Breaking

Thursday, May 30, 2019

അണക്കെട്ടുകൾ തുറക്കാൻ മുൻകൂർ അനുമതിതേടണം

തിരുവനന്തപുരം: പ്രളയത്തെത്തുടർന്ന് അണക്കെട്ടുകൾ തുറന്നുവിടേണ്ട സാഹചര്യം ഉണ്ടായാൽ 36 മണിക്കൂർ മുമ്പ് കളക്ടറുടെ അനുമതി തേടണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. വെള്ളം ഒഴുകുന്ന പാതയിലെ ഗ്രാമപ്പഞ്ചായത്ത്, മുനിസിപ്പാലിറ്റി, നഗരസഭ എന്നിവയിലെ സെക്രട്ടറിമാരെയും അധ്യക്ഷന്മാരെയും ഇക്കാര്യം 24 മണിക്കൂർമുമ്പ് അറിയിക്കണമെന്നും ദുരന്ത പ്രതികരണ മാർഗരേഖയുടെ കരട് നിർദേശിക്കുന്നു. തുറന്നുവിടുന്ന വെള്ളം കരകവിഞ്ഞൊഴുകാൻ സാധ്യതയുണ്ടെങ്കിൽ 15 മണിക്കൂർ മുമ്പെങ്കിലും അക്കാര്യം മൈക്കിലൂടെ ജനങ്ങളെ അറിയിക്കണം. വൈകീട്ട് ആറിനും രാവിലെ ആറിനുമിടയിൽ ഒരുകാരണവശാലും അണക്കെട്ട് തുറന്നുവിടാൻ പാടില്ല. വേലിയേറ്റ സമയത്തെ സമുദ്രസ്ഥിതി കൂടി പരിശോധിച്ച് വേണം വെള്ളം തുറന്നുവിടാൻ. അണക്കെട്ടുകളിലെ ഇപ്പോഴത്തെ ജലനിരപ്പ്, ഏത് അളവിലെത്തിയാൽ തുറന്നുവിടും തുടങ്ങിയ വിവരങ്ങൾ വെള്ളം ഒഴുകാൻ സാധ്യതയുള്ള ജില്ലകളിലെ ദുരന്തനിവാരണ അതോറിറ്റിയെ ജൂൺ 10-നകം അറിയിക്കണമെന്ന് വൈദ്യുതി, ജലസേചന വകുപ്പുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. കാലവർഷം മുന്നിൽക്കണ്ട് ഓരോ വകുപ്പുകളും സ്വീകരിക്കേണ്ട മുൻകരുതലുകളും കരട് രേഖയിലുണ്ട്. അണക്കെട്ട് തുറക്കാൻ അനുമതിനൽകുംമുമ്പ് ഓരോ പ്രദേശത്തും എത്രത്തോളം വെള്ളം ഉയരുമെന്നതുസംബന്ധിച്ച വിവരം ശേഖരിച്ചിക്കണം. മലയോര ജില്ലകളിലിലെ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകൾ ജില്ലാ അധികൃതരെ അറിയിക്കാൻ ഉദ്യോഗസ്ഥരെ നിയോഗിക്കണം. ജനങ്ങളെ ഒഴിപ്പിക്കേണ്ടിവന്നാൽ പുറമ്പോക്ക്, കോളനി, പുഴയുടെയോ നീർച്ചാലുകളുടെയോ ഓരം, മലയുടെ ചരിവുകൾ, ഒറ്റപ്പെട്ട സ്ഥലങ്ങൾ, വയൽക്കര എന്നിവിടങ്ങളിൽ താമസിക്കുന്നവർക്കായിരിക്കും മുൻഗണന. ഇതിനായി മുൻഗണനാ ഭൂപടം തയ്യാറാക്കാനും അതനുസരിച്ച് രക്ഷാപ്രവർത്തനം നടത്താനും നിർദേശിച്ചു. കഴിഞ്ഞവർഷം ഓരോ ജില്ലയിലും ഹെലികോപ്റ്റർ ഇറങ്ങാൻ ഉപയോഗിച്ച സ്ഥലങ്ങളുടെ വിവരം ഈ മാസം തന്നെ അധികൃതർക്ക് കൈമാറണം. ദേശീയ ദുരന്ത പ്രതികരണസേനയെ വിന്യസിക്കേണ്ടി വന്നാൽ അവരുടെ ഭക്ഷണം, താമസം എന്നിവ വഹിക്കേണ്ട ഉത്തരവാദിത്വം അതത് ജില്ലകൾക്കായിരിക്കും. സ്കൂളുകൾക്കും ആശുപത്രികൾക്കും ഫിറ്റ്നസ് നിർബന്ധം മഴക്കാലത്തിന് മുന്നോടിയായി സ്കൂൾ, ആശുപത്രിക്കെട്ടിടങ്ങളുടെ ഉറപ്പു പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം. ഫിറ്റ്നസ് ഇല്ലാതെ ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നവർക്കെതിരേ നിയമനടപടി എടുക്കും. ആശുപത്രികളുടെ സുരക്ഷാസംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് അഗ്നിരക്ഷാസേന ഉറപ്പാക്കണം. അഗ്നിരക്ഷാസേനയുടെ എൻ.ഒ.സി. ഇല്ലാത്ത കെട്ടിടങ്ങളിൽ ആശുപത്രി നടത്താൻ അനുവദിക്കില്ല. Content Highlights:Dam Management, Dam Open procedure


from mathrubhumi.latestnews.rssfeed http://bit.ly/2QufSdU
via IFTTT