തൃശ്ശൂർ: വിയ്യൂരിൽ നിർമിച്ച അതിസുരക്ഷാ ജയിലിൽ കുറ്റവാളികളെ പ്രവേശിപ്പിച്ചുതുടങ്ങി. കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന അജിത്കുമാറാണ് ആദ്യ അന്തേവാസി. രജിസ്റ്ററിൽ ഡി.ജി.പി. ഋഷിരാജ്സിങ് തന്നെ ആദ്യത്തെയാളുടെ പേര് എഴുതിച്ചേർത്തു. വിയ്യൂർ സെൻട്രൽ ജയിലിൽനിന്നാണ് അജിത്കുമാറിനെ ഇങ്ങോട്ട് മാറ്റിയത്. സംസ്ഥാനത്തെ ആദ്യത്തേതും രാജ്യത്തെ നാലാമത്തേതുമാണ് വിയ്യൂരിലെ അതിസുരക്ഷാ ജയിൽ. ഭീകരവാദവും രാജ്യദ്രോഹക്കുറ്റവും ചുമത്തപ്പെട്ട് തടവിൽ കഴിയുന്ന സംസ്ഥാനത്തെ 55 പേരെ ഇവിടേക്ക് മാറ്റുമെന്ന് ജയിൽ ഡി.ജി.പി. ഋഷിരാജ്സിങ് പറഞ്ഞു. മൂന്നുവർഷംമുന്പ് ഉദ്ഘാടനം െചയ്ത ജയിൽ ചില സാങ്കേതിക കാരണങ്ങളാലാണ് തുറക്കാൻ വൈകിയത്. ഒരുലക്ഷം ചതുരശ്രഅടിയിലാണ് ജയിൽമന്ദിരം. അന്തേവാസികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളുമുണ്ട്. മുറിയുടെ ഭാഗമായി ബാത്ത് റൂമുണ്ട്. ഒാരോ മുറിയിലും സി.സി.ടി.വി.യുമുണ്ട്. കട്ടിലും നൽകിയിട്ടുണ്ട്. ഇവിടത്തെ അന്തേവാസികളെയെല്ലാംതന്നെ വീഡിയോ കോൺഫറൻസിങ്ങിലൂടെയായിരിക്കും കോടതിമുമ്പാകെ ഹാജരാക്കുക. ജയിലിൽനിന്ന് പിടികൂടിയ നിരോധിതവസ്തുക്കളെല്ലാം നിയമപ്രകാരം പോലീസിന് കൈമാറിയിട്ടുണ്ട്. അതിന്റെ അന്വേഷണം എവിടെയെത്തി എന്ന് പോലീസാണ് പറയേണ്ടതെന്നും ഋഷിരാജ്സിങ് പറഞ്ഞു.ഏകാന്തവാസം 60 പേർക്ക് തൃശ്ശൂർ: നാല് തലങ്ങളിലുള്ള സുരക്ഷയോടെയാണ് വിയ്യൂരിലെ അതിസുരക്ഷാ ജയിൽ നിർമിച്ചിരിക്കുന്നത്. പരസ്പരം കാണാനോ സംസാരിക്കാനോ സാധിക്കാത്ത രീതിയിലുള്ളതാണ് സെല്ലുകൾ. ഒരാളെ മാത്രം പാർപ്പിക്കുന്ന ഇത്തരം ഏകാന്തസെല്ലുകൾ 60 എണ്ണമുണ്ട്. മൊത്തമുള്ള 192 സെല്ലുകളിൽ 20 എണ്ണത്തിൽ രണ്ടാളെ വീതം പാർപ്പിക്കാം. 66 എണ്ണത്തിൽ മൂന്നാളെ വീതവും 46 എണ്ണത്തിൽ അഞ്ചാളെ വീതവും പാർപ്പിക്കാം. 4.2 മീറ്ററാണ് െസല്ലുകളുടെ ഉയരം. സെല്ലുകളുടെ പുറത്താണ് മതിൽപോലെ ഒാഫീസും ആശുപത്രിക്കെട്ടിടവും അടുക്കളയും ചുറ്റി നിർമിച്ചിരിക്കുന്നത്. ഇതിന് ഒരു പ്രവേശനകവാടം മാത്രമാണുള്ളത്. ഇതിനു പുറത്താണ് ആറ് മീറ്റർ ഉയരത്തിൽ 700 മീറ്റർ ചുറ്റളവുള്ള മതിൽ. ഇതിന് പുറത്ത് 15 മീറ്റർ വീതം ഉയരമുള്ള നാല് വാച്ച് ടവറുണ്ട്. ഇതിനും പുറത്താണ് വിയ്യൂർ സെൻട്രൽ ജയിലിന്റെ സ്ഥലത്തിന്റെ അതിർത്തിമതിൽ.
from mathrubhumi.latestnews.rssfeed https://ift.tt/327i3ts
via
IFTTT