തിരുവനന്തപുരം: മോദിയെ സ്തുതിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട എ.പി അബ്ദുള്ളക്കുട്ടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണം. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന രീതി അബ്ദുള്ളക്കുട്ടി പണ്ടേ ശീലിച്ചതാണ്. ഇപ്പോൾ താമരക്കുളത്തിൽ മുങ്ങിക്കുളിക്കാനാണ് അബ്ദുള്ളക്കുട്ടിയുടെ മോഹമെന്നും വീക്ഷണം എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു. കോൺഗ്രസിൽ നിന്നുകൊണ്ട് ബിജെപിക്ക് മംഗളപത്രം രചിക്കുന്ന രീതി ഒരിക്കലും അംഗീകരിക്കാനാകില്ല. ദേശാടനപക്ഷി പോലെ ഇടയ്ക്കിടെ ആവാസസ്ഥലം മാറ്റുന്ന അബ്ദുള്ളക്കുട്ടി സിപിഎമ്മിൽ നിന്ന് കോൺഗ്രസിലെത്തിയത് അധികാരമോഹത്തിന്റെ ഭാണ്ഡക്കെട്ടുമായാണ്. ഇപ്പോൾ ബിജെപിയിലേക്ക് ചേക്കേറാനും അതേ ഭാണ്ഡക്കെട്ടാണ് അബ്ദുള്ളക്കുട്ടി മുറുക്കിക്കൊണ്ടിരിക്കുന്നതെന്നും എഡിറ്റോറിയൽ പറയുന്നു കോൺഗ്രസിൽ ഇപ്പോൾ തോൽവിയുടെ വേനൽക്കാലമാണെന്നും ബിജെപിയിൽ താമര പൂക്കുന്ന വസന്തമാണെന്നും മനസ്സിലാക്കിയാണ് മോദി സ്തുതിയുമായി അബ്ദുള്ളക്കുട്ടി രംഗത്തെത്തിയത്. ഒരിക്കൽ വേലി ചാടിയ പശു പിന്നീട് കാണുന്ന വേലികളൊക്കെ ചാടിക്കടക്കും. അതേപോലെയാണ് അബ്ദുള്ളക്കുട്ടി വീണ്ടും വേലിചാടാനൊരുങ്ങുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കാസർകോഡ് മത്സരിക്കാൻ ആഗ്രഹമുണ്ടായിരുന്ന അബ്ദുള്ളക്കുട്ടിക്ക് ആ മോഹം നടക്കാതെപോയതാണ് ഇപ്പോഴത്തെ കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നത്. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർഥിയാകാൻ കച്ചകെട്ടുന്ന അബ്ദുള്ളക്കുട്ടി എന്ന കീറാമുട്ടിയെ വഴിയിൽ ഉപേക്ഷിക്കുന്നത് തന്നെയാണ് ഉത്തമം. ഇത്തരം ജീർണതകളെ പേറിനടക്കുന്ന കോൺഗ്രസിന് എത്രയും വേഗം അവറ്റകളുടെ പിരിഞ്ഞുപോകലിന് അവസരമുണ്ടാക്കുന്നതാണ് ഉത്തമം. കോൺഗ്രസിൽ അയാളെ തുടരാൻ അനുവദിക്കരുത്. സിപിഎമ്മിൽ നിന്ന് തോണ്ടിയെറിഞ്ഞ അബ്ദുള്ളക്കുട്ടിക്ക് രാഷ്ട്രീയ അഭയവും രക്ഷയും നൽകിയ കോൺഗ്രസിനെ അയാൾ തിരിഞ്ഞുകൊത്തുകയാണ്. ഇത്തരം അഞ്ചാം പത്തികളെ ഇനിയും വെച്ചുപൊറുപ്പിക്കരുതെന്ന് എഡിറ്റോറിയൽ പറയുന്നു. Content Highlights:A P Abdullakkutty, Veekshanam daily
from mathrubhumi.latestnews.rssfeed http://bit.ly/2WoEgTV
via
IFTTT