Breaking

Thursday, May 30, 2019

രാജ്യത്തിന് വേണ്ടി മുപ്പത് വർഷക്കാലം സേവനമനുഷ്ഠിച്ച സൈനികൻ അനധികൃത കുടിയേറ്റക്കാരനെന്ന് ആരോപിച്ച് തടവിൽ 

ഗുവാഹത്തി: രാജ്യത്തിന് വേണ്ടി മുപ്പത് വർഷക്കാലം സേവനമനുഷ്ഠിക്കുകയും കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കുകയും  ചെയ്‌ത സൈനികനെ അനധികൃത കുടിയേറ്റക്കാരനാണെന്ന കാരണത്താൽ അറസ്റ്റ് ചെയ്തു. മുഹമ്മദ് സനോല്ല എന്ന റിട്ടയേർഡ് ഓണററി ലഫ്റ്റനന്റിനെയാണ് ആസാം ബോർഡർ പൊലീസ് ഓർഗനൈസേഷൻ അറസ്റ്റ് ചെയ്തത്. 

ഫോറിനേർസ് ട്രൈബ്യൂണൽ വിദേശിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് മുഹമ്മദ് സനോല്ലയെ അറസ്റ്റ് ചെയ്തത്. ആസാമിൽ ഇദ്ദേഹത്തെ പോലെ ആറോളം മുൻ സൈനികർക്ക് ഫോറിനേർസ് ട്രൈബ്യൂണൽ നോട്ടീസ് നൽകിയതായാണ് വിവരം.

1987 ൽ 20ാം വയസിലാണ് ഇദ്ദേഹം സൈന്യത്തിൽ ചേർന്നത്. 2017 ൽ വിരമിച്ച ശേഷം ആസാം ബോർഡർ പൊലീസിൽ അംഗമായി.  സൈന്യത്തിൽ നിന്ന് വിരമിച്ച ഇദ്ദേഹം ബോർഡർ പൊലീസിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായി ജോലി ചെയ്ത് വരികയായിരുന്നു. 

തന്നെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം ഗുവാഹത്തി  ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി കോടതിയുടെ പരിഗണനയിലാണ്. ട്രൈബ്യൂണലിൽ അഞ്ച് തവണ വാദപ്രതിവാദത്തിന് സനോല്ല ഹാജരായിരുന്നു.

രാജ്യത്ത് താമസിക്കുന്ന എല്ലാ അനധികൃത കുടിയേറ്റക്കാരെയും പൗരത്വ പട്ടികയിൽ നിന്ന് പുറത്താക്കി പുതുക്കിയ പട്ടിക ജൂലൈയ്ക്ക് മുൻപ് സമർപ്പിക്കണം എന്നാണ് സുപ്രീം കോടതി വിധി. ആസാമിൽ മാത്രം 1,25,333 പേരുടെ പൗരത്വത്തിൽ സംശയമുണ്ടെന്ന് മന്ത്രി ചന്ദ്ര മോഹൻ പതോവരി നിയമസഭയെ അറിയിച്ചിരുന്നു.



from Anweshanam | The Latest News From India http://bit.ly/2Xf7Ism
via IFTTT