Breaking

Monday, May 20, 2019

വാവേ ഫോണുകളില്‍ നിന്ന് ആന്‍ഡ്രോയിഡും ഗൂഗിളും നഷ്ടമായേക്കും

സാൻഫ്രാൻസിസ്കോ:ചൈനീസ് ഇലക്ട്രോണിക്സ് സ്ഥാപനമായ വാവേയ്ക്ക് അമേരിക്കൻ ഭരണകൂടം ഏർപ്പെടുത്തിയ വ്യവസായ നിയന്ത്രണം പുതിയ തലത്തിലേക്ക്. നിയന്ത്രണം വന്നതോടെ വാവേയ്ക്ക് നൽകി വന്നിരുന്ന ഹാർഡ് വെയർ സോഫ്റ്റ് വെയർ പിന്തുണ പിൻവലിക്കാൻ ഗൂഗിൾ നിർബന്ധിതരായിരിക്കുകയാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ വാവേ ആൻഡ്രോയിഡ് ഫോണുകളിൽ ആൻഡ്രോയിഡ് അപ്ഡേറ്റുകൾ ലഭിക്കില്ല. വാവേയെ യു.എസ്. വാണിജ്യ വകുപ്പ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതിനെ തുടർന്നാണ് ആഗോള തലത്തിൽ വാവേ പ്രതിസന്ധിയിലായത്. അമേരിക്കയിൽ നിന്നുള്ള സ്ഥാപനങ്ങളുമായി സാധന സേവന കൈമാറ്റങ്ങൾ നടത്തുന്നതിൽ വാവേയ്ക്ക് വിലക്കുവന്നു. ഇതിന്റെ ഭാഗമായാണ് ഗൂഗിളും വാവേയുമായുള്ള ഇടപാടുകൾ നിർത്തിവെക്കുന്നത്. ഇതോടെ ആൻഡ്രോയിഡ് പിന്തുണ വാവേ ഫോണുകൾക്ക് നഷ്ടമാവും. ഇത് ലോകമെമ്പാടുമുള്ള ഉപയോക്താക്കളെ ബാധിക്കും. വരാനിരിക്കുന്ന വാവേ ഫോണുകളിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നുള്ള ആൻഡ്രോയിഡ് ആപ്പുകൾ പ്രവർത്തിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതായത് വാവേയുടെ പി 30, പി 30 പ്രോ, മേറ്റ് 20 പ്രോ ഉൾപ്പടെ പഴയതും പുതിയതുമായ ഫോണുകളിൽ ആൻഡ്രോയിഡ് സുരക്ഷാ അപ്ഡേറ്റുകൾ ഇനി ലഭിക്കില്ല. കഴിഞ്ഞ ബുധനാഴ്ചയാണ് അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപിന്റെ അനുമതിയോടെ അമേരിക്കൻ വാണിജ്യ വകുപ്പ് വാവേ ടെക്നോളജീസിനേയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള അനുബന്ധ സ്ഥാപനങ്ങളേയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്. അതേസമയം ഇങ്ങനെ ഒരു ആൻഡ്രോയിഡ് നിരോധനം വാവേ നേരത്തെ തന്നെ പ്രതീക്ഷിച്ചതാണെന്ന് വാവേയുടെ ഹൈസിലിക്കൺ ചിപ്പ് ഡിവിഷൻ പറഞ്ഞു. ആറ് വർഷങ്ങൾക്ക് മുമ്പ് തന്നെ ആൻഡ്രോയിഡ് നിരോധനം പ്രതിരോധിക്കാനുള്ള നീക്കങ്ങൾ വാവേ നടത്തിവരുന്നുണ്ട്. ആൻഡ്രോയിഡിന് പകരം സ്വന്തം സ്മാർട്ഫോൺ ഓഎസ് അവതരിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മേയ് 21 ന് വാവേയുടെ അനുബന്ധ ബ്രാന്റായ ഓണർ പുതിയ ഓണർ 20 സ്മാർട്ഫോൺ പുറത്തിറക്കാനൊരുങ്ങുകയാണ്. ആൻഡ്രോയിഡ് നിരോധനം വന്ന സാഹചര്യത്തിൽ എന്തായിരിക്കും കമ്പനിയുടെ അടുത്ത നീക്കമെന്ന് കണ്ടറിയണം. Read More: ആൻഡ്രോയിഡ് നിരോധിച്ചാൽ പകരം സ്വന്തം ഓഎസ്; രണ്ടും കൽപിച്ച് വാവേ Content Highlights:huawei to loose android support and access to google


from mathrubhumi.latestnews.rssfeed http://bit.ly/2JusW2t
via IFTTT