശ്വാസവോട്ട് നേടാനുള്ള അംഗബലം ഭരണപക്ഷത്തിനില്ല. കോൺഗ്രസിൽ നിന്നു പതിമൂന്നും ജനതാദൾ-എസിൽനിന്നു മൂന്നും എം.എൽ.എ.മാരാണു രാജിവെച്ചത്. സർക്കാരിന് വിശ്വാസവോട്ട് നേടണമെങ്കിൽ ഇവരിൽ കുറഞ്ഞത് ഏഴുപേരെ തിരിച്ചെത്തിക്കണം. എന്നാൽ, മുതിർന്ന നേതാവ് രാമലിംഗ റെഡ്ഡിയെ മാത്രമാണു മടക്കിക്കൊണ്ടുവരാനായത്. അതേ സമയം മറ്റൊരു കോൺഗ്രസ് എംഎൽഎ റിസോർട്ടിൽ നിന്ന് ചാടിപോയതും സർക്കാരിന് ഇരുട്ടടിയായി. Content Highlights:Ahead of floor test-Karnataka Congress MLA Shrimant Patil goes missing from resort


from mathrubhumi.latestnews.rssfeed https://ift.tt/2JSY1uy
via IFTTT