കൊച്ചി: വൈപ്പിൻ ആർട്സ് ആൻഡ് സയൻസ് കോളേജിലെ എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് സംഘർഷം സി.പി.എം.- സി.പി.ഐ മുന്നണി ബന്ധത്തെ ബാധിക്കുന്നു. എ.ഐ.എസ്.എഫ് പ്രവർത്തകരെ കാണാനെത്തിയ സിപിഐ ജില്ലാ സെക്രട്ടറി പി. രാജുവിന്റെ വാഹനം എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞതാണ് തർക്കം മുന്നണി ബന്ധത്തെ ബാധിക്കുന്ന നിലയിലേക്ക് വളർന്നത്. പി.രാജുവിനെ തടഞ്ഞതിൽ പ്രതിഷേധിച്ച് പാലാരിവട്ടം മേൽപാലം സമര സമാപനത്തിൽ നിന്ന് സി.പി.ഐ വിട്ടുനിന്നേക്കും. കഴിഞ്ഞ ദിവസമാണ് എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. സംഘർഷത്തിൽ പരിക്കേറ്റ ചില എ.ഐ.എസ്.എഫ് പ്രവർത്തകർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. രാത്രിയോടെ ഇവരെ കാണാനായി പി. രാജു ആശുപത്രിയിലെത്തിയിരുന്നു. എന്നാൽ പി.രാജുവിന്റെ കാറിന് മുന്നിൽ എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ പ്രവർത്തകർ ബൈക്കുകളിലെത്തി തടഞ്ഞുവെന്നാണ് സിപിഐ പറയുന്നത്. ഇവർ ഇക്കാര്യം പരാതിയായി ഉന്നയിക്കുകയും ചെയ്തു. കാർ തടഞ്ഞതുമായി ബന്ധപ്പെട്ട് മണിക്കൂറുകളോളം തർക്കം തുടർന്നു. ഇതാണ് മുന്നണി ബന്ധത്തിനെ ബാധിക്കുന്ന നിലയിലേക്ക് മാറിയിരിക്കുന്നത്. ഇടതുമുന്നണി നടത്തുന്ന പാലാരിവട്ടം മേൽപാല സമരത്തിന്റെ സമാപന ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പി. രാജു പറഞ്ഞിരുന്നു. വിട്ടുനിൽക്കുന്നതിന് കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും വിദ്യാർഥി സംഘർഷത്തെ തുടർന്നുണ്ടായ അനിഷ്ട സംഭവങ്ങളാണ് വിട്ടുനിൽക്കുന്നതിന് പിന്നിലെന്നാണ് സൂചന. സംസ്ഥാന തലത്തിൽ തന്നെ എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് സംഘടനകൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന നേതൃത്വങ്ങൾ ശ്രമിക്കുന്നതിനിടെയാണ് വൈപ്പിനിലെ സംഘർഷം മറ്റൊരു തലവേദനയാകുന്നത്. Content Highlights:SFI- AISF clash in Vypin College
from mathrubhumi.latestnews.rssfeed https://ift.tt/2XUytHj
via
IFTTT