Breaking

Thursday, May 30, 2019

രാജിതീരുമാനത്തിൽ മാറ്റമില്ല; രാഹുൽ മൗനം തുടരുന്നു

ന്യൂഡൽഹി: അധ്യക്ഷപദവി രാജിവെക്കാനുള്ള രാഹുൽഗാന്ധിയുടെ തീരുമാനവുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽനിന്നു കരകയറാനാവാതെ കോൺഗ്രസ്. മനംമാറ്റാൻ കൂടിക്കാഴ്ചയ്ക്കു ശ്രമിച്ച നേതാക്കൾക്ക് ബുധനാഴ്ച രാഹുൽ അനുവാദം നൽകിയില്ല. ആശയവിനിമയം പ്രിയങ്കാഗാന്ധി വഴിയാക്കി നേതാക്കളോട് മൗനത്തിലാണ് കോൺഗ്രസ് അധ്യക്ഷൻ. കഴിയുന്നതുംവേഗം നെഹ്രു കുടുംബത്തിനു പുറത്തുനിന്നൊരാളെ അധ്യക്ഷനായി കണ്ടെത്തണമെന്നാണ് നിർദേശം. ബുധനാഴ്ച പ്രിയങ്കയെ മാത്രമാണ് രാഹുൽ കണ്ടത്. നെഹ്രു കുടുംബവുമായി അടുപ്പമുള്ള ഡൽഹി മുൻമുഖ്യമന്ത്രി ഷീലാ ദീക്ഷിതും രാഹുലിനെ കാണാനുള്ള അനുമതി നിഷേധിക്കപ്പെട്ടവരിൽ ഉൾപ്പെടും. പ്രവർത്തകർക്കൊപ്പം ബുധനാഴ്ച വൈകീട്ട് തുഗ്ലക്ക് ലൈനിലെ രാഹുലിന്റെ വീട്ടിലെത്തിയ ഷീലാ ദീക്ഷിത് നിരാശയായി മടങ്ങി. രാജിവെക്കരുതെന്ന സന്ദേശം രാഹുലിനു കൈമാറിയതായും അദ്ദേഹം തുടരണമെന്നാണാഗ്രഹമെന്നും ദീക്ഷിത് മാധ്യമപ്രവർത്തകരോടു പറഞ്ഞു. ജഗദീഷ് ടൈറ്റ്ലറെ കാണാനും രാഹുൽ കൂട്ടാക്കിയില്ല. രാജി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിലെ കോൺഗ്രസ് നേതാവ് വിജയ് ജതന്റെ നേതൃത്വത്തിൽ നാലുപേർ രാഹുലിന്റെ വീടിനുമുന്നിൽ കുത്തിയിരുന്നെങ്കിലും പോലീസിടപെട്ട് നീക്കി. രാഹുലിന്റെ തീരുമാനം ആത്മഹത്യപരമാണെന്ന നിലപാടിലാണ് ഘടകക്ഷി നേതാക്കളെല്ലാം. ഇക്കാര്യം ഇവർ ഫോൺമുഖേനയും മറ്റും രാഹുലിനെ അറിയിച്ചു. തീരുമാനത്തിൽനിന്നു പിന്തിരിയണമെന്നാവശ്യപ്പെടാൻ കർണാടക മുഖ്യമന്ത്രി കുമാരസ്വാമി വ്യാഴാഴ്ച രാഹുലിനെ കാണും. വെള്ളിയാഴ്ച പ്രതിപക്ഷ പാർട്ടികളുടെ യോഗവും ശനിയാഴ്ച കോൺഗ്രസ് എം.പി.മാരുടെ പാർലമെന്ററി പാർട്ടി യോഗവും തീരുമാനിച്ചിട്ടുണ്ടെന്ന് ഹൈക്കമാൻഡ് വൃത്തങ്ങൾ പറഞ്ഞു. ഇതിൽ രാഹുൽ പങ്കെടുക്കും. വ്യാഴാഴ്ച പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുലും സോണിയയും പങ്കെടുക്കും. വെള്ളിയാഴ്ചത്തെ യോഗത്തിൽ ദേശീയതലത്തിൽ കോൺഗ്രസിനൊപ്പം നിൽക്കുന്ന 21 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളും തീരുമാനം പുനഃപരിശോധിക്കാൻ രാഹുലിനോടാവശ്യപ്പെടുമെന്നാണ് സൂചന. ചല ബദൽ നിർദേശങ്ങളും ഉയർന്നിട്ടുണ്ട്. രാഹുലിനൊപ്പം മുഴുവൻ പ്രവർത്തകസമിതി അംഗങ്ങളും രാജിവെക്കുക, കോൺഗ്രസ് പ്ലീനറി സമ്മേളനത്തിലൂടെ പുതിയ പ്രസിഡന്റിനെയും പ്രവർത്തകസമിതി അംഗങ്ങളെയും തിരഞ്ഞെടുക്കുക തുടങ്ങിയവ ഇതിൽപ്പെടും. വർക്കിങ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മേഖലാതല വർക്കിങ് പ്രസിഡന്റ് തുടങ്ങിയ നിർദേശങ്ങൾ നേരത്തേ ഉയർന്നിരുന്നു. രാജസ്ഥാൻ കോൺഗ്രസ് കമ്മിറ്റി ബുധനാഴ്ച ജയ്പുരിൽ യോഗം ചേർന്ന് രാഹുലിന്റെ രാജി സ്വീകരിക്കരുതെന്ന് പ്രമേയം പാസാക്കി. മുഖ്യമന്ത്രി അശോക് ഗഹ്ലോത്, ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് തുടങ്ങിയവർ പങ്കെടുത്തു. അതിനിടെ, ഒഡിഷയിൽ മുഖ്യമന്ത്രിയായി അധികാരമേറ്റ നവീൻ പടിനായിക്കിനെ ട്വിറ്ററിലൂടെ രാഹുൽ അഭിനന്ദിച്ചു. content highlights:rahul gandhi, congress president


from mathrubhumi.latestnews.rssfeed http://bit.ly/2wu1nxy
via IFTTT