കോട്ടയം: അവസാന മണിക്കൂറിൽ, പി.ജെ. ജോസഫ് അപ്രതീക്ഷിത നീക്കത്തിലൂടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ ഇന്ന് നടക്കാനിരിക്കുന്ന കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രതിസന്ധിയിൽ. പിളർപ്പിനുശേഷം നടക്കുന്ന നിർണായക തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിലെ ഇരുവിഭാഗവും വിട്ടുവീഴ്ചയില്ലാത്ത നിലപാടിലാണ്. ചൊവ്വാഴ്ച രാത്രി വൈകിയും ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും സമവായത്തിനുള്ള സാധ്യത കുറവാണ്. ബുധനാഴ്ച രാവിലെ പതിനൊന്നുമണിക്കാണ് തിരഞ്ഞെടുപ്പ്. നിലപാട് സ്വീകരിക്കാൻ ബുധനാഴ്ച രാവിലെ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ചേർന്നു. കോൺഗ്രസ് ആരെ പിന്തുണച്ചാലും മറുപക്ഷം കടുത്ത തീരുമാനമാകും എടുക്കുക. മുന്നണിമാറ്റത്തിനുവരെ ഇടയാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കേരള കോൺഗ്രസിലെ രണ്ട് വിഭാഗവും നിലപാടിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ എട്ടംഗങ്ങളുള്ള കോൺഗ്രസ് തനിച്ചു മത്സരിക്കണമെന്ന അഭിപ്രായം കോൺഗ്രസ് ജില്ലാനേതാക്കൾ സംസ്ഥാനനേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ടെന്നറിയുന്നു. അവസാനവർഷം കേരള കോൺഗ്രസിനെന്ന യു.ഡി.എഫ്. ധാരണപ്രകാരമാണ് പ്രസിഡന്റായിരുന്ന കോൺഗ്രസിലെ അഡ്വ. സണ്ണി പാമ്പാടി രാജിവെച്ചത്. കേരള കോൺഗ്രസിന്റെ ആറു അംഗങ്ങളും തങ്ങൾക്കൊപ്പമാണെന്നതിനാൽ ഈ പ്രതിസന്ധി ജോസ് കെ. മാണി പക്ഷം പ്രതീക്ഷിച്ചിരുന്നില്ല. ജോസഫ് ഗ്രൂപ്പിൽനിന്നു ജോസ് പക്ഷത്തേക്കെത്തിയ സെബാസ്റ്റ്യൻ കുളത്തുങ്കലിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ജില്ലാപ്രസിഡന്റ് സണ്ണി തെക്കേടം വിപ്പും നൽകിയിരുന്നു. തിരഞ്ഞെടുപ്പിനു മണിക്കൂറുകൾ മാത്രമുള്ളപ്പോഴാണ് ജോസ് പക്ഷം വിട്ട് അജിത്ത് മുതിരമല പി.ജെ. ജോസഫിനൊപ്പം ചേർന്നത്. പി.ജെ. ജോസഫ് അജിത്തിനെ പ്രസിഡന്റ് സ്ഥാനാർഥിയാക്കി അദ്ദേഹത്തിന് വോട്ടുചെയ്യണമെന്ന് വിപ്പുംനൽകി. ജോസ് പക്ഷത്തുള്ള അംഗങ്ങളുടെ വീടുകളിലെത്തി ഭിത്തികളിൽ ചൊവ്വാഴ്ച രാവിലെ നിർദേശം പതിച്ചു. വിപ്പ് നൽകാനുള്ള അധികാരം ആക്ടിങ് ചെയർമാനായ തനിക്കാണെന്ന് പി.ജെ. ജോസഫ് പ്രഖ്യാപിച്ചു. ജില്ലാപ്രസിഡന്റുമാർക്ക് വിപ്പ് നൽകാനുള്ള അധികാരം എടുത്തുകളയണമെന്നാവശ്യപ്പെട്ട് അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മിഷനെയും സമീപിച്ചു. പി.ജെ. ജോസഫിന് വിപ്പ് നൽകാനോ പിൻവലിക്കാനോ അധികാരമില്ലെന്ന പ്രസ്താവനയുമായി കേരള കോൺഗ്രസ്-എം. സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് രംഗത്തെത്തി. പാർട്ടി ഭരണഘടനപ്രകാരം ചിഹ്നം അനുവദിക്കുന്നതും വിപ്പ് നൽകുന്നതും ജില്ലാപ്രസിഡന്റാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാപ്രസിഡന്റ് സണ്ണി തെക്കേടത്തിനെ മാറ്റി തങ്ങളോടൊപ്പംവന്ന യൂത്ത് ഫ്രണ്ട് പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിനെ ജില്ലാപ്രസിഡന്റാക്കിയാണ് ജോസഫ് വിഭാഗം കരുക്കൾ നീക്കിയത്. കോൺഗ്രസ് നിലപാട് നിർണായകം കേരള കോൺഗ്രസിൽ തർക്കം തുടരുമ്പോഴും കോൺഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇരു കേരള കോൺഗ്രസുകളും യോജിച്ച സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നില്ലെങ്കിൽ കേരള കോൺഗ്രസിലെ ഇരുവിഭാഗവും മത്സരത്തിൽ ഉറച്ചുനിൽക്കുമ്പോൾ കർണാടക മോഡൽ ജോസ് പക്ഷത്തെ അഞ്ചുപേരിൽ ഒരാൾകൂടി തങ്ങളോടൊപ്പം വരുമെന്ന് ജോസഫ് വിഭാഗം അവകാശപ്പെടുന്നു. അംഗങ്ങളെ ജോസ് പക്ഷം അജ്ഞാത കേന്ദ്രത്തിലാക്കിയിരിക്കയാണെന്ന ആരോപണവുമുണ്ട്. ജോസ് പക്ഷം ആരോപണം നിഷേധിച്ചു. അഞ്ച് അംഗങ്ങളും ഒരേ നിലപാടിലാണെന്നും വിപ്പ് അനുസരിച്ച് വോട്ടുചെയ്യുമെന്നും അവർ പറയുന്നു. കക്ഷിനില ആകെ-22 കോൺഗ്രസ്-8 കേരള കോൺഗ്രസ്-6 സി.പി.എം.-6 സി.പി.ഐ.-1 കേരള ജനപക്ഷം-1 Content Highlights: Separate Candidates for Joseph faction & Jose K Mani Faction
from mathrubhumi.latestnews.rssfeed https://ift.tt/2SxkVLR
via
IFTTT