Breaking

Friday, July 19, 2019

ആർ.എസ്.എസ്. പ്രാർത്ഥന ഏറ്റുചൊല്ലി, വേദി പങ്കിട്ട് ജേക്കബ് തോമസ്

കൊച്ചി: ആർ.എസ്.എസ്. സംഘടിപ്പിച്ച ചടങ്ങിൽ അധ്യക്ഷനായി മുൻ ഡി.ജി.പി. ജേക്കബ് തോമസ്. രാഷ്ട്രീയ സ്വയംസേവക സംഘം ഐ.ടി. മിലന്റെ ഈ വർഷത്തെ ഗുരുദക്ഷിണ-ഗുരുപൂജ മഹോത്സവത്തിലാണ് അദ്ദേഹം പങ്കെടുത്തത്. ചടങ്ങിനൊടുവിൽ നടന്ന സംഘപ്രാർത്ഥന നെഞ്ചോട് കൈകൾ ചേർത്ത് ഏറ്റുചൊല്ലുകയും ചെയ്തു. വ്യാഴാഴ്ച വൈകീട്ട് കാക്കനാട് എം.ആർ.എ. ഹാളിലായിരുന്നു പരിപാടി. യഥാർത്ഥ ഭാരതസംസ്കാരം വൈദേശിക സംസ്കാരങ്ങൾക്കിടയിൽപ്പെട്ട് ഞെരുങ്ങുന്ന അവസ്ഥയാണെന്ന് അധ്യക്ഷപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. കേരളത്തിൽ ആർ.എസ്.എസുമായി അടുപ്പമാണെന്ന്് പറയാൻപോലും മടിക്കുന്നവരുണ്ട്. ഇന്ത്യയെ ഇന്ത്യയല്ലാതാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ തടയാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. പോലീസുകാർ ആർ.എസ്.എസിന് വിവരങ്ങൾ ചോർത്തിയെന്ന് ആക്ഷേപിക്കുന്നു. ആർ.എസ്.എസ്. എന്താ ഇന്ത്യക്കാരുടെ സംഘടനയല്ലേ - ജേക്കബ് തോമസ് ചോദിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ വിദ്യാർഥി പ്രമുഖ് വത്സൻ തില്ലങ്കേരിയും ആർ.എസ്.എസ്. കൊച്ചി മഹാനഗരം സഹ സംഘചാലക് പ്രൊഫ. അച്യുതൻ കൃഷ്ണമൂർത്തിയും പങ്കെടുത്തു. രാഷ്ട്രസേവനത്തിൽ ഏർപ്പെടുന്നവരുമായി പങ്കാളിത്തമാവാം' കൊച്ചി: താൻ സിവിൽ സർവീസിൽ വന്നത് രാഷ്ട്രത്തിനു വേണ്ടിയാണ്. അതിനാൽ രാഷ്ട്ര സേവനത്തിലേർപ്പെടുന്ന ആരുമായും പങ്കാളിത്തമാകാമെന്ന് മുൻ ഡി.ജി.പി. ജേക്കബ് തോമസ്. ആർ.എസ്.എസ്. പരിപാടിയിൽ പങ്കെടുത്തതിനു ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസ്. ഒരു സന്നദ്ധ സംഘടനയാണ്. വർഷങ്ങളായി പല കാര്യങ്ങളിലും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. കഴിഞ്ഞ തവണ ശബരിമലയിൽ പോയി, കുംഭമേളയ്ക്കും പോയി. കൂടുതൽ സമയം കിട്ടുന്നതിനാൽ കൂടുതൽ സജീവമാകാമല്ലോ. പൗരൻമാർ അറിയേണ്ട കാര്യങ്ങളല്ലേ നാട്ടിൽ നടക്കേണ്ടത്. പിന്നെ, ശബരിമല വിഷയത്തിൽ പോലീസുകാർ വിവരങ്ങൾ ചോർത്തിയെന്ന് പറയുന്നതിന്റെ അർത്ഥമെന്താണെന്ന് അദ്ദേഹം ആരാഞ്ഞു. നയങ്ങൾ ജനങ്ങളുടെ വിശ്വാസത്തിനെതിരാണെങ്കിൽ അക്കാര്യം അത് രൂപപ്പെടുത്തുന്നവർ ശ്രദ്ധിക്കേണ്ടതാണ്. നയങ്ങൾ ജനങ്ങൾക്കു വേണ്ടിയും രാജ്യനന്മയ്ക്കു വേണ്ടിയുമായിരിക്കണം. നയങ്ങളിൽ തെറ്റുണ്ടെങ്കിൽ സർക്കാർ ഉദ്യോഗസ്ഥന് ചൂണ്ടിക്കാണിക്കാം. അത് പൗരന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. Content Highlights:jacob thomas in rss function


from mathrubhumi.latestnews.rssfeed https://ift.tt/2Y9SQzd
via IFTTT