തിരുവനന്തപുരം: ഒരു മാസം മുമ്പ് യൂണിവേഴ്സിറ്റി കോളേജിൽനിന്ന് ഒരു വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന അധ്യാപകനെ കൊഴിഞ്ഞാംപാറയിലേക്കു സ്ഥലംമാറ്റി. അതും ആ ആധ്യാപകന്റെ അമ്മ മരിച്ച് മൂന്നാംദിവസം. കോളേജിൽ പെൺകുട്ടി ആത്മഹത്യക്കു ശ്രമിച്ചതിന്റെ കുറ്റം അധ്യാപകന്റെ തലയിലാക്കിയായിരുന്നു നടപടി. എന്നാൽ, എസ്.എഫ്.ഐ. യൂണിറ്റിലുള്ളവരുടെ പെരുമാറ്റങ്ങൾക്കെതിരേയാണ് പെൺകുട്ടി പലതവണ പരാതി നൽകിയിരുന്നത്. ഇവരുടെ പെരുമാറ്റങ്ങളെക്കുറിച്ച് പിന്നീടും പെൺകുട്ടി തുറന്നുപറഞ്ഞു. എന്നാൽ, ഈ യൂണിറ്റിനെ അനുകൂലിക്കാത്ത അധ്യാപകനെതിരേയാണ് അധികൃതർ നടപടിയെടുത്തത്. ഈ അധ്യാപകൻ ഇപ്പോൾ കത്തിക്കുത്ത് കേസിൽ പിരിച്ചുവിട്ട എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റിക്ക് അനഭിമതനായിരുന്നു. ഇടതുപക്ഷ അധ്യാപകസംഘടന പ്രവർത്തകനാണെങ്കിലും യൂണിറ്റിലെ ഗുണ്ടകളുടെ നിർദേശങ്ങൾ ഇദ്ദേഹം അനുസരിക്കുന്നില്ല എന്നതായിരുന്നു പ്രശ്നം. അവസരം കിട്ടിയപ്പോൾ ഇദ്ദേഹത്തിനെ സ്ഥലംമാറ്റി. സിൻഡിക്കേറ്റിലെ ഒരംഗത്തിന് ഈ അധ്യാപകനോടുണ്ടായിരുന്ന പൂർവവൈരാഗ്യം കൂടിയായപ്പോൾ കാര്യം എളുപ്പമായി. ഇടത് അനുഭാവിയായ അധ്യാപകനാണെങ്കിൽക്കൂടി ഇവിടെ എസ്.എഫ്.ഐ. യൂണിറ്റിനെ പേടിച്ചുമാത്രമേ പ്രവർത്തിക്കാനാവൂ. ഇല്ലെങ്കിൽ മുകളിലേക്ക് അടിസ്ഥാനരഹിതമായി പരാതികൾ പോകും. നഗരത്തിലെ കാര്യങ്ങൾ നോക്കാനുള്ള ഗുണ്ടാസംഘത്തെ തള്ളിപ്പറയാനാവാത്തതിനാൽ പാർട്ടിയും അകമഴിഞ്ഞ് സഹായിക്കും. പോലീസിനും ഇവരെ തൊടാൻ പേടിയാണ്. ഇതിനെല്ലാം പിന്തുണ നൽകുന്നതും ഒരു കൂട്ടം അധ്യാപകരാണ്. കോളേജിലെ സി.പി.എം. ഫ്രാക്ഷനാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. എന്നാൽ, ചെല്ലും ചെലവും കൊടുത്ത് ഫ്രാക്ഷനും പാർട്ടിയും വളർത്തിക്കൊണ്ടുവന്ന വിദ്യാർഥികൾ അവസാനം കൈവിട്ടുപോവുകയായിരുന്നു. പോലീസിനെ നടുറോഡിൽ തല്ലിയാൽപോലും പാർട്ടി സംരക്ഷിക്കും എന്ന് മനസ്സിലായതോടെ ആരുടെ നെഞ്ചിലും കത്തികയറ്റാനുള്ള ധൈര്യം ഇവർക്ക് ലഭിച്ചു. ഈ കേസിലെ പ്രതികളെ മിക്കപ്പോഴും സംരക്ഷിക്കുന്നത് സി.പി.എം ജില്ലാ കമ്മിറ്റിയിലെ പ്രമുഖനാണെന്നാണ് മറ്റ് വിദ്യാർതഥികൾ പറയുന്നത്. ഇടതുപക്ഷ സഹയാത്രികരായ ഒരു വിഭാഗം അധ്യാപകർതന്നെ ഇതെല്ലാം കണ്ട് പ്രതികരിക്കാനാവാതെ നിശ്ശബ്ദരായിരിക്കുന്നുമുണ്ട്. സ്പോട്ട് അഡ്മിഷനിലൂടെ പ്രവേശനം; പുസ്തകം തുറന്നുെവച്ച് പരീക്ഷയെഴുത്ത് സ്പോട്ട് അഡ്മിഷൻ എന്ന പ്രവേശന രീതിയിലൂടെയാണ് എസ്.എഫ്.ഐ. പാർട്ടി വളർത്താൻ കോളേജിൽ കുട്ടിനേതാക്കളെ കയറ്റുന്നത്. ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലേക്ക് പ്രിൻസിപ്പൽ തന്നെ പ്രവേശനം നടത്തുന്ന രീതിയാണിത്. ഇതിന്റെ അറിയിപ്പ് പുറത്തേക്കെങ്ങും പോവാറില്ല. അതൊക്കെ ഓഫീസ് ജീവനക്കാർ നോക്കിക്കൊള്ളും. അപേക്ഷകരും എസ്.എഫ്.ഐ.ക്കാർ മാത്രമായിരിക്കും. ഇനിയെങ്ങാനും പുറത്തറിഞ്ഞ് ആരെങ്കിലും അപേക്ഷിച്ചാൽ കുട്ടിസഖാക്കൾ വീട്ടിലെത്തും. ഇല്ലെങ്കിൽ പ്രവേശനത്തിനെത്തുമ്പോൾ ഗേറ്റിൽ തടഞ്ഞ് തിരിച്ചയക്കും. തങ്ങൾക്കുവേണ്ട സീറ്റുകളിൽ പ്രവേശനം നടത്താതെ ഒഴിച്ചിടാനുള്ള തന്ത്രങ്ങളും ഇവർക്കറിയാം. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രവേശന നടപടികളിൽ ജീവനക്കാർക്കൊപ്പം കുട്ടിസഖാക്കളും സജീവമായിരുന്നു. കുട്ടികളുടെ പേര് വായിക്കുന്നതും അകത്തേക്കു കടത്തിവിടുന്നതുമെല്ലാം എസ്.എഫ്.ഐ. യൂണിറ്റുകാരാണ്. പുറത്തിറങ്ങുമ്പോൾ ആവശ്യത്തിനു പണം പിരിക്കാനും ഇത് സഹായിക്കും. അധ്യാപകർ തന്നെയാണ് ഇതിന് ഇവരെ നിയോഗിക്കുന്നതും. പ്രിൻസിപ്പലിനെക്കാളും അധികാരം എസ്.എഫ്.ഐ. യൂണിറ്റിനാണെന്ന് കഴിഞ്ഞ ദിവസം പ്രിൻസിപ്പൽ കെ.വിശ്വംഭരനു പരോക്ഷമായി സമ്മതിക്കേണ്ടിവരികയും ചെയ്തു. കത്തിക്കുത്ത് നടക്കുമ്പോൾ കുഴപ്പമൊന്നുമില്ലെന്ന് വിദ്യാർഥികൾ (എസ്.എഫ്.ഐ. നേതാക്കൾ) പറഞ്ഞത് വിശ്വസിച്ചാണ് അകത്തേക്കു പോയതെന്നായിരുന്നു പ്രിൻസിപ്പൽ പറഞ്ഞത്. മാധ്യമങ്ങളെ പുറത്താക്കണമെന്ന് നേതാക്കളും ചില അധ്യാപകരും ആവശ്യപ്പെട്ടതനുസരിച്ച് അതും അദ്ദേഹം ചെയ്തിട്ട് തിരിച്ച് മുറിയിലേക്കു പോയി. സാധാരണ വിദ്യാർഥികൾ ക്ലാസ് കിട്ടാതെയും പഠിക്കാനാവാതെയും വലയുമ്പോഴും നേതാക്കൾ നല്ല മാർക്കിൽ ജയിക്കും. പാഠപുസ്തകമോ, നോട്ടോ, ഗൈഡോ എന്തു വേണമെങ്കിലും െവച്ച് പരീക്ഷയെഴുതാം. ഇതിനും കഴിവില്ലാത്തവർക്ക് മറ്റാരുടെയെങ്കിലും ഉത്തരക്കടലാസ് നോക്കിയെഴുതാനായി ലഭിക്കുകയും ചെയ്യും. നേതാക്കൾക്കു മാത്രമുള്ള ഡിസ്കൗണ്ടാണിത്. പാർട്ടി വളർത്തുന്നതിന്റെ നന്ദി. ഇതിനുവേണ്ട സഹായമെല്ലാം വാത്സല്യനിധികളായ പാർട്ടി അധ്യാപകർ ചെയ്തുകൊടുക്കും. അതിനാൽ ഇവർ ക്ലാസിൽ കയറുകയോ പുസ്തകം തൊടുകയോ ഇല്ല. മാത്രമല്ല നഗരത്തിൽ നടക്കുന്ന മിക്ക പരിപാടികൾക്കും വിദ്യാർഥികളെ നിർബന്ധിച്ച് പങ്കെടുപ്പിക്കുന്നതിന്റെ നേതൃത്വവും ഇവർക്കാണ്. അധ്യാപകർ കണ്ടില്ലെന്നുനടിക്കുകയും ചെയ്യും. എല്ലാ നേതാക്കളും ഇങ്ങനെയാണെന്നല്ല. അക്രമികളും ഗുണ്ടകളുമല്ലാതെ പഠിക്കാനായി വരികയും ഒപ്പം സംഘടനാപ്രവർത്തനം നടത്തുകയും ചെയ്യുന്ന നിരവധി നല്ല വിദ്യാർഥിനേതാക്കളും ഇപ്പോഴുമുണ്ട്. പേര് റീ അഡ്മിഷൻ, പഠിക്കുന്നത് വർഷങ്ങളോളം റീ അഡ്മിഷനെന്ന പരിപാടിയിലൂടെ ഒരു നേതാവ് വർഷങ്ങൾ കോളേജിലുണ്ടാകും. ആദ്യം പ്രവേശനം നേടുന്ന കോഴ്സിന്റെ അവസാനത്തെ സെമസ്റ്ററൊക്കെയാവുമ്പോൾ ഒന്നുകൂടി ആദ്യം മുതലേ പഠിക്കും. വേണ്ടത്ര ഹാജരില്ലെന്ന പേരിൽ പ്രത്യേക അനുമതി നേടിയാണ് ആദ്യ സെമസ്റ്റർ മുതൽ പഠിച്ചു തുടങ്ങുന്നത്. ഇങ്ങനെ ഒരു ബിരുദ കോഴ്സ് പൂർത്തിയാക്കാൻ അഞ്ചുവർഷം പഠിക്കാം. ഇത് കഴിഞ്ഞാൽ അടുത്ത അഞ്ചുവർഷം ഇതുപോലെ മറ്റൊരു വിഷയത്തിലെ കോഴ്സും പഠിക്കാം. ഇതു കഴിഞ്ഞാൽ ബിരുദാനന്തര ബിരുദത്തിനും ഇതുതന്നെയാണ് അവസ്ഥ. നിരവധി എസ്.എഫ്.ഐ. നേതാക്കൾ ഇത്തരത്തിൽ യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുന്നുണ്ട്. ഇപ്പോൾ വിദ്യാർഥിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയായ 28 വയസ്സുള്ള നിസാമും ഇത്തരത്തിൽ പഠിക്കുന്ന ആളാണ്. മറ്റെന്തെങ്കിലും ഒരു ജോലിയോ പദവിയോ കിട്ടുന്നതുവരെ ഇവർ ഇങ്ങനെ കോളേജിൽ തുടരും. നേതാവ് കളിക്കാൻ മാത്രം എത്തുന്ന ഇവർ പാർട്ടി പരിപാടികളുടെ പ്രധാന സംഘാടകരായിരിക്കും. രാത്രി പോസ്റ്ററൊട്ടിക്കുന്നതു മുതൽ പരിപാടിക്ക് ആളെ എത്തിക്കുന്നതുവരെ ഇവരാണ്. റീ അഡ്മിഷൻ കിട്ടണമെങ്കിൽ പഠിക്കുന്ന വകുപ്പുമേധാവിയുടെയും പ്രിൻസിപ്പലിന്റെയും സർവകലാശാല അധികൃതരുടെയും സഹായം വേണം. മതിയായ കാരണം കാട്ടി കോളേജ് അധികൃതർ നിർദേശിച്ചാലേ സർവകലാശാല അനുമതി നൽകുയുള്ളൂ. പക്ഷേ, എസ്.എഫ്.ഐ. നേതാക്കൾക്ക് ഇതെല്ലം ദിവസങ്ങൾക്കുള്ളിൽ സാധിച്ചുകൊടുക്കാൻ അധ്യാപകരുടെയും നേതാക്കളുടെയും വലിയൊരു നിരതന്നെയുണ്ട്. അസുഖം മൂലമോ മറ്റെന്തെങ്കലും കാരണത്താലോ ഹാജർ ലഭിക്കാതിരിക്കുന്ന വിദ്യാർഥികളെ സഹായിക്കാനാണ് റീ അഡ്മിഷൻ സമ്പ്രദായം. പക്ഷേ, ഇത് ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യുന്നത് യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ.ക്കാരാണ്. (തുടരും) content highlights:university college
from mathrubhumi.latestnews.rssfeed https://ift.tt/2ltSOAR
via
IFTTT