മലമ്പുഴ: ആറങ്ങോട്ടുകുളമ്പ് പടലിക്കാട് ഭാഗത്ത് വീണ്ടും കാട്ടാനയിറങ്ങി. പുലർച്ചെ അഞ്ചുമണിയോടെ വീടിനുപുറത്തിറങ്ങിയ പരിസരവാസിക്ക് കാട്ടാനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റു. പടലിക്കാട്ടെ മുത്തുവിനാണ് (67) പരിക്കേറ്റത്. ചെവിയുടെ ഒരുഭാഗം അറ്റുപോയി. കണ്ണിനടുത്തും പരിക്കുണ്ട്. ഓടുന്നതിനിടെ വീണ് കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. മൂന്നാനകളാണ് പ്രദേശത്തുള്ളതെന്ന് നാട്ടുകാർ പറയുന്നു. രാവിലെ ചായകുടിക്കാനായി ഇറങ്ങിയ മുത്തു പുഴപ്പാലത്തിനുസമീപം ആനയുടെ മുന്നിൽപ്പെടുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ മുത്തുവിനെ ജില്ലാ ആശുപത്രിയിലേക്കെത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയശേഷം തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. വനംവകുപ്പ് ഉദ്യോഗസ്ഥരും എത്തി. മുത്തുവിന്റെ ചെവിക്ക് തുന്നലുണ്ട്. ആനകളെ കാടുകയറ്റാനായി ദ്രുതകർമസേനയും വനപാലകരും സ്ഥലത്തെത്തി. എന്നാൽ വൈകുന്നേരമായിട്ടും ഉൾക്കാട്ടിലേക്ക് കയറ്റാനായില്ല. വൈകീട്ടോടെ മഴയും ഇരുട്ടും ദൗത്യത്തിന് തടസ്സമായി. തേക്കിൻകാട് ഭാഗത്ത് കാട്ടിലുള്ള ആനകളെ ഉൾക്കാട് കയറ്റാനുള്ള ദൗത്യം രാത്രി എട്ടുമണിമുതൽ തുടർന്നു. ഒരുമാസമായി നാലാനകൾ ആറങ്ങോട്ടുകുളമ്പ്, പടലിക്കാട് ഭാഗത്തായി കറങ്ങുന്നുണ്ടെന്ന് പറയുന്നു. വ്യാഴാഴ്ചരാത്രിയും പ്രദേശത്ത് കറങ്ങിയ ആനകൾ കൃഷിയിടങ്ങളിലും നാശം വരുത്തിയതായി പരാതിയുണ്ട്. മാവും നെൽക്കൃഷിയുമാണ് നശിപ്പിച്ചത്. അതേസമയം, ആനകളെ ഓടിക്കാനായി വനംവകുപ്പിന് അനുവദിച്ചുനൽകിയ പമ്പ് ആക്ഷൻ ഗൺ ഉപയോഗിച്ചിട്ടില്ലെന്ന് പരാതിയുണ്ട്. രണ്ട് തോക്കുകളാണ് വകുപ്പിന് നൽകിയത്. എന്നാൽ, പ്രയോഗിക്കേണ്ട സാഹചര്യം വരാതിരുന്നതിനാലാണ് ഗൺ ഉപയോഗിക്കാതിരുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മുമ്പും ആനയുടെ മുന്നിൽ വെള്ളിയാഴ്ച ആനയുടെ അടിയേറ്റ് പരിക്കേറ്റ മുത്തു മുമ്പും ആനയുടെ കലിക്ക് ഇരയായിട്ടുള്ളതായി ബന്ധുക്കൾ പറയുന്നു. ആറങ്ങോട്ടുകുളമ്പിൽ താമസിച്ചിരുന്ന ഷെഡ് കഴിഞ്ഞവർഷം ആനകൾ നശിപ്പിക്കുകയുണ്ടായി. പിന്നീട് അവിടെനിന്ന് പടലിക്കാട്ടേക്ക് താമസം മാറ്റുകയായിരുന്നു. ഇപ്പോൾ സ്വകാര്യവ്യക്തിയുടെ കന്നുകാലികളെ മേച്ച് ജീവിക്കുകയാണ് മുത്തു. അടിക്കാട് വെട്ടും പ്രദേശത്ത് അടിക്കാടുകൾ വളർന്നത് ആനകളെ ഓടിക്കുന്നതിന് തടസ്സമായിരുന്നു. രണ്ടാനകളാണ് പ്രദേശത്ത് ഉള്ളതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഓടിക്കുന്നതിനിടെ അടിക്കാടുകൾക്കിടയിൽ ഒളിച്ച ഇവയെ കണ്ടെത്താനാകാത്തതും ദൗത്യത്തിന് തടസ്സമായി. ഇവ ശനിയാഴ്ചമുതൽത്തന്നെ വെട്ടുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആനകൾ പ്രദേശത്തിറങ്ങിയതോടെ സ്ഥലത്ത് പട്രോളിങ് ശക്തമാക്കി. വാച്ചർമാരും ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2xyfSRK
via
IFTTT