Breaking

Sunday, July 21, 2019

അംബരചുബികളെ പ്രണയിച്ചയാള്‍, പെട്രൊനാസ്‌ ടവറിന്റെ ശില്‍പി വിടവാങ്ങി

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടങ്ങളുടെ ശിൽപിയും പ്രശസ്ത ഇരട്ട ഗോപുരമായ പെട്രൊണാസ് ടവറിന്റെ ആർക്കിടെക്റ്റുമായ സീസർ പെല്ലി (92)വിടവാങ്ങി. വെള്ളിയാഴ്ച്ച ന്യൂ ഹാവനിലെ വീട്ടിൽ വച്ചായിരുന്നു മരണം. കണറ്റികട്ടിലെ പെല്ലിസ് സ്റ്റുഡിയോവിലെ സീനിയർ ആർക്കിടെക്റ്റായ അനിബാൽ ബെല്ലോമിയോ ആണ് മരണവിവരം പുറത്തുവിട്ടത്. യേൽ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ആർക്കിടെക്ചറിലെ ആദ്യകാല ഡീൻ ആയിരുന്നു പെല്ലി. മലേഷ്യയിലെ ക്വാലാംപൂരിലുള്ള പെട്രൊനാസ്ടവറാണ് പെല്ലിയുടെ മികച്ച പ്രൊജക്റ്റുകളിൽ ഒന്ന്. ലോകത്തിലെ തന്നെ ഏറ്റവും ഉയരമേറിയ അംബരചുബികളിലൊന്നായ പെട്രൊനാസ്ടവറിന്റെ ഉയരം 1483 അടിയാണ്. 1998 ൽ നിർമ്മിച്ച 88 നിലകളുള്ള ഇരു ടവറുകളെയും തമ്മിൽ ബന്ധിപ്പിക്കാനായി കുറുകെ ഒരു പാലവും നിർമിച്ചിരുന്നു. സ്റ്റീലും വെനീറും ഗ്ലാസും സ്റ്റോണുമൊക്കെ ചേർന്ന നിർമിത ശൈലിയിൽ തൽപരനായിരുന്നു പെല്ലി. ആകാശം മുട്ടി നിൽക്കുന്ന നിർമാണശൈലിയോട് എന്നും പ്രത്യേക ഇഷ്ടവും പ്രകടിപ്പിച്ചിരുന്നു. എന്തുകൊണ്ട് അംബരചുംബികൾ നിർമിക്കുന്നു എന്ന ചോദ്യത്തിന് അവ ആകാശവുമായി സംഭാഷണം നടത്തുന്നവയാണെന്നും അതു മനോഹരമായി അവതരിപ്പിക്കലാണ് ഒരു ആർക്കിടെക്റ്റിന്റെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോസ്റ്റാ മെസ്സയിലെ പ്ലാസാ ടവറും ടോക്കിയോയിലെ എൻടിടി ആസ്ഥാനവും സാൻഫ്രാൻസിസ്കോയിലെ സേൽസ്ഫോഴ്സ് ടവറും വേൾഡ് ഫിനാൻഷ്യൽ സെന്റർ എന്നറിയപ്പെടുന്ന ബ്രൂക്ഫീൽഡ് പ്ലേസും മാൻഹട്ടനിലെ അംബരചുംബിയുമൊക്കെ പെല്ലിയുടെ പ്രശസ്തി വർധിപ്പിച്ച പ്രൊജക്റ്റുകളാണ്. പെട്രൊനാസ് ടവർ നിർമിച്ചതിന് 2004ൽ ആഗാ ഖാൻ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും ഇദ്ദേഹം സ്വന്തമാക്കിയിരുന്നു. Content Highlights:Cesar Pelli who designed Petronas Towers Dies


from mathrubhumi.latestnews.rssfeed https://ift.tt/2YedYVf
via IFTTT