Breaking

Thursday, May 30, 2019

നേതാക്കന്മാര്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് കോണ്‍ഗ്രസ്

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ ഉണ്ടായ വൻ പരാജയത്തെ തുടർന്ന് കോൺഗ്രസിൽ ഉണ്ടായ ആഭ്യന്തര പ്രതിസന്ധികൾ പുതിയ തലങ്ങളിലേക്ക്. കോൺഗ്രസ് നേതാക്കന്മാരും വക്താക്കളും ചാനലുകളിൽ ചർച്ചകൾക്ക് പങ്കെടുക്കുന്നതിന് എ.ഐ.സി.സി മാധ്യമ വിഭാഗം വിലക്കേർപ്പെടുത്തി. ഒരു മാസക്കാലത്തേക്കാണ് വിലക്ക്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രാജി പ്രഖ്യാപനത്തിൽ ഉറച്ചുനിൽക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിസന്ധിയെ കുറിച്ച് കോൺഗ്രസ് നേതാക്കൾ ചാനൽ ചർച്ചകളിൽ പരസ്പര വിരുദ്ധമായ നിലപാട് എടുക്കുന്നതിനാലാണ് ഈ നീക്കമെന്നാണ് വിവരം. കോൺഗ്രസ് മാധ്യമ വിഭാഗം തലവനായ രൺദീപ് സുർജേവാലയാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയിരിക്കുന്നത്. ഒരു മാസത്തേക്ക് കോൺഗ്രസ് വക്താക്കളെ ചാനൽ ചർച്ചകളിൽ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചതായി സുർജേവാല ട്വീറ്റ് ചെയ്തു. കോൺഗ്രസ് പ്രതിനിധികളെ ചർച്ചകളിൽ ഉൾകൊള്ളിക്കരുതെന്ന് മാധ്യമങ്ങളോടും സുർജേവാല അഭ്യർത്ഥിച്ചു. കോൺഗ്രസ് പ്രതിസന്ധിയുടെ ആഴം എത്രത്തോളമുണ്ടെന്ന് തെളിയിക്കുന്നതാണ് കോൺഗ്രസിന്റെ ഈ അസാധാരണ നടപടി. നേരത്തെ തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണത്തിന് നിൽക്കരുതെന്ന് നേതാക്കന്മാർക്ക് കോൺഗ്രസ് നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ രാജി നൽകിയതും രാജിയിൽ ഉറച്ചു നിൽക്കുകയും ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ചില വക്താക്കൾ വളരെ പരസ്പര വിരുദ്ധമായി പ്രതികരിച്ചതാണ് മാധ്യമ വിലക്കിലേക്ക് കാര്യങ്ങൾ നീങ്ങിയത്. രാഹുൽ ഗാന്ധിയെ രാജിയിൽ നിന്ന് പിന്തിരിപ്പിക്കാനായി ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും രാഹുൽ നിലപാടിൽ ഉറച്ചുനിൽക്കുന്നതായാണ് വിവരം. ലോക്സഭ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവിയാണ് രാഹുലിനെ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് നയിച്ചത്. ശക്തമായ പ്രചാരണം നടത്തിയിട്ടും 2014 ൽ നിന്ന് എട്ട് സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് അധികം നേടാൻ കഴിഞ്ഞത്. 18 ഓളം സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും കോൺഗ്രസിന് ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല. ഗാന്ധി കുടുംബത്തിന്റെ കോട്ടയായിരുന്ന അമേഠിയിൽ രാഹുൽ ഗാന്ധി ബി.ജെ.പി നേതാവ് സമൃതി ഇറാനിയോട് വലിയ പരാജയമേറ്റുവാങ്ങുകയും ചെയ്തു. content highlights:Congress to stay away from TV debates for a month


from mathrubhumi.latestnews.rssfeed http://bit.ly/2YV5HCg
via IFTTT