Breaking

Monday, July 22, 2019

കണ്ണുരുട്ടുമ്പോള്‍ മുട്ടിലിഴയാന്‍ ഇത് പിണറായി ഫാന്‍സുകാരല്ല; എ.വിജയരാഘവനോട് കെ.എം.അഭിജിത്ത്

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ നടക്കുന്ന കെ.എസ്.യു സമരത്തെ പരിഹസിച്ച ഇടതുമുന്നണി കൺവീനർ എ.വിജയരാഘവനെതിരെ കടുത്ത വിമർശനവുമായി നിരാഹാരമിരിക്കുന്ന കെ.എസ്.യു അധ്യക്ഷൻ കെ.എം.അഭിജിത്ത്. സ്വന്തം പ്രവർത്തകനെ യൂണിറ്റ് ഭാരാവാഹി കൂടിയായ ഒരു ക്രിമിനൽ നേതാവ് കുത്തിവീഴ്ത്തിയതിനെ വെറും അടിപിടിയായ ലളിതവത്കരിച്ച വിജയരാഘവനോട് സഹതാപം തോന്നുന്നു. അതേ ലളിതബുദ്ധിയോടെയാണ് കെ.എസ്.യുവിന്റെ സമരത്തെ കാണുന്നതെങ്കിൽ വിജയരാഘവനോട് ഒന്നേ പറയാനുള്ളൂ, നിങ്ങൾക്ക് ആളു തെറ്റിപ്പോയി. നിങ്ങൾ കണ്ണുരുട്ടുമ്പോൾ മുട്ടിലിഴയാൻ ഇത് പിണറായി വിലാസം ഫാൻസ് അസോസിയേഷനല്ലെന്നും അഭിജിത്ത് പറഞ്ഞു. ഇതുപോലെ വഴിതെറ്റിപ്പോയ ഒരു സർക്കാറിനെ അധികാര ഭ്രഷ്ടരാക്കിയ വിദ്യാർത്ഥിപോരാട്ടത്തിന്റെ നേരവകാശികളാണ് തങ്ങൾ. എ.കെ.ജി സെന്ററിലെ ഇരുട്ടുമുറിയിൽ ഇരുന്ന് കോടിയേരി ബാലകൃഷ്ണന്റെ സന്തതികളിൽ മൂത്തവനാണോ ഇളയവനാണോ കൂടുതൽ ഹീറോയെന്ന് വാദിച്ച് ഇരുഗ്രൂപ്പായി തിരിഞ്ഞ് ബെറ്റുവെക്കുന്നവരുടെ അടുക്കള കലാപമല്ല യൂണിവേഴ്സിറ്റി കോളേജിൽ നടന്നതെന്നും അഭിജിത് വ്യക്തമാക്കി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അഭിജിത്തിന്റെ വിമർശനങ്ങൾ. യൂണിവേഴ്സിറ്റി കോളേജിൽ നടന്നത് വിദ്യാർത്ഥികൾ തമ്മിലുള്ള അടിപിടിയാണെന്നും കെ.എസ്.യുവിന്റെ സമരത്തിൽ പങ്കെടുക്കുന്നത് മീൻകച്ചവടക്കാരും കുറച്ച് വക്കീൽമാരുമാണെന്ന വിജയരാഘവന്റെ പരാമർശനത്തിനെതിരയാണ് അഭിജിത്തിന്റെ പോസ്റ്റ്. കെ.എം.അഭിജിത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ആലമ്പാടൻ വിജയരാഘവൻ കണ്ണുരുട്ടിയാൽ പേടിക്കാൻ ഇത് എസ്.എഫ്.ഐ അല്ല ************************************ യൂണിവാഴ്സിറ്റി കോളേജിൽ സ്വന്തം പ്രവർത്തകനെ യൂണിറ്റ് ഭാരവാഹി കൂടിയായ ക്രിമിനൽ നേതാവ് കുത്തിവീഴ്ത്തിയതിനെ വെറുംഅടിപിടിയായി ലളിതവത്കരിച്ച എൽ.ഡി.എഫ് കൺവീനർ ആലമ്പാടൻ വിജരാഘവനോട് സഹതാപം തോന്നുന്നു. എസ്.എഫ്.ഐ എന്ന സംഘടനയുടെ ദേശീയ അമരക്കാരനായിരുന്ന ഒരാൾ തന്റെ പിന്മുറക്കാർ ക്രിമിനൽക്കൂട്ടമായി അക്കാദമിക അന്തരീക്ഷം തകർക്കുമ്പോഴും അതൊന്നും വലിയ വിഷയമല്ലെന്ന് പറയുന്നതിനെ രാഷ്ട്രീയ അധ:പതനം എന്നല്ലാതെ എന്തു വിളിക്കാൻ? എന്നാൽ അതേ ലളിതബുദ്ധിയോടെയാണ് കെ.എസ്.യുവിന്റെ സമരത്തെ കാണുന്നതെങ്കിൽ വിജയരാഘവനോട് ഒന്നേ പറയാനുള്ളൂ: നിങ്ങൾക്ക് ആളു തെറ്റിപ്പോയി. നിങ്ങൾ കണ്ണുരുട്ടുമ്പോൾ മുട്ടിലിഴയാൻ ഇത് പിണറായി വിലാസം ഫാൻസ് അസോസിയേഷനല്ല. ഇതുപോലെ വഴിതെറ്റിപ്പോയ ഒരു സർക്കാറിനെ അധികാര ഭ്രഷ്ടരാക്കിയ വിദ്യാർത്ഥിപോരാട്ടത്തിന്റെ നേരവകാശികളാണ്. അടിപിടിയുണ്ടാക്കിയവരെ പോലീസ് അറസ്റ്റ് ചെയ്തു, പിന്നെ എന്തിനാണ് സമരമെന്നാണ് വിജയരാഘവന്റെ ചോദ്യം. എ.കെ.ജി സെന്ററിലെ ഇരുട്ടുമുറിയിൽ ഇരുന്ന് കോടിയേരി ബാലകൃഷ്ണന്റെ സന്തതികളിൽ മൂത്തവനാണോ ഇളയവനാണോ കൂടുതൽ ഹീറോയെന്ന് വാദിച്ച് ഇരുഗ്രൂപ്പായി തിരിഞ്ഞ് ബെറ്റുവെക്കുന്നവരുടെ അടുക്കള കലാപമല്ല അവിടെ നടന്നത്. ഒരു വിദ്യാർത്ഥിയെ കൊല്ലാനായി കുത്തിമലർത്തിയ, സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. കേരളത്തിന്റെ തെരുവുകൾ തോറും ആളിപ്പടരുന്ന വിദ്യാർത്ഥി സമരം നിങ്ങൾ ഓമനിച്ച് വളർത്തുന്ന ക്രിമിനൽ സംഘത്തെ ഇല്ലാതാക്കുമെന്ന ഭീതി വിജയരാഘവനുണ്ടാവും. ഏതെങ്കിലും രണ്ടുപേരെ പോലീസിന് എറിഞ്ഞുകൊടുത്ത് കൈകഴുകാമെന്നാണ് വിജയരാഘവനും അദ്ദേഹത്തിന്റെ പാർട്ടിയും സർക്കാറും ധരിക്കുന്നതെങ്കിൽ തെറ്റിപ്പോയി. അഭ്യസ്ഥവിദ്യരായ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ തൊഴിലിനുവേണ്ടി കാത്തിരിക്കുമ്പോൾ പി.എസ്.സി ലിസ്റ്റ് അട്ടിമറിച്ചും യൂണിവാഴ്സിറ്റി പരീക്ഷകളിൽ കൃത്രിമം കാട്ടിയും പിൻവാതിലിലൂടെ കൈക്കൂലി നിയമനം നടത്തിയും നിങ്ങൾക്ക് ഇനിയും മുന്നോട്ടുപോകാനാകില്ലെന്ന താക്കീതുകൂടിയാണ് ഈ സമരം. മധ്യപ്രദേശിൽ നടന്ന വ്യാപം മോഡൽ പരീക്ഷാ തട്ടിപ്പാണ് ഇവിടെയും ഉണ്ടായതെന്ന് ഓരോ സംഭവുവും അടിവരയിടുന്നു. കോഴിക്കോട് കിർത്താഡ്സിൽ പി.എസ്.സിക്ക് വ്യാജ രേഖകൾ നൽകി മൂന്ന് മുൻ എസ്.എഫ്.ഐക്കാർ നിയമനം നേടിയതും പോലീസ് നിയമന ലിസ്റ്റിൽ അനർഹർ ഒന്നാമതെത്തിയതും കണ്ടിട്ടും മിണ്ടാതിരിക്കാൻ ഞങ്ങൾ എ.കെ.ജി സെന്ററിൽ നിന്ന് ദിവസക്കൂലി വാങ്ങുന്നവരല്ല. സ്വന്തം മക്കളെ ബർമിങ്ഹാം യൂണിവാഴ്സിറ്റിയിൽ ഉൾപ്പെടെ വിദേശത്ത് പഠിക്കാൻ പറഞ്ഞയച്ച ശേഷം പാവപ്പെട്ടവന്റെ മക്കളെ തെരുവിലിറക്കി രക്തസാക്ഷികളെ സൃഷ്ടിക്കുന്ന പിണറായി-കോടിയേരി ലൈനല്ല ഞങ്ങളുടേത്. ഇത് ഇവിടുത്തെ സാധാരണക്കാരായ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വേണ്ടിയുള്ള സമരമാണ്. പരീക്ഷാ തട്ടിപ്പ് വിശ്വാസ്യതയുള്ള ഏജൻസി അന്വേഷിക്കും വരെ ഈ പോരാട്ടം കെ.എസ്.യു തുടരും. അതുകണ്ട് ഒരു ആലമ്പാടനും തുടൽപൊട്ടിക്കേണ്ട. കേരളത്തിലെ ക്യാമ്പസുകളിലെ ക്രിമിനൽവത്കരണം അവസാനിപ്പിക്കും വരെ കെ.എസ്.യു പോരാടും. കാലിക്കറ്റ്-എം ജി-കേരള സർവകലാശാലകളുടെ ഹോസ്റ്റലുകൾ ആയുധപ്പുരകളാവുമ്പോൾ പതിനായിരക്കണക്കിന് രക്ഷിതാക്കളുടെ ആകുലതകൾക്കൊപ്പമാണ് കെ.എസ്.യുവിന്റെ സമരം. മഹാരാജാസ് കോളേജിലെ പ്രിൻസിപ്പലിന്റെ കസേര കത്തിച്ചതും തൃശൂർ ഗവ. ലോ കോളേജിലെ പ്രിൻസിപ്പലിനെ നാടുകടത്തിയതും പാലക്കാട് വിക്ടോറിയ കോളേജിലെ പ്രിൻസിപ്പലിനെ പ്രതീകാത്മകമായ് ശവസംസ്കാരം നടത്തിയതും കാഞ്ഞങ്ങാട് നെഹ്റു കോളേജിലെ പ്രിൻസിപ്പലിലെ ഓടിച്ചതും ഉൾപ്പെടെ ഉയർത്തിപ്പിടിക്കുമ്പോൾ കേരളത്തിലെ അധ്യാപക സമൂഹത്തിനു വേണ്ടിയുമാണ് കെ.എസ്.യു സമരം. എല്ലാറ്റിലും പ്രതിക്കൂട്ടിലായ എസ്.എഫ്.ഐ എന്ന ഭീകര സംഘടനയ്ക്കും അതിന്റെ ഗ്വാണ്ടനാമോ ഇടിമുറി ശൈലിക്കുമെതിരെയാണ്. കെ.എസ്.യുക്കാരുടെ ജനന സർട്ടിഫിക്കറ്റ് തപ്പി നടന്ന് വയസ്സെത്രയെന്ന് കണ്ടുപിടിക്കലാണ് എൽ.ഡി.എഫ് കൺവീനറുടെ ഇപ്പോഴത്തെ പണിയെന്ന് തോന്നുന്നു. ഇരുപത്തിയാറ് വയസ്സുള്ള ശില്പ പഠിച്ച് പാസായി വക്കീലായിട്ടുണ്ടെങ്കിൽ അത് ആ കുട്ടിയുടെ മിടുക്കാണ്. എത്ര വയസ്സുവരെ സംഘടനയിൽ പ്രവർത്തിക്കാമെന്ന് കെ.എസ്.യുവിന്റെ ഭരണഘടനയലിൽ എഴുതിവെച്ചിട്ടുണ്ട്. ശില്പയെന്ന ഞങ്ങളുടെ സഹപ്രവർത്തകയെപ്പറ്റി വിജയരാഘവൻ അധികം ആലോചിച്ച് തലപുണ്ണാക്കേണ്ട. മാസങ്ങൾക്ക് മുമ്പ് രമ്യ ഹരിദാസെന്ന ഞങ്ങളുടെ കൂടപ്പിറപ്പിനെ പറഞ്ഞതിന് വിജയരാഘവനും പാർട്ടിക്ക് ജനം നൽകിയ മറുപടിയെങ്കിലും ഓർത്താൽ നല്ലത്. ഇപ്പോഴത്തെ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റിന്റെയും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെയും പ്രായം എത്രയെന്ന് ആത്മപരിശോധന നടത്തിയിട്ട് മതി ഞങ്ങളുടെ സംഘടനാ കാര്യത്തിൽ തലയിടാൻ. വിദ്യാർത്ഥികളുടെ അവകാശ പ്രക്ഷോഭത്തിന് എന്നും കരുത്തേകി കൂടെ നിൽക്കുന്ന ഞങ്ങളുടെ വൈകാരികാവേശമായ ശ്രീ.ഉമ്മൻചാണ്ടിയെ അധിക്ഷേപിക്കാൻ വിജയരാഘവന് എന്ത് യോഗ്യതയാണുള്ളത്? സമരത്തിൽ പങ്കെടുക്കുന്നത് മീൻകച്ചവടക്കാരാണെന്ന ദുരുപദിഷ്ട പരാമർശവും വിജയരാഘവന്റെ ഭാഗത്തു നിന്ന് കണ്ടു. മീൻകച്ചവടക്കാരെന്താണ് സാമൂഹ്യ ദ്രോഹികളോ? കേരളത്തിന്റെ സൈന്യമെന്ന് കഴിഞ്ഞ പ്രളയകാലത്ത് വിശേഷിപ്പവരുടെ ഭാഗമാണവർ. അവരെയാണ് വിജയരാഘവനെപ്പോലൊരാൾ ആക്ഷേപിക്കുന്നത്. ഇങ്ങനെ നിലവാരം കുറഞ്ഞ പരാമർശം നടത്താൻ നിങ്ങൾ പ്രവർത്തിക്കുന്നത് എന്ത് തൊഴിലാളി-വർഗാധിഷ്ഠിത പ്രസ്ഥാനത്തിലാണ് മി്സ്റ്റർ? കെ.എസ്.യുവിന്റെ സമരത്തിൽ പങ്കെടുക്കുന്നത് കെ.എസ്.യുക്കാർ മാത്രമാണ്. നിങ്ങളെപ്പോലെ മറ്റ് വർഗ ബഹുജന സംഘടനകളിൽ നിന്ന് കടംമേടിച്ച് ആളെക്കൂട്ടേണ്ട ഗതികേടൊന്നും കെ.എസ്.യുവിന് അന്നും ഇന്നുമില്ല. വിജയരാഘവനല്ല, പിണറായി വന്ന് കണ്ണുരുട്ടിയാലും ഈ പോരാട്ടം അവകാശങ്ങൾ നേടും വരെ തുടരും. അവകാശ പോരാട്ടവീഥിയിൽ, സി.പി.എം-എസ്.എഫ്.ഐ ക്രിമിനലുകൾ ക്രൂരമായ് കൊലപ്പെടുത്തിയ കെ.എസ്.യുവിന്റെ രക്തസാക്ഷികൾ പയ്യന്നൂരിലെ സജിത്ത് ലാലിന്റെയും, ഫ്രാൻസിസ് കരിപ്പായിയുടെയും ഉൾപ്പെടെ ശുഹൈബിലൂടെ കൃപേഷിലൂടെ - ശരത് ലാലിലൂടെ തുടരുന്ന അനശ്വര രക്തസാക്ഷി സ്മരണകൾ ഞങ്ങളുടെ സമരവീര്യത്തെ ജ്വലിപ്പിച്ചു നിർത്തും. എത്ര ഗീബൽസിന്റെ സന്തതികൾ വന്നു കുരച്ചാലും ഞങ്ങളെ തകർക്കാനാവില്ല. Content Highlights:Abhijith Kms facebook post against ldf convener A. Vijayaraghavan


from mathrubhumi.latestnews.rssfeed https://ift.tt/2Go0v2K
via IFTTT