കൊച്ചി: ക്രൈസ്തവ സംരക്ഷണത്തിനുള്ള ബി.ജെ.പി. കൂട്ടായ്മയ്ക്ക് മങ്ങിയ തുടക്കം. ന്യൂനപക്ഷത്തെ അടുപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ തുടക്കമിടാൻ ഉദ്ദേശിച്ച കൂട്ടായ്മയോട് പാർട്ടിക്കുള്ളിൽ തന്നെ തണുപ്പൻ പ്രതികരണം. ശ്രീലങ്കയിൽ പള്ളികളിൽ നടന്ന ഭീകര ആക്രമണത്തിൽ കൊല്ലപ്പെട്ടവരെ സ്മരിച്ചുകൊണ്ട്, പുതിയൊരു കൂട്ടായ്മ ആരംഭിക്കാനാണ് ബി.ജെ.പി. ന്യൂനപക്ഷ മോർച്ച ലക്ഷ്യമിട്ടിരുന്നത്. പള്ളികളുടെ സംരക്ഷണത്തിനായി പാർട്ടിയുടെ നേതൃത്വത്തിൽ കൂട്ടായ്മ ഉണ്ടാക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്. വിവിധ ക്രൈസ്തവ സഭകളുടെ സഹകരണം ഇതിന് പാർട്ടി പ്രതീക്ഷിച്ചിരുന്നു. പരിപാടിയുടെ തുടക്കമായിട്ടാണ് എറണാകുളം വഞ്ചി ചത്വരത്തിൽ 24 മണിക്കൂർ ഉപവാസത്തിന് പദ്ധതിയിട്ടത്. എന്നാൽ, ക്രൈസ്തവ സമുദായത്തിൽനിന്നും പാർട്ടിയിൽനിന്നും പങ്കാളിത്തം കുറവായിരുന്നു. പരിപാടി സമയത്തിന് തുടങ്ങാതെ നീണ്ടുപോകുന്നതു കണ്ട് ഉദ്ഘാടകനായ, പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീ ധരൻ പിള്ളയ്ക്ക് സംഘാടകരോട് മുഷിഞ്ഞ് സംസാരിക്കേണ്ടി വന്നു. ഒടുവിൽ മൈക്കുകെട്ടാൻ പോലും നിൽക്കാതെ പരിപാടി തുടങ്ങുകയായിരുന്നു. 'ഞങ്ങൾ ആർക്കും എതിരല്ല, ക്രിസ്ത്യാനികൾക്കും മുസ്ലിങ്ങൾക്കും ഇങ്ങോട്ടുവരാം. അവരെയെല്ലാം സ്വാംശീകരിച്ച് മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്നവരാണ് ഞങ്ങൾ' - കൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. ബി.ജെ.പി. കേരളത്തിൽ ക്രൈസ്തവ കൂട്ടായ്മ സംഘടിപ്പിക്കുന്നുവെന്നതിന് ദേശീയ തലത്തിൽതന്നെ വലിയ പ്രാധാന്യമാണ് ലഭിച്ചിട്ടുള്ളത്. ന്യൂനപക്ഷത്തെ വിശ്വാസത്തിലെടുത്തുകൊണ്ട് മുന്നോട്ടുപോകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. മോദി സർക്കാർ അധികാരത്തിൽ വരാതിരിക്കാൻ ഇടയലേഖനം ഇറക്കിയവരുണ്ട്. എന്നാൽ, അവരെ കുറ്റപ്പെടുത്തി മാറ്റി നിർത്താൻ ഞങ്ങൾ ഒരുക്കമല്ല. അവരെയും മാറ്റിയെടുക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസം ഞങ്ങൾക്കുണ്ട്-ശ്രീധരൻ പിള്ള പറഞ്ഞു. ബി.ജെ.പി. ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് നോബിൾ മാത്യു അധ്യക്ഷത വഹിച്ചു. ഡോ. കെ.എസ്. രാധാകൃഷ്ണൻ, കെ.വി. സാബു, എൻ.കെ. മോഹൻദാസ്, എൻ.പി. ശങ്കരൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. ഹൈക്കോടതിക്കടുത്തുള്ള ഉണ്ണിമിശിഹാ പള്ളിയിൽ ദിവ്യബലി നടത്തിയതിനു ശേഷമായിരുന്നു 24 മണിക്കൂർ ഉപവാസം ആരംഭിച്ചത്. content highlights:bjp, Kerala Christian forum
from mathrubhumi.latestnews.rssfeed http://bit.ly/2EHdKLb
via
IFTTT