ന്യൂഡൽഹി: കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി കോൺഗ്രസിന് തലവേദനയായിരിക്കെ പ്രശ്നം പരിഹരിക്കാൻ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിനെ കോൺഗ്രസ് നേതൃത്വം ചുമതലപ്പെടുത്തി. ഞായറാഴ്ച പൂർണമായും കർണാടകയിലെ പ്രശ്നപരിഹാരത്തിനായി നീക്കിവെക്കാനാണ് കമൽനാഥിനോട് നിർദ്ദേശിച്ചിരിക്കുന്നത്. ഇതുപ്രകാരം ശനിയാഴ്ച രാത്രി കമൽനാഥ് ബെംഗ്ലൂരുവിലെത്തി. പാർട്ടിയുടെ എംഎൽഎമാരെ നേരിട്ട് കാണുകയാണ് ഉദ്ദേശം. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് എംഎൽഎമാർ കൂറുമാറാതിരിക്കാനുള്ള ദൗത്യവുമായാണ് കമൽ നാഥ് എത്തിയിരിക്കുന്നത്. കോൺഗ്രസ് പലപ്പോഴും സമാനമായ പ്രതിസന്ധികൾ നേരിട്ടപ്പോഴൊക്കെ കമൽ നാഥിന്റെ ഇടപെടൽ ഫലം കണ്ടിരുന്നു. ഈ അനുഭവ പരിചയം കർണാടകയിൽ പ്രയോഗിക്കാനാണ് കോൺഗ്രസ് അദ്ദേഹത്തെ നിയോഗിച്ചിരിക്കുന്നത്. എച്ച്.ഡി കുമാരസ്വാമി സർക്കാരിന്റെ ഭാവി തുലാസിലായിരിക്കുന്ന സാഹചര്യത്തിൽ സഖ്യം തകരാതെ നോക്കുക എന്ന ഉത്തരവാദിത്തവും ഇദ്ദേഹത്തിനുണ്ട്. 13 കോൺഗ്രസ് എംഎൽഎമാരും മൂന്ന് ജെഡിഎസ് എംഎൽഎമാരും രാജി സമർപ്പിച്ചതിനാൽ സർക്കാരിന് സഭയിൽ ഭൂരിപക്ഷമില്ലാത്ത അവസ്ഥയിലാണ്. ബിജെപി ഓപ്പറേഷൻ കമലയിലൂടെ തങ്ങളുടെ എംഎൽഎമാരെ കൂറുമാറ്റുകയാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. തിങ്കളാഴ്ച സഭയിൽ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കും. അതേസമയം എംഎൽഎമാരുടെ രാജി സ്പീക്കർ ഇതുവരെ സ്വീകരിച്ചിട്ടില്ലാത്തതിനാൽ എല്ലാവർക്കും കോൺഗ്രസ് വിപ്പ് നൽകിയിട്ടുണ്ട്. കോൺഗ്രസിന് ശുഭപ്രതീക്ഷ നൽകി രണ്ട് വിമത എംഎൽഎമാർ രാജി പിൻവലിച്ചേക്കുമെന്ന് സൂചനയുണ്ട്. content Highlights: Kamal Nath, Karnataka Political Crisis, Congress, BJP
from mathrubhumi.latestnews.rssfeed https://ift.tt/2XK9kyQ
via
IFTTT