ആലപ്പുഴ: ത്രില്ലർ സിനിമകൾക്ക് സമാനമായിരുന്നു ഡോ. ഉമാദത്തന്റെ ഔദ്യോഗികജീവിതം. കൊലപാതകങ്ങളും അന്വേഷണവും കുറ്റവാളിയെ കണ്ടെത്തലും തുടങ്ങി ത്രില്ലർ സിനിമകൾക്ക് വേണ്ട എല്ലാ ചേരുവകളും ഉമാദത്തന്റെ ജീവിതത്തിൽ സുലഭമായിരുന്നു. രാജ്യത്തെതന്നെ ഏറ്റവും പ്രഗല്‌ഭനായ ഫൊറൻസിക് സർജന്റെ ജീവിതം സിനിമാക്കഥകളെ വെല്ലുന്നതായിരുന്നു. ഇത് വായിച്ചും ചോദിച്ചുമറിഞ്ഞ ആലപ്പുഴയിലെ മൂന്ന് ചെറുപ്പക്കാർ ഉമാദത്തൻറെ കഥ സിനിമയാക്കാൻ തീരുമാനിച്ചു. ‘ഫൊറൻസിക് സൈൻ’ എന്ന് ആ ചലച്ചിത്രത്തിന് അവർ പേരും ഇട്ടു. എന്നാൽ, സിനിമ പുറത്തിറങ്ങുന്നതിന് മുൻപേ കഥാനായകൻ വിടപറഞ്ഞു. തിരക്കഥ പൂർത്തിയാക്കി ചലച്ചിത്രം നിർമിക്കാനുള്ള തയ്യാറെടുപ്പ് നടക്കുന്നതിനിടെയാണ് ഡോ. ഉമാദത്തൻ വിട്ടുപിരിയുന്നത്. ഷമീർ പട്ടരുമഠം, സുനിർ സിദ്ദിഖ്, സുധീർ ആലപ്പുഴ എന്നിവർ ചേർന്നാണ് സിനിമയ്ക്കായുള്ള തിരക്കഥ രചിച്ചിരിക്കുന്നത്. ഒരു ഫൊറൻസിക് സർജന്റെ അനുഭവക്കുറിപ്പിലൂടെ കടന്നുപോകുന്ന പ്രമേയം മലയാളത്തിലുണ്ടായിട്ടില്ലെന്ന കണ്ടെത്തലിനെത്തുടർന്നാണ് തിരക്കഥ ഉണ്ടായത്. തിരക്കഥ പൂർത്തിയാക്കിയശേഷം ഉമാദത്തനെ കാണിച്ച് അനുഗ്രഹം തേടി. തിരക്കഥ ഉമാദത്തന് വളരെയേറെ ഇഷ്ടപ്പെടുകയും ചെയ്തു. മമ്മൂട്ടിയെ വച്ച് ഈ സിനിമ ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിൻറെ ആഗ്രഹം. അങ്ങനെ സിനിമയ്ക്കായുള്ള പ്രവർത്തനം മുന്നോട്ടുനീങ്ങുന്നതിനിടെയാണ് അദ്ദേഹത്തെ മരണം തേടിയെത്തുന്നത്. ആദ്യം രണ്ട് സംവിധായകർ സിനിമ ചെയ്യുന്നതിനായി തയ്യാറായിരുന്നു. എന്നാൽ, തിരക്കുകൾ കാരണം അവർ പിന്മാറി. ഇപ്പോൾ പ്രഭാ ജോസ് എന്ന നവാഗതനാണ് സിനിമ സംവിധാനം ചെയ്യുന്നതിനായി മുന്നോട്ടുവന്നിരിക്കുന്നത്. കേരളത്തെ ഞെട്ടിച്ച സുകുമാരക്കുറുപ്പ് കേസുൾപ്പെടെ പല പ്രമാദമായ കൊലക്കേസുകളും കുറ്റകൃത്യങ്ങളും കണ്ടെത്താൻ പോലീസിനെ സഹായിച്ച ഫൊറൻസിക് സർജൻ ആണ് ഡോ. ബി.ഉമാദത്തൻ. സർവീസിൽനിന്ന് വിരമിച്ചശേഷവും പോലീസിന് പല കേസുകളിലും വേണ്ട ഉപദേശങ്ങളും നിർദേശങ്ങളും അദ്ദേഹം നൽകുന്നുണ്ടായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/325WjOz
via
IFTTT