Breaking

Friday, July 5, 2019

ലോകത്തെ ഏറ്റവും വലിയ പ്രതിരോധ ഇടപാടിന് ഇന്ത്യ നടപടി തുടങ്ങി; 114 യുദ്ധവിമാനങ്ങൾ വാങ്ങുന്നു

ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ പ്രതിരോധ ഇടപാടിന് ഇന്ത്യ നടപടി തുടങ്ങി. 114 യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള 1500 കോടി ഡോളറിന്റെ (ഏകദേശം 1.1 ലക്ഷം കോടി രൂപ) ഇടപാട് പ്രാരംഭഘട്ടത്തിലാണ്. ലേലത്തിൽ പങ്കെടുക്കാൻ പ്രതിരോധമേഖലയിലെ മുൻനിര കമ്പനികളായ ബോയിങ്, ലോക്ക്ഹീഡ് മാർട്ടിൻ, സാബ് എ.ബി. തുടങ്ങിയവ താത്പര്യമറിയിച്ചിട്ടുണ്ട്. നിർമാണത്തിന്റെ 85 ശതമാനമെങ്കിലും ഇന്ത്യയിലായിരിക്കണമെന്ന നിബന്ധനയിലാവും കരാറെന്ന് ഇതുസംബന്ധിച്ച് ഒരുവർഷംമുമ്പ് ഇറക്കിയ രേഖ പറയുന്നു. താത്പര്യമറിയിച്ചതിന്റെ അടിസ്ഥാനത്തിലുള്ള വിലയിരുത്തൽ നടന്നുവരികയാണ്. വ്യോമസേനയുടെ ആവശ്യങ്ങളെന്തെന്ന് അന്തിമമായി തീരുമാനിച്ചുകൊണ്ടിരിക്കയാണെന്നു വ്യോമയാന സഹമന്ത്രി ശ്രീപദ് നായിക് പാർലമെന്റിൽ അറിയിച്ചു. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡും മഹീന്ദ്ര ഡിഫൻസ് സിസ്റ്റംസുമാണ് ബോയിങ്ങിന്റെ ഇന്ത്യയിലെ പങ്കാളികൾ. ടാറ്റാ ഗ്രൂപ്പുമായി ചേർന്നാണ് ലോക്ഹീഡ് മാർട്ടിൻ താത്പര്യമറിയിച്ചിരിക്കുന്നത്. ഗൗതം അദാനിയാണ് സാബിന്റെ പങ്കാളി. ഫ്രാൻസിലെ ദസൊ ഏവിയേഷനിൽനിന്നു 126 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാർ മോദിസർക്കാർ റദ്ദാക്കിയിരുന്നു. പകരം പുതിയ കരാറിലൂടെ 36 റഫാൽ വിമാനങ്ങളാണു വാങ്ങുന്നത്. വ്യോമസേനയ്ക്കും നാവികസേനയ്ക്കുംകൂടി ഒറ്റ എൻജിനും ഇരട്ട എൻജിനുമുള്ള നാനൂറോളം യുദ്ധവിമാനങ്ങളാണു വേണ്ടത്. നാവികസേനയ്ക്കും തീരരക്ഷാസേനയ്ക്കും ആവശ്യമായ യുദ്ധക്കപ്പലുകളും അനുബന്ധയാനങ്ങളും വാങ്ങുന്നതിന് താത്പര്യപത്രം ക്ഷണിച്ചതിനു പിന്നാലെയാണു നായിക്കിന്റെ പ്രസ്താവന. മിസൈൽ വാഹകശേഷിയുള്ള ആറു യുദ്ധക്കപ്പലുകളുടെ നിർമാണത്തിന് ഏഴു കപ്പൽശാലകളോടു നിർദേശം തേടിയെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചിരുന്നു. Content highlights:Indian Government Moves On Worlds Largest defense deal, 114-Fighter Jets


from mathrubhumi.latestnews.rssfeed https://ift.tt/2JdU9oO
via IFTTT