കൊച്ചി: സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എവിടെയെന്ന വിലാപം സി.പി.ഐ.യിൽ ശക്തമാകുന്നു. കുറിക്കുകൊള്ളുന്ന ഇടപെടലുകളിലൂടെ സി.പി.ഐ.ക്ക് നവജീവൻ നൽകിയ നായകനെ അന്വേഷിക്കുകയാണ് ഇപ്പോൾ പാർട്ടി പ്രവർത്തകർ. പാർട്ടി ജില്ലാ സെക്രട്ടറിയെയും എം.എൽ.എ.യെയും പോലീസ് പെരുവഴിയിലിട്ട് തല്ലിയിട്ടും സംസ്ഥാന സെക്രട്ടറി തിരിഞ്ഞുനോക്കിയില്ലെന്ന ആക്ഷേപം പാർട്ടിക്കുള്ളിൽ പടരുകയാണ്. സി.പി.ഐ. ആണ് യഥാർഥ ഇടതുപക്ഷം, അതാണ് ശരിയുടെ പക്ഷമെന്നും കേരളത്തിലെ പൊതു സമൂഹത്തിൽ അഭിപ്രായമുയർത്തുന്ന വിധത്തിലുള്ള ഇടപെടലായിരുന്നു കാനത്തിന്റെ ഭാഗത്തുനിന്ന് മുമ്പ് ഉണ്ടായിരുന്നത്. അതിന്റെ ഗുണം പാർട്ടിക്കും ഉണ്ടായി. സി.പി.എമ്മിൽനിന്ന് പലവിധ കാരണങ്ങളാൽ വിട്ടുനിൽക്കുകയായിരുന്ന ഒട്ടനവധി പ്രവർത്തകരെ സി.പി.ഐ.യിൽ എത്തിക്കാൻ സാധിച്ചു. അംഗത്വത്തിൽ വലിയ വളർച്ചയുണ്ടായി. അതിന്റെ തിളക്കത്തിലാണ് സി.പി.ഐ.യുടെ കഴിഞ്ഞ സമ്മേളനങ്ങളെല്ലാം നടന്നത്. പാർട്ടിക്കുള്ളിലെ എതിർചേരിക്ക് മിണ്ടാൻപോലും കഴിയാത്ത വിധത്തിൽ കാനം തരംഗംതന്നെ പാർട്ടിയിലുണ്ടായി. എന്നാലിപ്പോൾ കാനത്തിന്റെ നിലപാടുകൾ പാർട്ടി പ്രവർത്തകർക്കിടയിൽ മുറുമുറുപ്പാണ് ഉണ്ടാക്കുന്നത്. കൊല്ലത്ത് ജില്ലാ എക്സിക്യുട്ടീവിൽ കാനത്തിനെതിരേ വിമർശനമുണ്ടായി. അതിനു പിന്നാലെയാണ് എറണാകുളത്തെ സംഭവങ്ങൾ കാനത്തെ പാർട്ടിക്കുള്ളിൽ സംശയത്തിന്റെ മുനയിൽ നിർത്തുന്നത്. അടുത്തകാലത്തായി കാനം തുടരുന്ന മൗനം തിരുത്തൽ ശക്തിയെന്ന ലേബൽ പാർട്ടിക്ക് നഷ്ടമാക്കിയിരിക്കുകയാണ്. സമൂഹത്തെ പിടിച്ചുകുലുക്കിയ കസ്റ്റഡി മരണങ്ങൾ ഉൾപ്പെടെ നിരവധി പൊതു വിഷയങ്ങളിൽ കാനത്തിന്റെ പതിവു ശൈലിയിലുള്ള ഇടപെടൽ ഉണ്ടായില്ല. കാനത്തിന്റെ മൗനം 'പാർട്ടി സെന്ററി'ന്റെ പ്രവർത്തനത്തെയും സാരമായി ബാധിച്ചെന്നാണ് ആക്ഷേപം. എറണാകുളത്ത് വർഷങ്ങളായി സി.പി.എമ്മുമായി സി.പി.ഐ. കൊമ്പുകോർത്താണ് മുന്നോട്ടുപോകുന്നത്. അതിന് എരിവും പുളിയും പകരാൻ കാനം ജില്ലയിൽ നേരിട്ടെത്തുന്ന സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. അതിന്റെ ബലത്തിൽ എറണാകുളത്ത് സി.പി.ഐ.ക്ക് പുത്തൻ ഉണർവുണ്ടാക്കാനും സാധിച്ചിട്ടുണ്ട്. കാനം കൂടെയുണ്ടെന്ന ബലത്തിൽ ജില്ലയിലെ പാർട്ടി ശക്തമായ നിലപാടുകളുമായാണ് മുന്നോട്ടു പോയിട്ടുള്ളത്. പലപ്പോഴും സി.പി.എമ്മുമായി ഉരസേണ്ടി വരുമ്പോഴും നേതൃത്വം കൂടെയുണ്ടെന്ന ഉറച്ച വിശ്വാസം സി.പി.െഎ. ജില്ലാ നേതൃത്വത്തിന് ഉണ്ടായിരുന്നു. എന്നാൽ, അടുത്തകാലത്തായി അത്തരമൊരു പിന്തുണ പാർട്ടി നേതൃത്വത്തിൽനിന്ന് കിട്ടുന്നില്ല. ഡി.വൈ.എഫ്.ഐ. പ്രവർത്തകർ പാർട്ടി ജില്ലാ സെക്രട്ടറി പി. രാജുവിനെ തടഞ്ഞുവെച്ചത്, നോക്കിനിന്ന സി.ഐ.ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഡി.ഐ.ജി. ഓഫീസ് മാർച്ച് നടത്തിയപ്പോൾ, അത് ഉദ്ഘാടനം ചെയ്യാൻ പോലും പാർട്ടി സെന്ററിൽനിന്ന് ഒരു നേതാവും എത്തിയില്ല. സി.പി.എമ്മിനോട് പോരടിച്ച് പാർട്ടിയെ വളർത്തിയ സംസ്ഥാന സെക്രട്ടറി നിർണായക ഘട്ടത്തിൽ മിണ്ടാതായതിന്റെ മറിമായമെന്തെന്ന് അന്വേഷിക്കുകയാണ് പ്രവർത്തകർ. content highlights: kanam rajendran, CPI, CPIM
from mathrubhumi.latestnews.rssfeed https://ift.tt/2Y3V1VK
via
IFTTT