Breaking

Wednesday, July 24, 2019

സി.പി.ഐ നേതാക്കള്‍ക്ക് പോലീസ് മര്‍ദനം: കാനത്തിന്റെ നിലപാട് അപഹാസ്യമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സിപിഐ നേതാക്കൾക്കെതിരെ പോലീസ് നടത്തിയ ലാത്തിചാർജിനെതിരെ പ്രതികരിക്കാൻ തയ്യാറാകാത്ത സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആട്ടും തുപ്പും സഹിച്ച് സിപിഐ എത്രകാലം മുന്നോട്ടുപോകുമെന്നും ചെന്നിത്തല ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കയറൂരിവിട്ട പോലീസാണ് കേരളത്തിലുള്ളത്. ഭരണകക്ഷി എംഎൽഎയുടെ കൈ അടിച്ചൊടിക്കുന്നു. ഭരണപക്ഷ പാർട്ടി സെക്രട്ടറിയുടെ തലയടിച്ചു പൊട്ടിക്കുന്നു. ഭരണകക്ഷി-പ്രതിപക്ഷ വ്യത്യാസമില്ലാതെ സമരം ചെയ്യുന്നവരെ മുഴുവൻ അടിച്ചമർത്തുന്ന പോലീസായി കേരള പോലീസിനെ മുഖ്യമന്ത്രി മാറ്റിയിരിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. പോലീസിന്റെയും സർക്കാരിന്റെയും നടപടികളോട് പ്രതികരിക്കാൻ തയ്യാറാകാത്ത സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് അപഹാസ്യമാണ്. ഈ കിരാത നടപടികൾക്കെതിരെ പോരാടാൻ എന്തുകൊണ്ട് സിപിഐ മുന്നോട്ടുവരുന്നില്ല എന്നത് അർഥഗർഭമായ കാര്യമാണ്. ഇത്തരത്തിൽ ആട്ടും തുപ്പും സഹിച്ച് സിപിഐ എത്രകാലം മുന്നോട്ടുപോകും എന്നതാണ് അറിയേണ്ടതായിട്ടുള്ളതെന്നും ചെന്നിത്തല പറഞ്ഞു. ചൊവ്വാഴ്ച സി.പി.ഐ. നടത്തിയ ഡി.ഐ.ജി. ഓഫീസ് മാർച്ചിനു നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ എൽദോ എബ്രഹാം എം.എൽ.എ, ജില്ലാ പഞ്ചായത്തംഗവും സി.പി.ഐ. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ കെ.എൻ. സുഗതൻ, ജില്ലാ സെക്രട്ടറി പി. രാജു എന്നിവർക്ക് പരിക്കേറ്റിരുന്നു. ഇരുപതിലേറെ പ്രവർത്തകർക്കും പരിക്കേറ്റു. വൈപ്പിൻ കോളേജിലെ അക്രമവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ.-എസ്.എഫ്.ഐ. പ്രവർത്തകർക്കെതിരേ നടപടിയെടുക്കാതെ ഒത്താശ ചെയ്ത ഞാറയ്ക്കൽ സി.ഐ.യെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്. Content Highlights:ramesh chennithala on CPI workers injured in lathicharge during protest march


from mathrubhumi.latestnews.rssfeed https://ift.tt/2LDHLRs
via IFTTT