Breaking

Thursday, May 30, 2019

പ്രതിരോധ കുത്തിവെയ്പ്പ് ; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവയ്പുകള്‍ നിർബന്ധമായും എടുക്കണമെന്നും ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്നും ആരോഗ്യവകുപ്പ്. തിരുവനന്തപുരം ജില്ലയിൽ പ്രതിരോധ കുത്തിവയ്പുകൾ പൂർണമായി എടുക്കാത്ത 25 കുട്ടികളും ഭാഗികമായി മാത്രം എടുത്ത 325 കുട്ടികളും ഉണ്ടെന്നു ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. പി. പി. പ്രീത അറിയിച്ചു. 
കുത്തിവയ്പ് എടുക്കാത്തവർക്കു രോഗസാധ്യതയുണ്ട്. തിരുവനന്തപുരം ജില്ലയിൽ ഈ വർഷം രണ്ടു പേർക്കു ഡിഫ്തീരിയയും 216 പേർക്ക് അഞ്ചാം പനിയും 11 പേർക്ക് വില്ലൻ ചുമയും 51 പേർക്ക് മുണ്ടിനീരും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡിഫ്തീരിയ ബാധിച്ച് എസ്എടി ആശുപത്രിയിലുള്ള കുട്ടി സുഖം പ്രാപിച്ചുവരുന്നു. ഈ കുട്ടി പ്രതിരോധ കുത്തിവയ്പുകൾ ഭാഗികമായി മാത്രമേ എടുത്തിട്ടുള്ളു. 
  
യഥാസമയം കുത്തിവയ്പ് എടുക്കാത്തവർക്കു ഡിഫ്തീരിയ , അഞ്ചാം പനി, വില്ലൻ ചുമ, മുണ്ടിനീര് തുടങ്ങിയവയ്ക്കു കാരണമാകുമെന്നും ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. ഏതെങ്കിലും കാരണത്താൽ പ്രതിരോധ കുത്തിവയ്പുകൾ  യഥാസമയം എടുക്കാത്ത കുട്ടികൾക്ക് എത്രയും പെട്ടെന്നു കുത്തിവയ്പ് നൽകാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും ആശുപത്രികളിലും പ്രതിരോധ കുത്തിവയ്പുകൾ സൗജന്യമായി ലഭിക്കും. പ്രതിരോധ കുത്തിവയ്പുകൾ രേഖപ്പെടുത്തിയ കാർഡ് സൂക്ഷിച്ചു വയ്ക്കണമെന്നും ഡി.എം.ഒ അറിയിച്ചു



from Anweshanam | The Latest News From Health http://bit.ly/2K9EK9O
via IFTTT