Breaking

Wednesday, July 3, 2019

സി.ഒ.ടി.നസീർ വധശ്രമം: ഗൂഢാലോചന നടന്നത് എം.എൽ.എ.യുടെ ബോർഡ് വെച്ച കാറിലെന്ന് മൊഴി

തലശ്ശേരി: സി.പി.എം. മുൻ നേതാവ് സി.ഒ.ടി.നസീർ വധശ്രമത്തിന്റെ ഗൂഢാലോചന നടന്നത് എം.എൽ.എ.യുടെ ബോർഡ് വെച്ച കാറിലെന്ന് മൊഴി. കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോൾ പ്രതി പൊട്ടി സന്തോഷാണ് ഇക്കാര്യം പോലീസിനോടു പറഞ്ഞത്. ഇതിനെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താൻ പോലീസ് തയ്യാറായില്ല. ബി.ജെ.പി. നേതാവ് എം.പി.സുമേഷിനെ വധിക്കാൻ ശ്രമിച്ച കേസിൽ തടവിൽക്കഴിയുന്ന സന്തോഷിനെ ഒരാഴ്ചമുമ്പാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തത്. അപ്പോഴാണ് എം.എൽ.എ.യുടെ ബോർഡ് വെച്ച കാറിലാണ് മറ്റൊരു പ്രതിയായ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി എൻ.കെ.രാഗേഷ് തന്നെ കാണാനെത്തിയതെന്ന് സന്തോഷ് പറഞ്ഞത്. ചോനാടത്തെ കിൻഫ്ര പാർക്കിനു മുന്നിൽവെച്ചായിരുന്നു കാറിലുള്ള കൂടിക്കാഴ്ച. നസീറിന് 'പണി' കൊടുക്കണമെന്ന ആദ്യചർച്ച നടന്നത് ഇവിടെ കാറിൽവെച്ചായിരുന്നു. കുണ്ടുചിറയിലെ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന മൈതാനത്തിനു സമീപംവെച്ചാണ് ആക്രമണത്തിന്റെ കാര്യത്തിൽ അന്തിമതീരുമാനമെടുത്തത്. കാറിന്റെ ഉടമയല്ലെങ്കിലും ഇടയ്ക്കിടെ രാഗേഷ് ഈ കാർ ഉപയോഗിക്കാറുണ്ട്. സി.പി.എം. തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസ് മുൻസെക്രട്ടറിയായ രാഗേഷ് എ.എൻ.ഷംസീർ എം.എൽ.എ.യുടെ അടുത്തയാളാണ്. എന്നാൽ കാറിന്റെ ഉടമയെ ചോദ്യംചെയ്യാൻ പോലീസ് തയ്യാറായിട്ടില്ല. ഗൂഢാലോചന നടന്നുവെന്ന് കരുതുന്ന കാറിന്റെ നമ്പർ പോലീസിന്റെ കൈവശമുണ്ട്. എന്നാൽ, ഇക്കാര്യം പോലീസ് സന്തോഷിന്റെ മൊഴിയായി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സൂചന. മാത്രമല്ല, കാറിനെപ്പറ്റി അറിഞ്ഞിട്ട് രണ്ടാഴ്ചയായിട്ടും കാറിന്റെ ഉടമയുടെ മൊഴിയെടുക്കാൻപോലും തയ്യാറായിട്ടില്ല. മൊഴിയെടുക്കുന്നതും കാർ കസ്റ്റഡിയിലെടുക്കുന്നതും വൈകിക്കുന്നതിൽ പോലീസിന് ബാഹ്യസമ്മർദമുണ്ടെന്നാണ് സൂചന. കാറിനെക്കുറിച്ച് വിവരംലഭിച്ചശേഷം അന്വേഷണം മന്ദഗതിയിലായിരിക്കുകയാണ്. എ.എൻ.ഷംസീർ എം.എൽ.എ.ക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് നസീർ ആവർത്തിച്ചിരുന്നു. content highlights:murder attempt against cot naseer


from mathrubhumi.latestnews.rssfeed https://ift.tt/2FNEsTc
via IFTTT