Breaking

Wednesday, July 24, 2019

ഒരു വര്‍ഷം അരികെ ടോക്യോ ഒളിമ്പിക്‌സ്

ആ സ്വപ്നത്തിലേക്ക് ഇനി ഒരു വർഷത്തിന്റെ ദൂരം. കായികലോകം കാത്തിരിക്കുന്ന ടോക്യോ ഒളിമ്പിക്സിന് തിരശ്ശീലയുയരാൻ ഇനി കൃത്യം ഒരു വർഷം. കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ, കൂടുതൽ ശക്തിയിൽ എന്ന മുദ്രാവാക്യവുമായി കായികലോകം ഒരൊറ്റ കളിമുറ്റത്ത് സംഗമിക്കുന്ന നിമിഷങ്ങൾക്ക് ആതിഥ്യമരുളാൻ ജപ്പാൻ ഒരുങ്ങുന്നു. ലോകം ഇതുവരെ കാണാത്ത അതിനൂതന സാങ്കേതികവിദ്യയുടെ വിസ്മയാനുഭവമാകും ടോക്യോ ഒളിമ്പിക്സ് എന്നാണ് ജപ്പാന്റെ വാഗ്ദാനം. 2020 ജൂലായ് 24 മുതൽ ഓഗസ്റ്റ് ഒമ്പതു വരെയാണ് മത്സരങ്ങൾ. 1964-ലെ ഒളിമ്പിക്സിന് ആതിഥ്യമരുളിയ ടോക്യോയിലേക്ക് ലോകത്തിലെ ഏറ്റവും വലിയ കായികമേള വിരുന്നെത്തുന്നത് ഇത് രണ്ടാംതവണ. പുതിയ കളികൾ വരുന്നു 33 ഇനങ്ങളിലായി 339 സ്വർണ മെഡലുകൾക്കായാണ് ഒളിമ്പിക്സിലെ പ്രധാന പോരാട്ടം. ഉദ്ഘാടനച്ചടങ്ങുകളും അത്ലറ്റിക്സും നടക്കുന്ന പ്രധാന സ്റ്റേഡിയം അടക്കം 42 വേദികളാണ് ജപ്പാൻ ഒരുക്കുന്നത്. കരാട്ടേ, ബേസ്ബോൾ, സ്കേറ്റ് ബോർഡിങ്, സർഫിങ്, സ്പോർട്സ് ക്ലൈംബിങ് എന്നീ അഞ്ച് പുതിയ മത്സരയിനങ്ങൾ ഇക്കുറിയുണ്ട്. ബേസ്ബോൾ 12 വർഷത്തിനുശേഷമാണ് ഒളിമ്പിക്സിലേക്ക് തിരിച്ചെത്തുന്നത്. മറ്റു നാല് ഇനങ്ങൾ ഇതാദ്യമായാണ് ഒളിമ്പിക്സിൽ ഉൾപ്പെടുത്തുന്നത്. അഞ്ച് ഇനങ്ങളിൽ 18 വിഭാഗങ്ങളിലായി അഞ്ഞൂറോളം മത്സരാർഥികൾ ഇത്തവണ അധികമായി ഒളിമ്പിക്സിൽ പങ്കെടുക്കും. 33 ഇനങ്ങളിലായി ആകെ പതിനൊന്നായിരത്തോളം കായികതാരങ്ങൾ പങ്കെടുക്കും. സാധാരണ 28 ഇനങ്ങളിലായി പതിനായിരത്തി അഞ്ഞൂറോളം മത്സരാർഥികളാണ് ഒളിമ്പിക്സിൽ പങ്കെടുക്കാറുള്ളത്. മിറൈറ്റോവ ഭാഗ്യചിഹ്നം നീലയും വെള്ളയും നിറങ്ങൾ കലർന്ന മിറൈറ്റോവയാണ് ടോക്കിയോ ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം. ഭാവി എന്നർഥംവരുന്ന മിറൈ, അനശ്വരം എന്നർഥമുള്ള തോവ എന്നീ രണ്ടു ജാപ്പനീസ് വാക്കുകൾ ചേർത്താണ് മിറൈറ്റോവയെ സൃഷ്ടിച്ചിരിക്കുന്നത്. ജപ്പാനിലെ സ്കൂളുകളിൽ കുട്ടികൾക്ക് പ്രിയപ്പെട്ടവരെ കണ്ടെത്താൻ നടത്തിയ യോ ഡാൻ പദ്ധതിയിലൂടെയാണ് മിറൈറ്റോവ ഒളിമ്പിക് ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തെ 17,000-ത്തോളം സ്കൂളുകൾ തിരഞ്ഞെടുപ്പിൽ പങ്കെടുത്തു. ജാപ്പനീസ് കലാകാരനായ റയോ തനിഗുച്ചിയാണ് മിറൈറ്റോവയെ രൂപകല്പനചെയ്തത്. ഉഷ്ണക്കാറ്റിനെ അതിജീവിക്കുന്നു ചരിത്രത്തിലെ ഏറ്റവും മികച്ച ഒളിമ്പിക്സാണ് ജപ്പാൻ വാഗ്ദാനം ചെയ്യുന്നതെങ്കിലും അതിന് ഭീഷണിയായി ഉഷ്ണക്കാറ്റുണ്ട്. കടുത്ത ഉഷ്ണക്കാറ്റിനെത്തുടർന്ന് തൊളിലാളികൾക്ക് ജോലിചെയ്യാൻ പറ്റാതെ നിർമാണപ്രവർത്തനം ഇടയ്ക്ക് സ്തംഭിച്ചിരുന്നു. രണ്ടുവേദികളുടെ നിർമാണം, പ്രതീക്ഷിച്ചതിനേക്കാൾ രണ്ടുമാസത്തിലേറെ പിറകിലാണ്. നീന്തൽ, ഡൈവിങ് മത്സരങ്ങൾ നടക്കേണ്ട ഒളിമ്പിക്സ് അക്വാറ്റിക്സ് സെന്റർ, തുഴച്ചിൽ മത്സരങ്ങൾ നടക്കേണ്ട സീ ഫോറസ്റ്റ് വാട്ടർവേ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് നിർമാണപ്രവർത്തനങ്ങൾ ഏറെ പിന്നിലുള്ളത്. എന്തൊക്കെയായാലും ശരി, വിജയകരമായി ഓടിയെത്തുമെന്ന് ജപ്പാൻ ഒളിമ്പിക് അധികൃതർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. Content Highlights: Tokyo Olympics 2020 one year to go


from mathrubhumi.latestnews.rssfeed https://ift.tt/30QEWzR
via IFTTT