ചെന്നൈ: കേന്ദ്രസർക്കാരിന്റെ നിർദിഷ്ട ദേശീയവിദ്യാഭ്യാസനയത്തിനെതിരേ തമിഴ് നടൻ സൂര്യ നടത്തിയ പരാമർശങ്ങൾക്ക് പിന്തുണയുമായി സഹതാരം രജനീകാന്ത്. സൂര്യക്കെതിരേ ബി.ജെ.പി.യും എ.ഐ.എ.ഡി.എം.കെ.യും വിമർശനവുമായി രംഗത്തുള്ളപ്പോഴാണ് രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചിരിക്കുന്ന രജനിയുടെ പിന്തുണ. കഴിഞ്ഞദിവസം ചെന്നൈയിൽ നടന്ന, സൂര്യയുടെ പുതിയ ചലച്ചിത്രത്തിന്റെ ഓഡിയോ റിലീസിൽ പങ്കെടുത്തപ്പോഴാണ് രജനീകാന്ത് പിന്തുണയറിയച്ചത്. “സൂര്യ പങ്കുവെച്ച ആശങ്കകളോട് ഞാനും യോജിക്കുന്നു. ഒരുപാടുപേർക്ക് അദ്ദേഹം വിദ്യാഭ്യാസ സഹായം നൽകുന്നുണ്ട്. വിദ്യാർഥികളുടെ പ്രശ്നങ്ങൾ നേരിട്ടറിയുന്നയാളാണ് സൂര്യ. അതുകൊണ്ടാണ് സൂര്യ പ്രതികരിച്ചത്. രജനി പറഞ്ഞിരുന്നെങ്കിൽ പ്രധാനമന്ത്രി ഈ വിഷയമറിഞ്ഞേനെ എന്നാണ് ആളുകൾ പറയുന്നത്. എന്നാൽ സൂര്യ പറഞ്ഞത് ഇതിനകംതന്നെ മോദി അറിഞ്ഞിട്ടുണ്ടാകും”- രജനീകാന്ത് പറഞ്ഞു. എല്ലാവർക്കും തുല്യവിദ്യാഭ്യാസം നൽകാതെ കോഴ്‌സുകളിലേക്ക് പൊതുപ്രവേശനപ്പരീക്ഷ ഏർപ്പെടുത്തുന്നതിൽ എന്ത് ന്യായമാണുള്ളതെന്നാണ് കഴിഞ്ഞയാഴ്ച ഒരു പരിപാടിയിൽ സൂര്യ ചോദിച്ചത്. ത്രിഭാഷാപദ്ധതി ഏർപ്പെടുത്തുന്നതിനെയും താരം വിമർശിച്ചിരുന്നു. ഇതിനെ ന്യായീകരിച്ച് കഴിഞ്ഞദിവസം വീണ്ടും സൂര്യ രംഗത്തെത്തി. സമൂഹത്തിലെ എല്ലാ തുറകളിലുള്ളവരുമായും ചർച്ചചെയ്തശേഷംവേണം ദേശീയവിദ്യാഭ്യാസനയത്തിന് അന്തിമരൂപംനൽകാനെന്നും സൂര്യ പറഞ്ഞു. അതേസമയം, ദേശീയവിദ്യാഭ്യാസനയത്തിനെതിരേ സംസാരിക്കാൻ സൂര്യക്ക് എന്തു യോഗ്യതയാണുള്ളതെന്ന് ബി.ജെ.പി. തമിഴ്‌നാട് ഘടകം അധ്യക്ഷ തമിഴിസൈ സൗന്ദർരാജൻ ചോദിച്ചു. ദേശീയനയത്തെ ചോദ്യംചെയ്യണമെന്നുപറയുന്നതുവഴി സമാധാനാന്തരീക്ഷം തകർക്കാനാണ് സൂര്യ ശ്രമിക്കുന്നതെന്ന് ബി.ജെ.പി. ദേശീയ സെക്രട്ടറി എച്ച്. രാജയും ആരോപിച്ചു. വിവിധ പ്രതിപക്ഷകക്ഷികളുടെ നേതാക്കൾ സൂര്യക്ക് പിന്തുണയറിയിച്ചിരുന്നു. മക്കൾ നീതി മയ്യം നേതാവ് കമൽഹാസനടക്കം സിനിമാമേഖലയിൽനിന്നുള്ളവരും സൂര്യക്ക് പിന്തുണയറിയിച്ചിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2y19qTv
via
IFTTT