Breaking

Friday, May 31, 2019

അഴിമതി ആരോപണം; മൂന്ന് റോഡുകളുടെ നിര്‍മ്മാണം മന്ത്രി ജി സുധാകരന്‍ നിര്‍ത്തിവെപ്പിച്ചു

തിരുവനന്തപുരം: അഴിമതി ആരോപണത്തെ തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് റോഡുകളുടെ നിര്‍മ്മാണം പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ നിര്‍ത്തിവെപ്പിച്ചു. റോഡുകളെക്കുറിച്ച് ജനങ്ങള്‍ക്ക് പരാതി അറിയിക്കുന്നതിന് ആരംഭിച്ച പരാതി പരിഹാര സെല്‍ വഴി ലഭിച്ച ആരോപണം പരിശോധിച്ചാണ് നടപടി. 

കൊട്ടാരക്കര സബ് ഡിവിഷന്‍ റോഡ്‌സിന് കീഴിലുള്ള പാങ്ങോട് കടയ്ക്കല്‍ ചിങ്ങേലി ചടയമംഗലം റോഡിന്റേയും, എന്‍.എച്ച് സബ് ഡിവിഷന്‍ പുനലൂരിന് കീഴിലുള്ള ചെങ്ങമനാട് അഞ്ചല്‍ റോഡിന്റേയും, ശാസ്താംകോട്ട കൊട്ടാരക്കര നീലേശ്വരം കോടതി സമുച്ഛയം റോഡിന്റെയും പണികളാണ് നിര്‍ത്തി വെപ്പിച്ചിരിക്കുന്നത്. ആരോപണം ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പണി നിര്‍ത്തിവെപ്പിച്ചത്.

ചീഫ് എഞ്ചിനീയര്‍മാര്‍ അടങ്ങുന്ന സംഘം നേരിട്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചശേഷം കോണ്‍ട്രാക്ടര്‍മാര്‍ക്കെതിരെയും, മേല്‍നോട്ടം വഹിച്ച എഞ്ചിനീയര്‍മാര്‍ക്കെതിരെയും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. കോണ്‍ട്രാക്ടര്‍മാരുടെ ഭാഗത്ത് ഗുരുതരമായ കൃത്യവിലോപമോ കരാര്‍ ലംഘനമോ ഉണ്ടായിട്ടുണ്ടെങ്കില്‍ കോണ്‍ട്രാക്ട് ലൈസന്‍സ് റദ്ദ് ചെയ്യുന്ന നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളെക്കുറിച്ച് ജനങ്ങള്‍ക്ക് പരാതി അറിയിക്കുന്നതിന് മൂന്ന് വര്‍ഷം മുന്‍പാണ് പരാതി പരിഹാര സെല്‍ ആരംഭിച്ചത്. അതില്‍ എല്ലാ മാസവും ഒരു ദിവസം പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ തന്നെ നേരിട്ട് പരാതി കേള്‍ക്കുകയും ഉടന്‍ തന്നെ പരിഹാരം കാണുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. 



from Anweshanam | The Latest News From India http://bit.ly/2Xma7lq
via IFTTT