ന്യൂഡൽഹി: രാജ്യസഭയിൽ അംഗബലം വർധിപ്പിക്കാൻ ബി.ജെ.പി. നീക്കം ശക്തമാക്കി. എതിർപാളയത്തിൽ നിന്ന് അംഗങ്ങളെ അടർത്തിയെടുത്തോ രാജിവെപ്പിച്ചോ ബി.ജെ.പി. പ്രാതിനിധ്യം വർധിപ്പിക്കാനാണു ശ്രമം. മുത്തലാഖ്, പൗരത്വ ഭേദഗതി ബില്ലുകൾ സഭയിൽ എത്തുന്നതിനുമുമ്പ് അംഗബലം ഇനിയും കൂട്ടാനാണ് കേന്ദ്രനേതൃത്വം നീക്കം നടത്തുന്നത്. പാർലമെന്റ് സമ്മേളനത്തിന്റെ അവസാന ദിവസങ്ങളിലായിരിക്കും ഈ നിർണായകബില്ലുകൾ അവതരിപ്പിക്കുക. 245 അംഗ രാജ്യസഭയിൽ ബി.ജെ.പി.ക്കു നിലവിൽ 78 അംഗങ്ങളാണുള്ളത്. വിവിധ പാർട്ടികളിൽനിന്നായി ഈയിടെ ചേക്കേറിയ അംഗങ്ങളുടെ എണ്ണം ഉൾപ്പെടെയാണിത്. തെലുഗുദേശം പാർട്ടിയിലെ നാല് അംഗങ്ങൾ കഴിഞ്ഞമാസം ബി.ജെ.പി.യിൽ ചേർന്നിരുന്നു. സമാജ്വാദി പാർട്ടി അംഗമായ നീരജ് ശേഖർ കഴിഞ്ഞയാഴ്ച രാജ്യസഭാംഗത്വം രാജിവെച്ച് ബി.ജെ.പി.യിൽ ചേർന്നിരുന്നു. സമാജ്വാദി പാർട്ടിയിൽ ഇനിയും അതൃപ്തരായ അംഗങ്ങളുണ്ടെന്നും കൂടുതൽപേർ ബി.ജെ.പി.യിൽ ചേരാൻ സാധ്യതയുണ്ടെന്നും നീരജ് ശേഖർ മാധ്യമങ്ങളോടു പറഞ്ഞു. ഉത്തർപ്രദേശിൽനിന്നുള്ള മറ്റ് പാർട്ടി അംഗങ്ങൾ രാജിവെച്ചാൽ അവരെ ബി.ജെ.പി. ടിക്കറ്റിൽ രാജ്യസഭയിലേക്ക് ജയിപ്പിക്കാനാണു തന്ത്രം. 2020-ൽ എൻ.ഡി.എ.യ്ക്ക് രാജ്യസഭയിൽ ഭൂരിപക്ഷം ലഭിക്കുമെന്നാണു ബി.ജെ.പി.യുടെ കണക്കുകൂട്ടൽ. എന്നാൽ, അതിനുമുമ്പുതന്നെ രാജ്യസഭയിൽ എൻ.ഡി.എ.യ്ക്ക് സുഗമമായ നില ലഭിക്കാൻ ഇരുപക്ഷത്തും പ്രത്യക്ഷമായി ചേരാതെ നിൽക്കുന്ന പാർട്ടികൾ പിന്തുണയ്ക്കുമെന്ന് ഒരു മുതിർന്നനേതാവ് പറഞ്ഞു. ബി.ജെ.ഡി., വൈ.എസ്.ആർ.കോൺഗ്രസ് പാർട്ടി, ടി.ആർ.എസ്. തുടങ്ങിയ പാർട്ടികളിൽനിന്ന് വിഷയാധിഷ്ഠിത പിന്തുണയാണു ബി.ജെ.പി. പ്രതീക്ഷിക്കുന്നത്. മുത്തലാഖ്, പൗരത്വ ഭേദഗതി ബില്ലുകൾ എങ്ങനെയെങ്കിലും രാജ്യസഭയുടെ കടമ്പ കടത്തുക എന്നതാണ് ബി.ജെ.പി.യുടെ അജൻഡ. ലോക്സഭയിൽ അനായാസം പാസാകുമെങ്കിലും രാജ്യസഭയിലെ അംഗബലം പ്രധാന തടസ്സമാണ്. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിലും രാജ്യസഭയുടെ കടമ്പ കടക്കാൻ മുത്തലാഖ് ബില്ലിനു കഴിഞ്ഞില്ല. തുടർന്ന് സർക്കാർ ഓർഡിനൻസ് കൊണ്ടുവരുകയായിരുന്നു. Content Highlights: crucial bills to come before parliament in this session
from mathrubhumi.latestnews.rssfeed https://ift.tt/2M1OALT
via
IFTTT