Breaking

Thursday, May 30, 2019

എൻ.ഡി.എ. മന്ത്രിസഭ ഇന്ന് അധികാരമേൽക്കും

ന്യൂഡൽഹി:നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ എൻ.ഡി.എ. മന്ത്രിസഭ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാഷ്ട്രപതിഭവൻ അങ്കണത്തിലെ തുറന്നവേദിയിൽ വൈകീട്ട് ഏഴിനാണ് ചടങ്ങ്. പ്രധാനമന്ത്രിക്കും മറ്റുമന്ത്രിമാർക്കും രാഷ്ട്രപതി രാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. ഇന്ത്യയുടെ ഇരുപത്തിരണ്ടാമത് മന്ത്രിസഭയാണ് അധികാരമേൽക്കുന്നത്. ബിംസ്റ്റെക് രാഷ്ട്രത്തലവന്മാരടക്കമുള്ള വിദേശപ്രതിനിധികൾ ചടങ്ങിനെത്തും. യു.പി.എ. അധ്യക്ഷ സോണിയാഗാന്ധിയും തിരഞ്ഞെടുപ്പുപരാജയത്തെത്തുടർന്ന് പൊതുപരിപാടികളിൽനിന്ന് വിട്ടുനിൽക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയും ചടങ്ങിൽ പങ്കെടുക്കും. ഒട്ടേറെ മുഖ്യമന്ത്രിമാരും എത്തും. എന്നാൽ, നേരത്തേ ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വിട്ടുനിൽക്കും. സംസ്ഥാനത്ത് തൃണമൂൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സത്യപ്രതിജ്ഞയിൽ പങ്കെടുപ്പിക്കാനുള്ള ബി.ജെ.പി. നീക്കത്തിൽ പ്രതിഷേധിച്ചാണിത്. മന്ത്രിമാരുടെ പേരുകൾ വ്യാഴാഴ്ച രാവിലെ പ്രഖ്യാപിക്കുമെന്നാണ് സൂചന. കഴിഞ്ഞ മന്ത്രിസഭയിലെ മുതിർന്ന മന്ത്രിമാർക്കൊപ്പം പുതുമുഖങ്ങളും യുവാക്കളും ഇടംപിടിക്കും. മന്ത്രിസഭയിൽ ഉൾപ്പെടുത്തരുതെന്ന് അഭ്യർഥിച്ച അരുൺ ജെയ്റ്റ്ലിയെ പ്രധാനമന്ത്രി രാത്രിയിൽ വീട്ടിലെത്തി കണ്ടത് തുടരണമെന്ന് അഭ്യർഥിക്കാനാണെന്ന് അഭ്യൂഹമുണ്ട്. ബി.ജെ.പി. അധ്യക്ഷൻ അമിത് ഷാ മന്ത്രിസഭയിൽ ചേരുമോയെന്നതാണ് ഏറ്റവും ആകാംക്ഷയുള്ള വിഷയം. ആഭ്യന്തരവകുപ്പോടെ ഷാ മന്ത്രിസഭയിലെ രണ്ടാമനാകുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ, പാർട്ടിയധ്യക്ഷപദവിയിൽ തുടരാനുള്ള താത്പര്യം അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചതായാണ് സൂചന. മന്ത്രിമാരെ സംബന്ധിച്ച് രണ്ടുദിവസമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും തമ്മിൽ മാരത്തൺ ചർച്ച നടത്തിവരുകയാണ്. ആർ.എസ്.എസുമായും ചർച്ച നടത്തി. കഴിഞ്ഞ മന്ത്രിസഭയിലെ മുതിർന്ന മന്ത്രിമാരായ രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി, നിർമലാ സീതാരാമൻ, രവിശങ്കർപ്രസാദ്, പ്രകാശ് ജാവഡേക്കർ, സുരേഷ് പ്രഭു, പീയൂഷ് ഗോയൽ, ധർമേന്ദ്ര പ്രധാൻ, നരേന്ദ്രസിങ് തോമർ, ജുവൽ ഓറം, സ്മൃതി ഇറാനി തുടങ്ങിയവർ പുതിയ മന്ത്രിസഭയിലും തുടർന്നേക്കും. ജെയ്റ്റ്ലി തുടരുന്നില്ലെങ്കിൽ പീയൂഷ് ഗോയൽ ആവും ധനമന്ത്രി. ആരോഗ്യപ്രശ്നങ്ങൾമൂലം ലോക്സഭാ തിരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്ന സുഷമാ സ്വരാജ് മന്ത്രിസഭയിൽ ഉണ്ടാകുമോയെന്നും വ്യക്തമല്ല. വിദേശകാര്യമന്ത്രിയെന്ന നിലയിൽ മികച്ച പ്രവർത്തനം നടത്തിയ സുഷമ തുടരണമെന്ന് പ്രധാനമന്ത്രി തീരുമാനിച്ചാൽ രാജ്യസഭവഴി സുഷമയെ പാർലമെന്റിലെത്തിക്കും. പുതിയ ഇന്ത്യ എന്ന മുദ്രാവാക്യം മുന്നോട്ടുവെക്കുന്ന രണ്ടാംമോദിസർക്കാരിൽ പുതുമുഖ മന്ത്രിമാരുടെ വ്യക്തമായ സാന്നിധ്യമുണ്ടാകും. ഏറ്റവും കൂടുതൽ വനിതാ എം.പി.മാർ വിജയിച്ച പശ്ചാത്തലത്തിൽ കൂടുതൽ വനിതാമന്ത്രിമാർക്കും സാധ്യതയുണ്ട്. ബി.ജെ.പി.ക്ക് അപ്രതീക്ഷിത മുന്നേറ്റം നേടിക്കൊടുത്ത ബംഗാൾ, ഒഡിഷ സംസ്ഥാനങ്ങൾക്ക് മന്ത്രിസഭയിൽ കൂടുതൽ പ്രാതിനിധ്യമുണ്ടാകും. ഉടൻ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്ര, ഹരിയാണ, ഡൽഹി സംസ്ഥാനങ്ങൾക്കും മെച്ചപ്പെട്ട സാന്നിധ്യമുണ്ടാകും. കേരളവും പ്രതീക്ഷയോടെയാണ് രണ്ടാംമന്ത്രിസഭയിലേക്ക് ഉറ്റുനോക്കുന്നത്. ബി.ജെ.പി.ക്ക് കേവലഭൂരിപക്ഷത്തിലേറെ സീറ്റുകൾ ലഭിച്ചെങ്കിലും എൻ.ഡി.എ. ഘടകകക്ഷികൾക്കും മന്ത്രിസഭയിൽ പ്രതീക്ഷയുണ്ട്. ബുധനാഴ്ച വൈകീട്ട് ജെ.ഡി.യു. നേതാവ് നിതീഷ് കുമാർ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തമിഴ്നാട്ടിനുള്ള പ്രാതിനിധ്യം എ.ഐ.എ.ഡി.എം.കെ.യ്ക്ക് മന്ത്രിസ്ഥാനം നൽകി പരിഹരിക്കുമെന്നാണ് സൂചന. ലോക്സഭയിലേക്ക് ജയിച്ച ഏക എം.പി., ഉപമുഖ്യമന്ത്രി ഒ. പനീർശെൽവത്തിന്റെ മകൻ രവീന്ദ്രകുമാറാണ്. തേനിയിൽനിന്ന് ജയിച്ച രവീന്ദ്രകുമാറിന് മന്ത്രിസ്ഥാനം നൽകണമെന്ന ആവശ്യം ചർച്ചകളിൽ ഉയർന്നിട്ടുണ്ട്. എന്നാൽ, രാജ്യസഭയിലെ മുതിർന്നനേതാവ് വൈദ്യലിംഗത്തിന്റെ പേരും സജീവമാണ്. രാജ്യസഭയിൽ എ.ഐ.എ.ഡി.എം.കെ.യ്ക്ക് 13 അംഗങ്ങളുണ്ട്. സത്യപ്രതിജ്ഞയ്ക്കുശേഷം രാത്രിവൈകി മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിക്കും.


from mathrubhumi.latestnews.rssfeed http://bit.ly/2QufTyu
via IFTTT