Breaking

Thursday, May 30, 2019

സ്മൃതിയുടെ സഹായിയെ കൊലപ്പെടുത്തിയത് ബിജെപി പ്രവർത്തകരെന്ന് പോലീസ്

അമേഠി: മുൻ ഗ്രാമത്തലവനും ബിജെപി എംപി സ്മൃതി ഇറാനിയുടെ അടുത്ത സഹായിയുമായ പാർട്ടി പ്രവർത്തകൻ സുരേന്ദ്ര സിങ്ങിന്റെ കൊലപാതകത്തിനു പിന്നിൽ ബിജെപി പ്രവർത്തകർക്കിടിയിലെ കുടിപ്പകയെന്നു പൊലീസ്. ബിജെപി പ്രവർത്തകർക്കിടയിലെ പ്രാദേശിക പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേർ ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കുന്നു.അഞ്ചുപേർ ചേർന്നാണ് കൊലപാതകം നടത്തിയത്. പ്രതികളിലൊരാൾക്കു പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ മോഹമുണ്ടായിരുന്നു. എന്നാൽ സുരേന്ദ്രസിങ് ഇതിനെ എതിർത്തിരുന്നു. ഇതോടെയാണ് ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ആരംഭിച്ചത്. ഈ പകയാണ് ഇപ്പോൾ കൊലപാതകത്തിൽ കലാശിച്ചതെന്നും സംസ്ഥാന പൊലീസ് മേധാവി ഒ.പി സിങ് പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിനു പിന്നാലെയാണ് നടുക്കുന്ന കൊലപാതകം നടന്നത്. സ്‌മൃതിയുടെ വിജയത്തിനു പിന്നിൽ പ്രവർത്തിച്ചവരിൽ പ്രധാനിയായിരുന്നു ബരോലി ഗ്രാമത്തിലെ മുന്‍ ഗ്രാമത്തലവനായ സുരേന്ദ്രസിങ്. ഇയാളെ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. തിരഞ്ഞെടുപ്പിനു പിന്നാലെ നടന്ന കൊലപാതകത്തിനു പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്നായിരുന്നു ബിജെപിയുടെ ആരോപണം.

സുരേന്ദ്രസിങിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ സ്മൃതി ഇറാനി അദ്ദേഹത്തിന്റെ ശവമഞ്ചം ചുമന്നതും വലിയ വാർത്തയായിരുന്നു. കോൺഗ്രസ് മണ്ഡലമായ അമേഠിയിൽ രാജ്യത്തെ ഞെട്ടിച്ച വിജയമായിരുന്നു സ്മൃതി ഇറാനി സ്വന്തമാക്കിയത്. രാഹുൽ ഗാന്ധിയെ 55,000 വോട്ടുകൾക്കാണ് മുൻകേന്ദ്രമന്ത്രി കൂടിയായ സ്മൃതി ഇറാനി പരാജയപ്പെടുത്തിയത്.



from Anweshanam | The Latest News From India http://bit.ly/2HJWqHu
via IFTTT