ദേശീയപാതാവികസനത്തിന് സ്ഥലമേറ്റെടുക്കാൻ 5374 കോടി രൂപ നൽകാൻ സംസ്ഥാന ധനവകുപ്പ് തീരുമാനിച്ചു. കേരള അടിസ്ഥാനസൗകര്യ വികസനനിധി (കിഫ്ബി) ഈ പണം ദേശീയപാതാ അതോറിറ്റിക്കു നൽകും. ഇതോടെ, ദേശീയപാതാവികസനത്തിന് ഉണ്ടായിരുന്ന തടസ്സങ്ങളെല്ലാം നീങ്ങി. 45 മീറ്റർ വീതിയിൽ 600 കിലോമീറ്റർ നീളത്തിൽ നാലുവരിയായാണ് ദേശീയപാത വികസിപ്പിക്കുന്നത്. 44,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ, സ്ഥലമേറ്റെടുക്കാൻ 21,496 കോടി രൂപ വേണം. കേരളത്തിലെ ഭൂമിവില മറ്റുസംസ്ഥാനങ്ങളിലേതിനെക്കാൾ പതിന്മടങ്ങ് കൂടുതലായതിനാൽ ഇതിന്റെ നാലിലൊന്ന് കേരളം വഹിക്കണമെന്ന് കേന്ദ്രവും ദേശീയപാതാ അതോറിറ്റിയും ആവശ്യപ്പെട്ടിരുന്നു. ഇതായിരുന്നു അവരുടെ പ്രധാന വ്യവസ്ഥ. ഇത് അംഗീകരിച്ചാണ് കിഫ്ബിവഴി 5374 കോടി നൽകാൻ ധനവകുപ്പ് തയ്യാറായത്. കിഫ്ബി ഡയറക്ടർ ബോർഡിന്റെ അടുത്ത യോഗം ഇത് അന്തിമമായി അംഗീകരിക്കും. പണം എത്രയുംവേഗം കൈമാറുമെന്ന് ധനവകുപ്പ് വൃത്തങ്ങൾ പറഞ്ഞു. ഭാവിയിൽ വിൻഡ്ഫാൾ ടാക്സ് പാത വികസിപ്പിക്കുന്നതിലൂടെ അപ്രതീക്ഷിതമായി വൻതോതിൽ സാമ്പത്തികനേട്ടമുണ്ടാവുന്നവരിൽനിന്ന് ഭൂമിയുടെ ക്രയവിക്രയത്തിനും മറ്റും കൂടുതൽ നികുതിചുമത്തി (വിൻഡ്ഫാൾ ടാക്സ്) ഈ പണത്തിന്റെ ഒരു വിഹിതം തിരിച്ചുപിടിക്കാനും ആലോചിക്കുന്നുണ്ട്. ഓരത്തെ സ്ഥലമേറ്റെടുത്ത് പാത വികസിപ്പിക്കുന്നതോടെ ഇപ്പോൾ ഉള്ളിലുള്ള സ്ഥലങ്ങൾ പാതയോരത്താവും. അതോടെ ആ സ്ഥലങ്ങളുടെ വില കുത്തനെ ഉയരും. അവ കൈമാറ്റംചെയ്യുമ്പോഴോ അവയിൽ സാമ്പത്തികനേട്ടമുള്ള മറ്റെന്തെങ്കിലും പ്രവർത്തനങ്ങൾ നടത്തുമ്പോഴോ കൂടുതൽ നികുതി ഏർപ്പെടുത്താനാവും. എന്നാൽ, ഇതിനുള്ള രൂപരേഖയോ തീരുമാനമോ ആയിട്ടില്ല. ഭാവിയിൽ അത് പരിഗണിക്കാനാണ് ആലോചന. ഇപ്പോൾ നിബന്ധനകളില്ലാതെയാണ് കിഫ്ബി പണം നൽകുന്നതെന്നു ധനവകുപ്പ് വൃത്തങ്ങൾ പറഞ്ഞു. content highlights: national highway development, Kerala,kiifb
from mathrubhumi.latestnews.rssfeed https://ift.tt/30SSQl5
via
IFTTT