ഒറ്റപ്പാലം: ഒറ്റപ്പാലം നഗരസഭയ്ക്കകത്തെ മോഷണക്കേസിൽ പോലീസ് അന്വേഷണം മോഷ്ടാവിലേക്കെത്തിയതായി സൂചന. നഗരസഭയിലെ പ്രധാന പദവിയിലിരിക്കുന്ന ഒരു കൗൺസിലറാണ് മോഷണത്തിനുപിന്നിലെന്നാണ് സൂചനകൾ. ഇവരെ പ്രതിചേർത്ത് പോലീസ് ഉടൻ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചേക്കും. ജൂൺ 20-നാണ് സ്ഥിരംസമിതി അധ്യക്ഷയുടെ 38,000 രൂപ നഷ്ടമാകുന്നത്. ശേഷം വിരലടയാളമടക്കമുള്ള പരിശോധനകൾ പൂർത്തിയാക്കിയ പോലീസിന്റെ അന്വേഷണം നാല് കൗൺസിലർമാരിലേക്കെത്തിയിരുന്നു. എന്നാൽ ചോദ്യംചെയ്യലിൽ ആരുംതന്നെ കുറ്റം സമ്മതിച്ചിരുന്നില്ല. ശാസ്ത്രീയമായ തെളിവുകൾക്കായി ഇതിൽ രണ്ടുപേരെ നുണപരിശോധനയ്ക്ക് വിധേയരാക്കാനും പോലീസ് തീരുമാനിച്ചതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. നുണപരിശോധനയില്ലാതെത്തന്നെ മോഷ്ടവിനെ തിരിച്ചറിയാനായതായാണ് സൂചനകൾ. എന്നാൽ ഇതുവരെ പോലീസ് പ്രതിയുടെപേര് വെളിപ്പെടുത്തിയിട്ടില്ല. വിവരങ്ങൾ സ്ഥിരീകരിച്ചശേഷം ഒരാഴ്ചക്കകംതന്നെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചേക്കുമെന്നാണ് അറിയുന്നത്. രാഷ്ട്രീയ സമ്മർദമുള്ള സാഹചര്യത്തിൽ അറസ്റ്റിലേക്ക് നീങ്ങില്ലെന്നാണ് വിവരം. പരാതിക്കാരി സ്ഥിരംസമിതി അധ്യക്ഷയും സി.പി.എം. കൗൺസിലറാണ്. മോഷണക്കേസ് മറ്റൊരു കൗൺസിലറിലെത്തിയതോടെ കേസ് പിൻവലിക്കാനുള്ള നീക്കങ്ങളും ഒത്തുതീർപ്പുചർച്ചകളും നടന്നിരുന്നു. എന്നാൽ, പോലീസ് അന്വേഷണമോ നടപടികളോ നിർത്തിയിരുന്നില്ല. ഇതോടെ, ആകെ വെട്ടിലായസ്ഥിതിയിലാണ് സി.പി.എം. നേതൃത്വംനൽകുന്ന നഗരസഭാ ഭരണസമിതി. കൂടുതൽ പരാതികളെത്തുന്നു നഗരസഭയിൽവെച്ച് പണം പോയെന്ന് പോലീസ് സ്റ്റേഷനിൽ വീണ്ടും പരാതി. ബി.ജെ.പി. കൗൺസിലറുടെ 8,000 രൂപ നഷ്ടമായതായാണ് പരാതി. മേയ് 21-ന് നഗരസഭയിലെ ഒരു സ്ഥിരംസമിതി അധ്യക്ഷയുടെ ഓഫീസിൽവെച്ച് ബാഗിൽനിന്ന് പണമുൾപ്പെടെ ബാങ്ക് പാസ്ബുക്ക്, മരുന്ന് കുറിപ്പ്, കരമടച്ച രശീത് എന്നിവ വെച്ച കവറാണ് നഷ്ടമായത്. അന്ന് ഇവർ പരാതി നൽകിയിരുന്നില്ല. മേയ് 29-ന് അരപ്പവൻ സ്വർണവും 14,000 രൂപയും നഷ്ടപ്പെട്ട രണ്ട് ജീവനക്കാരികളും ബുധനാഴ്ച പരാതിയുടെ നിലവിലെ സ്ഥിതിയറിയാൻ സ്റ്റേഷനിലെത്തിയിരുന്നു. കഴിഞ്ഞദിവസം വിവാഹം രജിസ്റ്റർചെയ്യാൻ വന്ന് പണം നഷ്ടപ്പെട്ടസംഭവത്തിലെ പരാതിക്കാരൻ വീണ്ടും പരാതി നൽകിയിരുന്നു. അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന കേസിലെ പരാതിക്കാരിയായ സ്ഥിരംസമിതി അധ്യക്ഷ കേസ് പിൻവലിക്കാനുള്ള നീക്കം നടത്തിയതിനെത്തുടർന്നാണ് കൂടുതൽ പരാതികൾ എത്തിയത്. ഒറ്റപ്പാലം നഗരസഭയിലെ മോഷണം : കള്ളനെ പിടിക്കണമെന്നാവശ്യപ്പെട്ട് തലയിൽ മുണ്ടിട്ട് പ്രതിഷേധം content highlights:ottapalam municipality theft case
from mathrubhumi.latestnews.rssfeed https://ift.tt/2YWe80s
via
IFTTT