തൊടുപുഴ: ആദ്യം ജോലി നഷ്ടപ്പെട്ടു. ഇപ്പോൾ വീടും ജപ്തിയായി. ഭാര്യയും സ്കൂൾ വിദ്യാർഥികളായ രണ്ടു പെൺമക്കളുമായി സുരേഷ് പെരുവഴിയിൽ. കെ.എസ്.ആർ.ടി.സി. എംപാനൽഡ് കണ്ടക്ടർ പെരുമ്പിള്ളിച്ചിറ ആലയ്ക്കൽ വീട്ടിൽ എ.വി.സുരേഷിനാണ് ഈ ദുർഗതി. അഞ്ചുവർഷം മുമ്പാണ് വീട് പണിയാനായി സ്വകാര്യ ബാങ്കിന്റെ മൂവാറ്റുപുഴ ശാഖയിൽനിന്ന് മൂന്നുലക്ഷം രൂപ വായ്പയെടുക്കുന്നത്. വീട്ടിൽ ബാങ്ക് ഒട്ടിച്ചിട്ടുള്ള നോട്ടീസ് പ്രകാരം പലിശയുൾപ്പെടെ 5.28 ലക്ഷം അടയ്ക്കാനുണ്ട്. കുടിശ്ശിക വൻതുകയായപ്പോൾ ബാങ്ക് കേസുകൊടുത്തിരുന്നു. മേയ് 25-നാണ് ബാങ്ക് അധികൃതരെത്തി വീടുപൂട്ടി സീൽവെച്ചത്. ഇതോടെ കിടപ്പാടവും നഷ്ടമായി. ഏഴുവർഷം മുമ്പാണ് മുത്താരംകുന്നിന് സമീപം സുരേഷ് അഞ്ചുസെന്റ് സ്ഥലം വാങ്ങുന്നത്. അതിലൊരു വീടു പണിയാനായി പിന്നെ നെട്ടോട്ടമായിരുന്നു. പഞ്ചായത്തിൽനിന്ന് വീട് പണിയാൻ രണ്ടുലക്ഷം രൂപ ലഭിച്ചു. ഈ തുക നല്ലൊരു വീടു പണിയാൻ പര്യാപ്തമായിരുന്നില്ല. വായ്പയ്ക്കായി പലബാങ്കുകളും കയറിയിറങ്ങി. കെ.എസ്.ആർ.ടി.സി. എംപാനൽഡ് ജീവനക്കാരന് ആരും വായ്പ നൽകിയില്ല. ഒടുവിൽ സ്വകാര്യബാങ്കിൽനിന്ന് കിട്ടിയ വായ്പയും പഞ്ചായത്തിൽനിന്നുള്ള തുകയും പരിചയക്കാരുടെ സഹായവുമൊക്കെക്കൂട്ടി കൊച്ചുവീട് പണിതു. അന്ന് ഭാര്യ ഹൈമയ്ക്ക്് സാന്ത്വനപരിചരണ വിഭാഗത്തിന്റെ കീഴിൽ അടിമാലിയിൽ താത്ക്കാലിക ജോലിയുണ്ടായിരുന്നു. വീടു പണിത് കുറച്ചു നാളുകൾക്കുള്ളിൽ ജോലി നഷ്ടമായി. ഇതോടെ വായ്പ തിരിച്ചടവ് മുടങ്ങി. ഇതിനിടെയാണ് എംപാനൽഡ് ജീവനക്കാരെ പിരിച്ചുവിടുന്നത്. ഭാര്യ ഹൈമയുടെ അച്ഛനമ്മമാർ താമസിക്കുന്ന വാടകവീട്ടിലാണ് ഇപ്പോൾ കഴിയുന്നത്. ഭാര്യയുടെ അച്ഛൻ വൃക്കരോഗബാധിതനാണ്. അമ്മയും രോഗി. 'എത്രനാൾ ഇങ്ങനെ കഴിയുമെന്ന് അറിയില്ല. ലീവ് വേക്കൻസിക്ക് കെ.എസ്.ആർ.ടി.സി. ജോലിക്കു വിളിക്കുന്നത് മാത്രമാണ് ഏക ആശ്വാസം. താമസം, മക്കളുടെ പഠനം, ആകെ ഭ്രാന്തുപിടിക്കുകയാണ്.'- സുരേഷ് കണ്ണീരോടെ പറയുന്നു. സുരേഷിന്റെ അമ്മ കരൾ രോഗബാധിതയാണ്. ഇതുവരെ ഒരുലക്ഷത്തോളം രൂപ തിരിച്ചടച്ചിട്ടുണ്ട്. വർഷങ്ങളായി സുരേഷ് വായ്പ അടവു മുടക്കിയതിനാലാണ് ജപ്തി നടത്തിയതെന്ന് ബാങ്ക് അധികൃതർ പറയുന്നു. വായ്പ തിരിച്ചടച്ചാൽ ഇനിയായാലും വീട് തിരികെ നൽകുമെന്നും ബാങ്ക് അധികൃതർ അറിയിച്ചു. Content Highlights:Em-paneled Conductor bank attachment
from mathrubhumi.latestnews.rssfeed http://bit.ly/2wus8SK
via
IFTTT