രാജ്കുമാറിന്റെ ഭാര്യ വിജയയും അമ്മ സുന്ദരിയും മുഖ്യമന്ത്രിയെ കണ്ടശേഷം പുറത്തേക്കുവരുന്നു പീരുമേട് കസ്റ്റഡിമരണക്കേസിൽ പോലീസ് കൂടുതൽ കുരുക്കിലേക്ക്. മരിച്ച രാജ്കുമാറിന്റെ ഭാര്യനീതിതേടി നിയമസഭവരെയെത്തി. വിഷയത്തിൽ ഹൈക്കോടതിയും മനുഷ്യാവകാശകമ്മിഷനും ഇടപെട്ടു 'മരിച്ചവിവരം പോലും പോലീസ് അറിയിച്ചില്ല',ഭർത്താവിന്റെ കസ്റ്റഡിമരണം സി.ബി.ഐ. അന്വേഷിക്കണമെന്ന് രാജ്കുമാറിന്റെ ഭാര്യ തിരുവനന്തപുരം:പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണ് ഭർത്താവിന്റെ മരണത്തിനിടയാക്കിയതെന്ന് പീരുമേട് സബ്ജയിലിൽ റിമാൻഡിലിരിക്കെ മരിച്ച രാജ്കുമാറിന്റെ ഭാര്യ വിജയ. ഇതേക്കുറിച്ച് സി.ബി.ഐ. അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച വിജയയും അമ്മയും നിയമസഭയിലെത്തി മുഖ്യമന്ത്രിയെയും പ്രതിപക്ഷനേതാവിനെയും സ്പീക്കറെയും കണ്ടു. നീതി കിട്ടുന്നതുവരെ കൂടെയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇരുവർക്കും ഉറപ്പുനൽകി. വൈകീട്ടോടെയാണ് ഇവർ മുഖ്യമന്ത്രിയെ കണ്ടത്. തങ്ങളുടെ ആശങ്കകളും ആവശ്യങ്ങളും മുഖ്യമന്ത്രിയെ ധരിപ്പിച്ചുവെന്ന് വിജയയുടെ അമ്മ സുന്ദരി പറഞ്ഞു. കൂടെയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. സംതൃപ്തിയോടെയാണ് മടങ്ങുന്നത്. നടപടിയുണ്ടാകുമെന്ന ഉറപ്പാണ് മുഖ്യമന്ത്രി നൽകിയത്. നടപടിയുണ്ടായില്ലെങ്കിൽ സമരത്തിനിറങ്ങുമെന്നും അവർ പറഞ്ഞു. രാജ്കുമാറിനെ ആരോ ഇതിൽ പെടുത്തിയതാണെന്ന് വിജയ പറഞ്ഞു. ടച്ച് ഫോൺ ഉപയോഗിക്കാൻപോലും അറിയാത്ത ആളാണദ്ദേഹം. അങ്ങനെയുള്ള ഒരാൾ ഇത്രവലിയ തട്ടിപ്പ് നടത്തുമെന്ന് വിശ്വസിക്കാനാവില്ല. ഇതിനുപിന്നിൽ വലിയ സംഘമുണ്ട്. എസ്.പി.ക്കെതിരേ അന്വേഷണം വേണം. സാധനങ്ങൾ വാങ്ങാനായി വീട്ടിൽനിന്നിറങ്ങിയ രാജ്കുമാറിനെ പിന്നെ കണ്ടിട്ടില്ല. മരിച്ചവിവരം പോലും പോലീസ് അറിയിച്ചില്ല. മാധ്യമങ്ങളിലൂടെയും നാട്ടുകാരിൽ ചിലർ പറഞ്ഞുമാണ് മരണവിവരം അറിഞ്ഞതെന്നും വിജയ പറഞ്ഞു. റിമാൻഡ്: നടപടിക്രമം പാലിച്ചോ ഹൈക്കോടതി കൊച്ചി: രാജ്കുമാറിനെ നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തപ്പോൾ ഇടുക്കി മജിസ്ട്രേറ്റ് നടപടിക്രമം പാലിച്ചിരുന്നോ എന്നതിനെക്കുറിച്ച് ഹൈക്കോടതി ഭരണവിഭാഗം റിപ്പോർട്ട് തേടി. റിപ്പോർട്ടു നൽകാൻ തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനോട് ഹൈക്കോടതി രജിസ്ട്രാർ ജനറൽ നിർദേശിച്ചു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണിത്. റിമാൻഡുനടപടിയെപ്പറ്റി പരാതിയൊന്നും ലഭിച്ചിട്ടില്ല. അറസ്റ്റുചെയ്തവ ർക്കെതിരേ പരാതിയുണ്ടോ എന്ന് മജിസ്ട്രേറ്റ് ചോദിക്കേണ്ടതാണ്. ആവശ്യമെങ്കിൽ ചികിത്സനൽകാൻ നിർദേശിക്കുകയുംവേണം. അതുൾപ്പെടെ എപ്പോൾ, എങ്ങനെയായിരുന്നു നടപടികൾ തുടങ്ങിയവയാണ് റിപ്പോർട്ട് ചെയ്യേണ്ടത്. നെടുങ്കണ്ടം മജിസ്ട്രേറ്റിന്റെ ചുമതലയുണ്ടായിരുന്ന ഇടുക്കി മജിസ്ട്രേറ്റാണ് രാജ്കുമാറിനെ റിമാൻഡ് ചെയ്തത്. പോസ്റ്റ്മോർട്ടംറിപ്പോർട്ട് ഹാജരാക്കണം മനുഷ്യാവകാശ കമ്മിഷൻ തിരുവനന്തപുരം: രാജ്കുമാറിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട്, ഇൻക്വസ്റ്റ്, മജിസ്റ്റീരിയൽ എൻക്വയറി റിപ്പോർട്ട് എന്നിവ അടിയന്തരമായി ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ജയിൽ ഡി.ജി.പി.യോട് നിർദേശിച്ചു. ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനെ സന്ദർശിച്ച് രാജ്കുമാറിന്റെ ഭാര്യ എം. വിജയ പരാതി നൽകിയിരുന്നു. രാജ്കുമാറിന്റെ മരണത്തിൽ കമ്മിഷൻമുമ്പ് രജിസ്റ്റർചെയ്ത കേസിനൊപ്പം ഇതും പരിഗണിക്കും. ക്രിമിനൽ കേസുകളിൽ പ്രതികളായ പോലീസുകാരുടെ പേരിൽ കർശന ശിക്ഷാനടപടികൾ സ്വീകരിക്കണമെന്ന നിർദേശം സ്വീകരിച്ചിരുന്നെങ്കിൽ കസ്റ്റഡിമരണങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്ന് കമ്മിഷൻ നിരീക്ഷിച്ചു. ക്രിമിനൽ കേസുകളിൽ പ്രതികളായ 1129 പോലീസുകാരുടെ പേരിൽ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. ലോക്കപ്പിൽ കൊല്ലുന്നവരെ പുറത്താക്കുംമുഖ്യമന്ത്രി തിരുവനന്തപുരം: ലോക്കപ്പിനകത്ത് തല്ലുകയും തല്ലിക്കൊല്ലുകയും ചെയ്യുന്ന ഒരാളും ഇനി ജോലിയിലുണ്ടാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കസ്റ്റഡിമരണത്തിന് ഉത്തരവാദികളായവരെ സർവീസിൽനിന്നു നീക്കും. പോലീസ് സ്റ്റേഷനുകളിൽ എന്തു നടക്കുന്നുവെന്ന് ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയണം. സ്റ്റേഷനുകളിൽ നടക്കുന്ന കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്വം ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കുമുണ്ടെന്ന് നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. പോലീസ് സേനയ്ക്കു ചേരാത്ത നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിൽ കർക്കശ നിലപാട് സ്വീകരിക്കും. പോലീസുകാർ തെറ്റുചെയ്തിട്ടുണ്ടെങ്കിൽ ന്യായീകരിക്കേണ്ട ആവശ്യം സർക്കാരിനില്ല. തെറ്റുചെയ്യാത്തവരെ ക്രൂശിക്കുന്നതിനെതിരേയും സർക്കാരുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ജുഡീഷ്യൽ അന്വേഷണം വേണം പ്രതിപക്ഷം തിരുവനന്തപുരം: രാജ്കുമാറിനെ ഉരുട്ടിക്കൊന്ന സംഭവം പോലീസ് തന്നെ അന്വേഷിക്കുന്നത് കേസ് അട്ടിമറിക്കാനാണെന്ന് നിയമസഭയിൽ പ്രതിപക്ഷം ആരോപിച്ചു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം, വി.ഡി. സതീശൻ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. രാജ്കുമാർ പിരിച്ച കോടികൾ തട്ടിയെടുക്കാനാണ് മൂന്നുദിവസം അജ്ഞാതകേന്ദ്രത്തിൽ മർദിച്ചതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംഭവത്തിൽ സി.പി.എം. നേതാക്കളായ സഹകരണസംഘം പ്രസിഡൻറ്, ബോർഡ്അംഗങ്ങൾ എന്നിവരുടെ പങ്ക് അന്വേഷിക്കണം. ജുഡീഷ്യൽ അന്വേഷണത്തിലൂടെ മാത്രമേ ഇത് പുറത്തുകൊണ്ടു വരാനാകൂ എന്നും അദ്ദേഹം പറഞ്ഞു. സ്റ്റഡിവിവരം എസ്.പി.യെ അറിയിച്ചെന്ന് പോലീസുകാർ കോട്ടയം: രാജ്കുമാറിന് വൈദ്യസഹായം നൽകുന്നതിലും കസ്റ്റഡിയിൽ സൂക്ഷിക്കുന്നതിലും ഗുരുതരവീഴ്ച പറ്റിയെന്ന് അന്വേഷണസംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. നിയമപരമായി നൽകേണ്ട വൈദ്യസഹായം ഒരുഘട്ടത്തിലും നൽകിയില്ല. പ്രതിയുടെ ആരോഗ്യസ്ഥിതിയിൽ എസ്.പി. അടക്കമുള്ള ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ കൃത്യമായി ഇടപെട്ടില്ല. കസ്റ്റഡിയിലുള്ള പ്രതിയുടെ വിവരങ്ങൾ എസ്.പി.യെ അറിയിച്ചെന്ന് പോലീസുകാർ വ്യക്തമാക്കിയിട്ടുണ്ട്. വൈദ്യസഹായത്തിലെ വീഴ്ച 12-ന് കസ്റ്റഡിയിലെടുത്ത രാജ്കുമാറിന് അന്നുതന്നെ ശരീരത്തിൽ പരിക്കുണ്ടെന്നാണ് വിവരം. മർദനമേറ്റ രാജ്കുമാറിന്റെ ആരോഗ്യസ്ഥിതി മോശമായിട്ടും കിടത്തിച്ചികിത്സയ്ക്ക് വിധേയനാക്കിയില്ല. 15-ന് നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണു. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ച് 12 മണിക്കൂർ നിരീക്ഷണത്തിൽ കിടത്തിയശേഷം 16-നാണ് അറസ്റ്റുകാണിച്ചത്. അന്ന് കോടതിയിൽ ഹാജരാക്കി. അന്ന് വെളുപ്പിനാണ് ജയിലിലെത്തിച്ചത്. അതുതന്നെ ബാധ്യത ഒഴിവാക്കുന്ന നിലയിലായിരുന്നു. റിമാൻഡ് ചെയ്താൽ ജയിലിൽ പ്രതിയെ പ്രവേശിപ്പിച്ചേ മതിയാകൂ. ആരോഗ്യം മോശമാണെങ്കിൽ അത് പോലീസിനെ അറിയിച്ച് ആശുപത്രിയിലേക്ക് മാറ്റാൻ ജയിലധികൃതർക്ക് ആവശ്യപ്പെടാം. ആരോഗ്യം മോശമാണെന്ന് അറിയിച്ചിട്ടും പോലീസ് വണ്ടി വിട്ടുകൊടുക്കാനോ ആശുപത്രിയിലെത്തിക്കാനോ തയ്യാറായില്ല. 12 മുതൽ 16 വരെ കസ്റ്റഡിയിൽ വെച്ചതുതന്നെ നിയമപരമാണോ എന്നതിൽ സംശയമുണ്ട്. മെഡിക്കൽ കോളേജ് രേഖകളിൽ എവിടെയും രാജ്കുമാറിനെ കൊണ്ടുവന്നതായി കാണുന്നില്ല. 17-നും 18-നും മെഡിക്കൽ കോളേജിൽ എത്തിച്ചുവെന്നാണ് ജയിൽ അധികാരികൾ പറയുന്നത്. ഗുരുതരനിലയിലുള്ള വ്യക്തിയെ മെഡിക്കൽ കോളേജിൽ പോലീസ് കാവലിൽ കിടത്താം. മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കേണ്ട ദിവസം ആരോഗ്യം മോശമാണെന്നുകാണിച്ച് ഒഴിവുവാങ്ങാം. ഇത്രയും അവശനായ വ്യക്തിയെ കിടത്താൻ നിർദേശിക്കുമായിരുന്നു എന്നാണ് ഡോക്ടർമാർ പറയുന്നത്. കസ്റ്റഡിയിലെ വീഴ്ച കസ്റ്റഡിയിൽവെക്കുന്ന വ്യക്തിയുടെ വിവരങ്ങൾ സ്റ്റേഷൻ രജിസ്റ്ററിൽ എഴുതിവെക്കണം. വ്യക്തിയുടെ വിവരം അന്നുതന്നെ എസ്.പി.യെ അറിയിക്കണം. അതുണ്ടായില്ലെന്നാണ് എസ്.പി. പറയുന്നത്. പക്ഷേ, ഇക്കാര്യം നിഷ്പക്ഷരായ പോലീസുദ്യോഗസ്ഥർ സമ്മതിക്കുന്നില്ല. ഇത്രയും ദിവസം കസ്റ്റഡിയിൽ ഇരുന്ന പ്രതിയെക്കുറിച്ച് എസ്.പി.യെ അറിയിക്കാതെ തരമില്ല. സ്റ്റേഷനിൽ വെക്കുന്ന പ്രതിയുടെ ചുമതല സ്റ്റേഷൻ ഹൗസ് ഓഫീസറായ സി.ഐ.യ്ക്കാണ്. പാറാവ് രജിസ്റ്ററിൽ കസ്റ്റഡിയിലുള്ള വ്യക്തിയുടെ പേരെഴുതി പാറാവുചുമതലക്കാരനെ ഏൽപ്പിക്കണം. നിയമവിരുദ്ധമായ എന്തുനടന്നാലും അത് സ്റ്റേഷനിലുള്ള ആർക്കും ഉയർന്ന ഉദ്യോഗസ്ഥനെ അറിയിക്കാം. അങ്ങനെ ചെയ്തില്ലെങ്കിൽ നിയമവിരുദ്ധ പ്രവൃത്തികൾക്ക് എല്ലാവരും ഉത്തരവാദികളാകും. content highlights:peerumed custodial death of rajkumar
from mathrubhumi.latestnews.rssfeed https://ift.tt/2RKZ3Mw
via
IFTTT