Breaking

Thursday, May 30, 2019

രാഷ്ട്രപതിഭവൻ മുറ്റത്ത് നാലാംവട്ടം ചരിത്രമുഹൂർത്തം

ന്യൂഡൽഹി: ചരിത്രമുറങ്ങുന്ന രാഷ്ട്രപതിഭവന്റെ മനോഹരമായ അങ്കണത്തിൽ നാലാംവട്ടമാണ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാചടങ്ങ്. രാഷ്ട്രപതിഭവനിലെ അശോകാ ഹാളിൽ സത്യപ്രതിജ്ഞ നടത്തുന്ന പതിവുതെറ്റിച്ച് നാലുവട്ടം സത്യപ്രതിജ്ഞാചടങ്ങ് 'പുറത്തിറങ്ങി'. വ്യാഴാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാചടങ്ങിനായി രാഷ്ട്രപതിഭവനും പരിസരവും ഒരുങ്ങിക്കഴിഞ്ഞു. ജവാഹർലാൽ നെഹ്രു മന്ത്രിസഭ, ചന്ദ്രശേഖർ മന്ത്രിസഭ, നരേന്ദ്രമോദിയുടെ ആദ്യമന്ത്രിസഭ എന്നിവയാണ് ഇതിനുമുമ്പ് രാഷ്ട്രപതിഭവൻ അങ്കണത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രപതിഭവന്റെ മുറ്റത്ത് ആറായിരത്തോളംപേർക്ക് ഇരിപ്പിടവും സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ബിംസ്റ്റെക് രാജ്യങ്ങളുടെ തലവൻമാരാണ് ഇക്കുറി സത്യപ്രതിജ്ഞാചടങ്ങിലെ അതിഥികൾ. ഇവർക്കൊപ്പം കിർഗിസ്താൻ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ്, മൗറീഷ്യസ് പ്രധാനമന്ത്രി എന്നിവരും അതിഥികളായുണ്ടാകും. എൻ.ഡി.എ. ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കൂടാതെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ആന്ധ്രാ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു തുടങ്ങിയവർ പങ്കെടുക്കും. ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് പങ്കെടുക്കില്ല. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി പ്രധാനമന്ത്രി രാജ്ഘട്ട്, വാജ്പേയിയുടെ അന്ത്യവിശ്രമസ്ഥലമായ രാഷ്ട്രീയ സ്മൃതിസ്ഥൽ, ഇന്ത്യാ ഗേറ്റിലെ യുദ്ധസ്മാരകം എന്നിവിടങ്ങൾ സന്ദർശിച്ച് പുഷ്പാർച്ചന നടത്തും.


from mathrubhumi.latestnews.rssfeed http://bit.ly/2wqKvaT
via IFTTT